Wednesday, 15 August 2007

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ല

മോളേ ശ്യാമാ, നീ ഇന്ന് പോണില്ലേ? കോളജില്‍ സ്വാതന്ത്ര്യദിനാ‍ഘോഷമൊക്കെയില്ലേ?

ഞാന്‍ പോണില്ലമ്മേ, കോളജില്‍ ആഘോഷോക്കെയുണ്ട്, പക്ഷേ എന്ത് സ്വാതന്ത്ര്യം?, ഇല്ലാത്ത സ്വാതന്ത്ര്യം ആഘോഷിക്കാന്‍ ഞാനില്ല.

എന്താ മോളേ നീ പറേണേ? നമ്മുടെ പൂര്‍വികര്‍ ചോര ചിന്തി നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ വില മറക്കരുത് കുട്ടീ. ചരിത്രം പഠിക്കണ നിനക്കതൊന്നും ഞാന്‍ പറഞ്ഞു തരേണ്ടാല്ലോ?

അമ്മേ, ഒരുപാടു മഹാന്മാര്‍ കഷ്ടപ്പെട്ട് വിദേശീയരില്‍ നിന്ന് സ്വാതന്ത്ര്യം നെടിത്തന്നു എന്നത് ശരി തന്നെ. സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥോന്താ‍? വീട്ടിലായാലും ഹോസ്റ്റലിലായാലും വൈകീട്ട് ആറര കഴിഞ്ഞാല്‍ ഞങ്ങള്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പാടില്ല, അങ്ങനെ ചെയ്യുന്നത് സുരക്ഷിതോല്ല, അരുതാത്തതൊക്കെ സംഭവിക്കും. ദൂരസ്ഥലത്ത് ഒരു ഇന്റര്‍വ്യൂന് പോണോങ്കില്‍ ഞാന്‍ അച്ഛനേയോ അനിയനേയോ കൂട്ടണം. ഇനീപ്പോ അച്ഛനും അനിയനും അസൌകര്യോള്ള ദിവസാണെങ്കില്‍ ഞാന്‍ ഇന്റര്‍വ്യൂന് അപ്പിയര്‍ ചെയ്യണ്ടാന്നുവച്ചോണം. സുഹൃത്തുക്കളായ ഏതെങ്കിലും പയ്യന്മാരെ കൂട്ടി പോകാന്നു വച്ചാല്‍ അപ്പൊ അമ്മക്കും അച്ഛനും വിശ്വാസക്കുറവ്, ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാന്‍ പാടില്ലത്രേ. ആ സ്ഥാനത്തൊരു ആണ്‍ കുട്ടിയാണെങ്കില്‍ ഒരു പ്രശ്നോല്ല, ഒറ്റക്ക് പോകാം. അമ്മ എന്തൊക്കെ പറഞ്ഞാലും ഇവിടെ എനിക്കൊരു സ്വാതന്ത്ര്യവും അനുഭവപ്പെടണില്ല. വിദേശികളില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ഭാരത ജനത ഒറ്റക്കെട്ടായി നിന്നു. ഇന്നിപ്പൊ ഇതിനൊക്കെയെതിരെ പ്രതികരിക്കാന്നു വച്ചാല്‍ പെണ്ണിന്റെ അഹങ്കാരം എന്നു പറഞ്ഞ് പുച്ഛിക്കാനേ ആളുണ്ടാവൂ.

മോളേ, നീ പറേണതൊക്കെ നിന്റെ പ്രായത്തിന്റെ കുഴപ്പാ, കുറേക്കൂടി പക്വത വരുമ്പൊ നിനക്കതു മനസ്സിലാവും. ഇത് പറഞ്ഞ് മോളുടെ മുറിയില്‍ നിന്ന് അവര്‍ തിരിച്ച് വരുമ്പോള്‍ മുമ്പില്‍ മകന്‍.

ഞനിന്ന് സ്കൂളില്‍ പോണില്ലാമ്മേ, രണ്ട് മണിക്കൂറുണ്ടാവും അസംബ്ലി, കഴിഞ്ഞ കൊല്ലം അസംബ്ലി സമയത്ത് ലൈന്‍ തെറ്റിച്ചൂന്ന് പറഞ്ഞ് ആ മാഷെന്നെ എത്രയാ ചീത്ത പറഞ്ഞേ? ഞങ്ങളെപ്പിടിച്ച് ക്യൂവില്‍ നിര്‍ത്തിയാ അവരു സ്വാതന്ത്ര്യം ഘോഷിക്കണേ, ഒരു ദിവസോങ്കിലും ഞങ്ങള്‍ക്കിത്തിരി സ്വാതന്ത്ര്യം തരോ, അതില്ല. സ്കൂളില്‍ യൂണിഫോം മാത്രേ പാടുള്ളൂ, ഭക്ഷണം സ്പൂണ്‍ കൊണ്ടേ കഴിക്കാവൂ, വായ കഴുകാന്‍ കാല്‍ കപ്പ് വെള്ളത്തില്‍ കൂടുതല്‍ എടുക്കരുത്, ഇംഗ്ലീഷില്‍ മാത്രേ സംസാരിക്കാവൂ, ഇതൊക്കെ ഞങ്ങളെ അടിച്ചേല്‍പ്പിച്ചിട്ട് സ്വാതന്ത്ര്യം പോലും, ഞാന്‍ പോണില്ല.

ഈ കുട്ട്യോളോടൊക്കെ എന്താ ഞാന്‍ പറയ്യ? ജന്മനാടിന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കന്‍ പോയിട്ട് ഒന്നു സന്തോഷിക്കാന്‍ പോലും ഇവര്‍ക്കാവണില്ലല്ലോ? എന്തൊക്കെ മാറ്റങ്ങള്‍? ങാ... ഒരു തരത്തില്‍ അവരു പറേണതിലും കാര്യോണ്ട്, അവര്‍ക്ക് ചുറ്റിലും വിലക്കുകള്‍ മാത്രം, അരുതെന്ന് മാത്രം പറേണ നിയമങ്ങള്‍. മാതാപിതാക്കളും അധ്യാപകരും സമൂഹവും പള്ളിയും അമ്പലവും തീര്‍ക്കണ പലേ വകുപ്പില്‍ പെട്ട അരുതായ്മകള്‍.

ശ്രീമതി റെഡിയായില്ലേ? ഓഫീസില്‍ പതാക ഉയര്‍ത്തലിന് പൊണംന്ന് പറഞ്ഞാര്‍ന്നല്ലോ ഇന്നലെ?
ഭര്‍ത്താവിന്റെ ചോദ്യം തല്‍ക്കാലത്തേക്ക് ചിന്തകളില്‍ നിന്നവരെ സ്വതന്ത്രയാക്കി.
അല്ലാ, മാഷും റെഡിയായ്ട്ടില്ലല്ലോ? എന്തേ? പാര്‍ട്ടിക്കാരു പതാക ഉയര്‍ത്താറായിക്കാണൂല്ലോ?

ഇവിടൊരു സ്വാതന്ത്ര്യോല്ല ശ്രീമതീ, സ്വതന്ത്രായി ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ നേതാക്കളു സമ്മതിക്കേല, അവരു പറേമ്പോലെ നമ്മളു ചെയ്യ, അത്രന്നെ. തെറ്റാണെന്നറിഞ്ഞാ പോലും അവരു പറേണതാണ് ശരീന്ന് മനസാക്ഷിയെ വിശ്വസിപ്പിക്കണം. ഉള്ളോനു പിന്നേം നേടാനും ഇല്ലാത്തോനെ വീണ്ടും ഇല്ലാത്തോനാക്കാനും ശ്രമിക്കണ രാഷ്ടീയം ഭരിക്കണ നാടിനൊരിക്കലും സ്വാതന്ത്ര്യോണ്ടാവില്ല. മാധ്യമങ്ങള്‍ക്ക് ഘോഷിക്കാന്‍ നാട് മുഴുവന്‍ പതാക ഉയര്‍ത്തിയോണ്ട് ഈ അസ്വാതന്ത്ര്യങ്ങളില്‍ നിന്നൊന്നും നമ്മള്‍ക്ക് മോചനോണ്ടാ‍വില്ല. ഞാനിന്നെവിടേം പോണീല്ല.

അപ്പൊ പിന്നെ ഓഫീസില്‍ പതാക ഉയര്‍ത്തണ കണ്ടിട്ടെന്താ കാര്യം? കോളജില്‍ പഠിക്കണ കാലത്ത് സ്വാതന്ത്ര്യ ദിനത്തില്‍ പ്രിസിപ്പാള്‍ പതാക ഉയര്‍ത്തുമ്പൊ

സ്വാതന്ത്ര്യത്തിന്‍ ത്രിവര്‍ണ്ണ പതാക
വാനിലുയര്‍ന്ന് പറക്കുമ്പോള്‍
ആമോദത്താല്‍ ഞങ്ങള്‍ വിളിക്കും
ഭാരതഭൂവിന്നഭിവാദ്യങ്ങള്‍

എന്ന് ആര്‍പ്പു വിളിച്ചിരുന്നതവരോര്‍ത്തു.
കൈക്കൂലി വാങ്ങി എത് പൊട്ടനേയും ഏതുന്നത സ്ഥനത്തുമെത്തിക്കണ ആ നേതാവ് പതാക ഉയര്‍ത്തണത് കാണാന്‍ ഞാനെന്തിനാ പോണേ?

അവരാരും എങ്ങും പോയില്ല, സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യങ്ങളില്‍ പെട്ട് അവരിരുന്നു, ബന്ദികളെപ്പോലെ.

9 comments:

ആ‍പ്പിള്‍ said...

അവരാരും എങ്ങും പോയില്ല, സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യങ്ങളില്‍ പെട്ട് അവരിരുന്നു, ബന്ദികളെപ്പോലെ.

സാജന്‍| SAJAN said...

വേറിട്ട ചിന്തകള്‍, നന്നായി:)

ഗുപ്തന്‍ said...

ആപ്പിളേ... മാറിനിന്ന് ചിന്തിക്കുന്നത് എപ്പോഴും നല്ലതാണ്. പക്ഷേ ചിലകാര്യങ്ങള്‍ ഇങ്ങനെ പറയുമ്പോള്‍ ശരിയായ context-നു പുറത്താവും. ഉദാഹരണത്തിന് കുട്ടികള്‍ക്ക് സ്വാതന്ത്ര്യമെന്നാല്‍ അസംബ്ലിക്ക് വരിതെറ്റിച്ചു നില്കാനോ വെറുതെ കൂട്ടം കൂടി നില്കാനോ ഉള്ള അവകാശമല്ല. പറയാനുദ്ദേശിച്ച പോയിന്റ് എനിക്ക് മനസ്സ്സിലായി. കുത്തിനിറച്ച പരിപാടികളിലൂടെ സ്വാതന്ത്രദിനാഘോഷം അര്‍ത്ഥം നഷ്ടപ്പെട്ട് പോകാറുണ്ട് സ്കൂളുകളില്‍. ഓണാഘോഷത്തിനു പോലും പുതുമകള്‍ തേടുന്നുണ്ട് നാം കുറേ നാളായി. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന് എന്നും ഒരേ രീതിയും ഒരേ താളവുമാണ്. എല്ലാ ആഗസ്റ്റ് പതിനഞ്ചിനും മാര്‍ച്ച് ചെയ്യാന്‍ വിധിക്കപ്പെട്ട എലൈറ്റ് ഗാര്‍ഡിന്റെ ബൂട്ടിന്റ്റെ താളം. മാറിച്ചിന്തിക്കാന്‍ കാലമായിരിക്കുന്നു.

Mr. K# said...

ഇതു കൊള്ളാലോ, മടി പിടിച്ച് വീട്ടിലിരിക്കാന്‍ ഓരോ കാരണങ്ങളേ.

മടി പിടിച്ച് വീട്ടിലിരിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടല്ലോ. :-)

ശ്രീ said...

ശരി തന്നെ...
എങ്കിലും, ഇന്നു സ്വാതന്ത്ര്യം ഉള്ളതു കൊണ്ടല്ലേ ഇതു പോര എന്നു നമുക്ക് (എനിക്കു തോന്നുന്നില്ലാട്ടോ) തോന്നുന്നത്.വേറെ എന്താണ്‍ എല്ലാവരും പ്രതീക്ഷിക്കുന്നത്? എന്തു കിട്ടിയാലാണ്‍ എല്ലാവര്‍‌ക്കും തൃപ്തിയാകുന്നത്?

Areekkodan | അരീക്കോടന്‍ said...

ചിന്തകള്‍, നന്നായി

Sanal Kumar Sasidharan said...

സത്യത്തില്‍ താങ്കളുടെ ചിന്തയുടെ വ്യത്യസ്തതയെക്കാള്‍ ചിന്തകള്‍ അവതരിപ്പിക്കുന്നതിന് താങ്കള്‍ കണ്ടെത്തുന്ന രീതിയാണ് എന്നെ ആകര്‍ഷിക്കുന്നത്.വ്യക്തമായ ഒരു ശൈലി രൂപപ്പെട്ടുവരുന്നതും അതില്‍ താങ്കളുടെ വ്യക്തിത്വം വരച്ചുവയ്ക്കുന്നതും സന്തോഷിപ്പിക്കുന്നു.
സ്വാതന്ത്ര്യത്തെക്കുറിച്ച് എനിക്കും ഭിന്നാഭിപ്രായമാണുള്ളത് എന്താണ് സ്വാത്ന്ത്ര്യം എന്നു ചോദിച്ചാല്‍ ഒരുപക്ഷേ നമ്മുടെ കുട്ടികള്‍ ആഗസ്റ്റ് 15 എന്നും പാറുന്ന പതാകയെന്നുമൊക്കെ ചിന്തിച്ചാല്‍ അല്‍ഭുതമില്ല.

സുല്‍ |Sul said...

ആപ്പിള്‍ കുട്ടാ
നല്ല എഴുത്ത്. വ്യക്തവും വ്യത്യസ്തവുമായ ചിന്ത.
നന്നായിരിക്കുന്നു.
-സുല്‍

ആ‍പ്പിള്‍ said...

സാജന്‍, അരീക്കോടന്‍, സുല്‍, അഭിപ്രായമറിയിച്ചതിന് നന്ദി.

മനൂ, ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം എന്ന contextനു പുറത്തു തന്നെയാണ് ഈ ചിന്തകള്‍. മനു പറഞ്ഞ പോലെ ‘സ്വാതന്ത്ര്യ ദിനം‘ എന്നത് മാര്‍ച്ച് പാസ്റ്റ് നടത്താനുള്ള ഒരു ദിവസമായി മാറുന്നില്ലേ?

കുതിരവട്ടന്‍, മടി പിടിച്ച് വീട്ടിലിരിക്കാനാണെങ്കില്‍ ഒരു തലവേദനയേയോ പനിയേയോ കൂട്ടുപിടിച്ചാല്‍ പോരേ? എന്തിനിത്ര വലിയ പ്രസംഗം നടത്തണം?

ശ്രീ, ശരി തന്നെ, അതുകൊണ്ടാണ് സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യങ്ങളില്‍ പെട്ട് അവരിരുന്നു എന്നെഴുതി ഇതവസാനിപ്പിച്ചത്.

സനാതനന്‍, പലയവസരങ്ങളില്‍ കേട്ട ചില സംഭാഷണ ശകലങ്ങളെ സ്വാതന്ത്ര്യ ദിനത്തില്‍ ഒരു കുടുംബാന്തരീക്ഷത്തില്‍ അവതരിപ്പിക്കന്‍ ശ്രമിച്ചു എന്നേയുള്ളൂ.

വായിച്ചതിനും അഭിപ്രായമറിയിച്ചതിനും എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.