Monday, 6 August 2007

നക്ഷത്രങ്ങള്‍ പറഞ്ഞത്‌

എത്ര തിരക്കുണ്ടെങ്കിലും വെള്ളിയാഴ്ചകളില്‍ കടല്‍ക്കരയിലെ പള്ളി സന്ദര്‍ശനം അവന്‍ മുടക്കാറില്ല. പ്രസിദ്ധമായ ആ പള്ളിയില്‍ വെള്ളിയാഴ്ചകളില്‍ തിരക്കേറും, ജീവിത സാഗരത്തില്‍ അലറിയടിക്കുന്ന തിരകള്‍ക്ക്‌ ശമനം തേടി എത്തുന്ന ആയിരങ്ങള്‍ തിരുരൂപത്തിനു മുന്നില്‍ നിറമിഴികളോടെ നിന്ന് പ്രാര്‍ത്ഥിച്ച്‌ മടങ്ങും. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരത്ത്‌ അവിടെയെത്താറുള്ള അവന്‌ കര്‍ത്താവിനോട്‌ പറയാന്‍ പ്രത്യേകിച്ചൊന്നുമുണ്ടാവാറില്ല.

വീട്ടില്‍ അപ്പനും അമ്മയും അനിയത്തിയും. മുഴുക്കുടിയനായ അപ്പന്‍, കിട്ടുന്ന കാശിനു മുഴുവന്‍ കുടിച്ച്‌ വീട്ടിലെത്തി അമ്മയെ ഉപദ്രവിക്കുക എന്നതിലപ്പുറം അയാളുടെ ദിനചര്യയില്‍ മറ്റൊന്നുമില്ല. പതിനഞ്ച്‌ വയസായപ്പോള്‍ മുതല്‍ പല പണികളും ചെയ്ത്‌ അമ്മയുടേയും അനിയത്തിയുടേയും വിശപ്പും കണ്ണീരുമകറ്റാന്‍ ശ്രമിക്കുകയാണവന്‍. ഇരുളിന്റെ കാണാക്കയങ്ങളില്‍ മുങ്ങിത്തളരുമ്പോഴും അവന്‌ സന്തോഷിക്കാന്‍ ഒന്നു മാത്രം. തനിക്ക്‌ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തന്റെ അദ്ധ്വാനഫലമായി പഠിച്ച്‌ വളരുന്ന അനിയത്തി. അവന്റെ ജീവിതത്തിന്റെ അര്‍ത്ഥവും സ്വപ്നവും പ്രതീക്ഷയുമൊക്കെ അവള്‍ മാത്രം.അവളെ പഠിപ്പിച്ച്‌ നല്ല നിലയിലാക്കി കൊള്ളാവുന്ന ഒരാളുടെ കയ്യിലേല്‍പ്പിക്കണം, അതിലപ്പുറം അവന്റെ മുന്നില്‍ മറ്റഭിലാഷങ്ങളൊന്നുമില്ല. ഏട്ടന്റെ സ്നേഹത്തേയും കരുതലിനേയും പറ്റി കൂട്ടുകാരികളോട്‌ വാതോരാതെ വര്‍ണ്ണിച്ചിരുന്ന അവള്‍ ഒരു ദിവസം ഹോസ്റ്റലില്‍ നിന്ന് ഒരുത്തന്റെ കൂടെ ഒളിച്ചോടി. ശൂന്യത മാത്രം അവശേഷിക്കുന്ന അവന്റെ മനസിന്‌ ഈശ്വരനോട്‌ പറയാന്‍ എന്താണുണ്ടാവുക?

എങ്കിലും അവന്‍ മുടങ്ങാതെ അവിടെയെത്തി, രൂപക്കൂടിനു മുന്നില്‍ എല്ലാവരേയും പോലെ കുറേ നേരം മുട്ടുകുത്തി നിന്നു, ഒന്നും പറയാതെ. പള്ളിയില്‍ നിന്നിറങ്ങിയാല്‍ ആ കടല്‍ക്കരയില്‍ അല്‍പ സമയം ഇരിക്കാറുണ്ടവന്‍, നീറിപ്പുകയുന്ന നെഞ്ചകം കടല്‍ക്കാറ്റേറ്റ്‌ തണുത്തെങ്കിലോ?

ഒരു ദിവസം, പള്ളിയില്‍ നിന്നറങ്ങിയപ്പോള്‍ സന്ധ്യ മയങ്ങിയിരുന്നു. ഇരുട്ടിനൊപ്പം നിലാവും പരക്കുന്നുണ്ട്‌. അവന്‍ കടല്‍ക്കരയിലെത്തി. തെളിഞ്ഞ ആകാശവും നോക്കി ആ മണല്‍മെത്തയില്‍ അവന്‍ കിടന്നു. നിറയെ നക്ഷത്രങ്ങള്‍, അവനെ നോക്കി പുഞ്ചിരിക്കുകയണവ. അവന്‍ ആലോചിച്ചു, ഈ നക്ഷത്രങ്ങള്‍ എങ്ങിനെയുണ്ടായി? അവന്റെ മനോഗതം മനസിലാക്കിയ നക്ഷത്രങ്ങള്‍ പറഞ്ഞു...

ഭൂഗോളം മുഴുവന്‍ കട്ടിയുള്ള ഒരു കമ്പിളിപുതപ്പു കൊണ്ട്‌ മൂടിയിരിക്കുകയാണ്‌. അതിന്‌ മുകളിലായി ദൈവം നില്‍ക്കുന്നു, അനന്തമായ ഒരു പ്രകാശ സ്രോതസ്സായി വെളിച്ചം പരത്തിക്കൊണ്ട്‌. പക്ഷേ ഭൂമിയിലാര്‍ക്കും ഈ പ്രകാശം കാണാന്‍ കഴിയില്ല, ആ കട്ടിപുതപ്പിലൂടെ പ്രകാശം കടന്നു പോകില്ല എന്നത്‌ തന്നെ കാരണം. മരിച്ചുപോയ മനുഷ്യരൊക്കെ ഭൂലോകം വിട്ട്‌ ഈ കമ്പിളിപുതപ്പിനടിയിലാണെത്തുക. നല്ല മനുഷ്യരെത്തുമ്പോള്‍ പുതപ്പില്‍ ചെറിയൊരു സുഷിരമുണ്ടാക്കി അതിലൂടെ ദൈവം അവരെ തന്നിലേക്ക്‌ വലിച്ചെടുക്കും, അവിടെയവശേഷിക്കുന്ന ചെറിയ സുഷിരത്തിലൂടെ പ്രകാശം ഭൂമിയിലേക്കൊഴുകും, അതാണ്‌ നീ കാണുന്ന ഈ നക്ഷത്രങ്ങള്‍.

ഇത്‌ കേട്ട്‌ അവനാലോചിച്ചു, എത്ര ആയിരം നക്ഷത്രങ്ങളാണ്‌ മുകളില്‍, ഭൂമിയില്‍ ഇത്രയധികം നല്ല മനുഷ്യരുണ്ടായിരുന്നോ? നല്ല മനുഷ്യന്‍ എന്നുവച്ചാല്‍ ആരാ? ഞാന്‍ മരിച്ചാല്‍ നക്ഷത്രമുണ്ടാകുമോ? അതോ ആ കട്ടിപുതപ്പിനടിയില്‍ കുടുങ്ങുമോ? ചിന്തകളില്‍ കുടുങ്ങി കിടന്ന അവനരികിലേക്ക്‌ ചിറകുകള്‍ വീശി രണ്ട്‌ കുഞ്ഞുമാലാഖമാരെത്തി...
താമസിയാതെ ആകാശത്ത്‌ പുതിയൊരു നക്ഷത്രം കൂടി ഉദയം ചെയ്തു.

ഭൂമിയില്‍ അനേകായിരം നല്ല മനുഷ്യര്‍. ആരോരുമറിയാത്ത, പത്രങ്ങളിലും ടെലിവിഷനിലും കാണാത്ത, തനിക്ക്‌ വേണ്ടി ജീവിക്കാന്‍ മറക്കുന്ന, ആരേയും വേദനിപ്പിക്കാത്ത, സ്വന്തം വേദനകള്‍ ആരേയും അറിയിക്കാത്ത അനേകംപേര്‍. വേദനയുടെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ അവരെ മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോകുന്നു, പുതിയ താരകങ്ങളുടെ പിറവിക്കായി!

13 comments:

ആ‍പ്പിള്‍ said...

ഭൂമിയില്‍ അനേകായിരം നല്ല മനുഷ്യര്‍. ആരോരുമറിയാത്ത, പത്രങ്ങളിലും ടെലിവിഷനിലും കാണാത്ത, തനിക്ക്‌ വേണ്ടി ജീവിക്കാന്‍ മറക്കുന്ന, ആരേയും വേദനിപ്പിക്കാത്ത, സ്വന്തം വേദനകള്‍ ആരേയും അറിയിക്കാത്ത അനേകംപേര്‍. വേദനയുടെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ അവരെ മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോകുന്നു, പുതിയ താരകങ്ങളുടെ പിറവിക്കായി!

Sanal Kumar Sasidharan said...

വേറിട്ട് ചിന്തിക്കുന്നവര്‍ക്ക് നക്ഷത്രങ്ങളാകാന്‍ പറ്റില്ല അല്ലേ.ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ അവര്‍ അറിയപ്പെടാനുള്ള സാധ്യതയുണ്ട്.
നല്ലമനുഷ്യര്‍ ആരും അവശേഷിക്കുന്നില്ല എന്നുള്ള മുറവിളികള്‍ക്ക് നല്ല മറുപടിയാണ് താങ്കളുടെ കഥ.നമുക്കു മാറ്റിപ്പറഞ്ഞാലോ നല്ലമനുഷ്യ്യരെ കണ്ടെത്താനുള്ള കണ്ണുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

ആ‍പ്പിള്‍ said...

സത്യമതല്ലേ സനാതനന്‍, നല്ല മനുഷ്യരെ നാം കാണുന്നില്ല, നല്ലവരെന്ന് സമൂഹം കൊട്ടിഘോഷിക്കുന്നവരില്‍ നല്ലതൊന്നും കാണാനുമില്ല.
വേറിട്ട് ചിന്തിക്കുന്നവര്‍ക്ക് നക്ഷത്രങ്ങളാകാന്‍ പറ്റില്ല എന്നൊരു ധ്വനി ഇതിലുണ്ടോ? എന്തായാലും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അവര്‍ അറിയപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ അവരില്‍ നിന്ന് നല്ലത് പ്രതീക്ഷിക്കാമോ?

Sanal Kumar Sasidharan said...

അതെ സത്യം തന്നെ മുന്‍പും തോന്നിയിട്ടുണ്ട് മേയ്മാസച്ചെടി പൂക്കുന്നതു കാണുമ്പോള്‍.ലില്ലികളും അങ്ങനെ തന്നെ.മണ്ണിനടിയില്‍ വര്‍ഷം മുഴുവന്‍ മറഞ്ഞു കിടന്നാണ് ഒന്നോ രണ്ടോ പൂക്കാനുള്ള ശക്തിയുണ്ടാകുന്നത്.അതുകഴിഞാല്‍ അവശേഷിക്കുന്നത് ഒരു ഭങ്ങിയുമില്ലാത്ത ഇലയും തണ്ടുമായിരിക്കും.
ചലച്ചിത്രസംവിധായകന്‍ ഭരതന്റെയും കെ.ജി.ജോര്‍ജ്ജിന്റേയും അവസാന ചിത്രങ്ങള്‍ കണ്ടപ്പോഴും തോന്നി.അറിയപ്പെടാതെ ജീവിച്ച കാലം നല്‍കിയ ഊര്‍ജ്ജത്തില്‍ നിന്നായിരിക്കും നല്ല രചനകള്‍ വന്നത്,അറിയപ്പെട്ടുകഴിഞ്ഞാല്‍ കരിമ്പു പിഴിഞ്ഞ പോലെയാണ്. :)

Areekkodan | അരീക്കോടന്‍ said...

ആപ്പിള്‍......നല്ല ഒരു ചിന്താ പോസ്റ്റ്‌

ആ‍പ്പിള്‍ said...

അരീക്കോടന്‍ മാഷേ, വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

അജയ്‌ ശ്രീശാന്ത്‌.. said...

ആരേയും വേദനിപ്പിക്കാത്ത, സ്വന്തം വേദനകള്‍ ആരേയും അറിയിക്കാത്ത അനേകംപേര്‍. വേദനയുടെ നെരിപ്പോടില്‍ വെന്തുരുകുമ്പോള്‍ അവരെ മാലാഖമാര്‍ കൂട്ടിക്കൊണ്ടുപോകുന്നു, പുതിയ താരകങ്ങളുടെ പിറവിക്കായി

നല്ല എഴുത്ത്‌ ആപ്പിള്‍കുട്ടന്‍
ഈറ്റ്‌ ഈച്ച്‌ ആപ്പിള്‍ എ ഡേ......എന്നതുപോലെ റീഡ്‌ ഈച്ച്‌ ആപ്പിള്‍സ്‌ സ്റ്റോറി എ ഡേ എന്നാക്കി മാറ്റേണ്ടി വരുമോ........
എന്തായാലും കൊള്ളാംട്ടോ..........

ആ‍പ്പിള്‍ said...

നന്ദി അമൃത, വായിച്ചതിനും അഭിപ്രായമറിയിച്ചതിനും. അപ്പൊ ഞാന്‍ ദിവസവും കഥ എഴുതണമെന്നാ പറേണേ?

ഉപാസന || Upasana said...

why did you wrote this....?

ആ‍പ്പിള്‍ said...

dear sunil, actually i didn't get you. what do u mean?
i can not create something purely out of imagination. there is one or other experience that lead me to write whatever i have written here so far. some of them are personal, some of them happened in my surrounding, some i learnt from friends. this story is also the result of an experience, only thing is that i have added some masala, salt and flavours to it (whatever be the taste of the mix).

ഗിരീഷ്‌ എ എസ്‌ said...

ആപ്പിള്‍കുട്ടാ
ആസ്വദിച്ച്‌ വായിച്ചു...
ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു

ആ‍പ്പിള്‍ said...

നന്ദി ദ്രൗപതി.

Sanal Kumar Sasidharan said...

puthiya salad onnum kanunnillallo :)