Wednesday, 21 November 2007

യാത്ര.........

അച്ഛന്‍ പറഞ്ഞു, ഇതാണു നിന്റെ വഴി,
മടുപ്പിക്കുന്ന കാഴ്ചകളാണെങ്കിലും
വളരെ കുറച്ച്‌ ദൂരം മാത്രം,
നിനക്കവിടെ നടന്നെത്താം.....

നിമിഷങ്ങള്‍ക്കുള്ളില്‍ പറന്നെത്താവുന്ന
മറ്റേ വഴിയായിരുന്നു അമ്മയ്ക്കതിലുമിഷ്ടം
നല്ലതാവട്ടെ ചീത്തയാവട്ടെ,
ഈ കാഴ്ചകളൊന്നും കാണാന്‍
നിനക്ക്‌ സമയം നഷ്ടമാക്കേണ്ടി വരില്ല.....

അങ്ങേപ്പുറത്ത്‌ നിന്ന് സഹോദരങ്ങളുടെ
സ്നേഹം നിറഞ്ഞ ഉപദേശം
സുഹൃത്തുക്കളുടെ താക്കീത്‌
ആരെയെങ്കിലും പറഞ്ഞയച്ച്‌
ഈ യാത്ര ഒഴിവാക്കരുതോ?
അവിടേയ്ക്കൊരു യാത്ര നിനക്കസാധ്യം.....

ഒടുവില്‍ ഗുരു സന്നിധിയിലെത്തി
അദ്ദേഹം പറഞ്ഞതിങ്ങനെ
ആ നീണ്ട വഴിയാണുചിതം
പക്ഷേ മനോഹരമായ ആ പാതയോരത്തെ
കാഴ്ചകള്‍ കാണാന്‍ നില്‍ക്കരുത്‌.....

പൊതുവേ അഹങ്കാരിയായ
അന്തരാത്മാവ്‌ കല്‍പ്പിച്ചു,
മടുപ്പിക്കുന്ന കഴ്ചകള്‍ മാത്രമുള്ള
നീണ്ടു കിടക്കുന്ന ആ പാതയിലൂടെ പോകൂ.....

യാത്ര തുടങ്ങി..........

എന്തൊരാവേശമായിരുന്നൂ ആദ്യമാദ്യം!
പക്ഷേ, സ്വയം പഴിച്ചു കൊണ്ട്‌
തപ്പിത്തടഞ്ഞ്‌ അലയാനായിരുന്നു വിധി
എങ്കിലും തോല്‍ക്കില്ലെന്ന വാശിയില്‍
വഴിയുടെ അവസാനം വരെയെത്തുക തന്നെ ചെയ്തു,
പക്ഷേ...........

അവിടെ ശൂന്യമായിരുന്നു,
ഞാനന്വേഷിച്ചു പോയതവിടില്ലായിരുന്നു,
ആ തിരിച്ചറിവില്‍ ഭ്രാന്തമായ മനസുമായി
തിരികെ നടക്കാന്‍ ശ്രമിക്കുമ്പോള്‍
ആ വഴി പോലും കാണാനില്ല,
തുടങ്ങിയേടത്തെപ്പോഴെങ്കിലും
തിരിച്ചെത്താമെന്ന വ്യാമോഹവുമായി
ഞാനിന്നും മടക്കയാത്ര തുടരുന്നു.........
എനിക്കജ്ഞാതമായ ഏതോ വീഥിയിലൂടെ.

6 comments:

ആ‍പ്പിള്‍ said...

തുടങ്ങിയേടത്തെപ്പോഴെങ്കിലും
തിരിച്ചെത്താമെന്ന വ്യഥാ മോഹവുമായി
ഞാനിന്നും മടക്കയാത്ര തുടരുന്നു.........
എനിക്കജ്ഞാതമായ ഏതോ വീഥിയിലൂടെ.

ദിലീപ് വിശ്വനാഥ് said...

ആശയം കൊള്ളാം. പക്ഷെ വരികള്‍ക്ക് ശക്തി പോരാ.
വൃഥാ മോഹം എന്നുള്ളതിനു പകരം വ്യാമോഹം എന്നാക്കിക്കൂടെ?

വല്യമ്മായി said...

പക്ഷെ ഒരു തിരിച്ചെത്തല്‍ സാധ്യമാണോ?

Sanal Kumar Sasidharan said...
This comment has been removed by the author.
Sanal Kumar Sasidharan said...

അവിടെ എത്തിച്ചേര്‍ന്നു എന്നത് അതിശയോക്തി ആണെന്നു തോന്നുന്നില്ലേ.ഒന്നുകൂടി നോക്കൂ ആ വഴി,കഴ്ച്കകളുടെ ആ നീ ണ്ട വഴി ഇപ്പോഴും നീളുന്നില്ലേ മുന്നോട്ട് ?

ആ‍പ്പിള്‍ said...

വാല്‍മീകീ, അഭിപ്രായമറിയിച്ചതിന് നന്ദി, വ്യാമോഹം എന്ന് മാറ്റിയിട്ടുമുണ്ട്.

വല്യമ്മായീ, സാധ്യമല്ലെന്ന തിരിച്ചറിവില്‍ തന്നെയാണ് എങ്ങുമെത്താത്ത ഈ മടക്കയാത്ര.
വായനക്ക് നന്ദി.

റിഫാ, ഒരു പക്ഷേ അവിടെ എത്തിച്ചേര്‍ന്നു എന്നത് ഒരു തോന്നല്‍ മാത്രമാവാം, എങ്കിലും ആ വഴിയേ മുമ്പോട്ടൊരു യാത്ര ഇനി സാധ്യമാവാന്‍ തരമില്ല, ചിറകൊടിഞ്ഞ പൂമ്പാറ്റയ്ക്ക് എങ്ങിനെ പറക്കാനാകും?