Monday, 30 June 2008

തീര്‍ത്ഥാടനങ്ങള്‍

പത്ത് മാസം നീണ്ട കൂട്ടിച്ചേര്‍ക്കലുകള്‍,
ഗുണനങ്ങള്‍, രാസമാറ്റങ്ങള്‍, അങ്ങിനെ പലതും
ഒടുവിലാ തീര്‍ത്ഥാടനത്തിനായ്, ബന്ധം മുറിച്ച്, ഭാണ്ഡവും പേറി,
ഏകനല്ലെങ്കിലും ഏകനായെത്തി ഞാന്‍.

സംവത്സരങ്ങളെ പിന്നിലാക്കി
വിശ്രമമില്ലാത്ത തീര്‍ത്ഥാടനം
പരമമാം സത്യം തേടി
ഉള്‍‍പ്പൂവിനുള്ളിലൂടെ ഒരു തീര്‍ത്ഥയാത്ര.

ബാല്യ കൌമാര യൌവ്വന വീഥികള്‍ താണ്ടുമ്പൊഴും
എവിടേക്കെന്നറിയാത്ത, എന്തിനെന്നറിയാത്ത തീര്‍ത്ഥാടനം,
എങ്കിലും എല്ലാം നേടുകയെന്ന ലക്ഷ്യവുമായി
ശാശ്വത സ്വര്‍ഗ്ഗം തേടി....

മനസെന്ന മാന്ത്രികനെ വരുതിയിലാക്കുവാന്‍
ആരാണ് ഞാനെന്ന ചോദ്യവുമായി
എന്താണ് പ്രകൃതിയെന്ന മറുചോദ്യവുമായി
സംവാദ കോലാഹലത്തിനിടയിലും തുടരുന്ന തീര്‍ത്ഥയാത്ര.

വാര്‍ദ്ധക്യം പിടിമുറുക്കുമ്പോഴും
തളരില്ലെന്ന വാശിയില്‍ അമരത്വം നേടിയ മാതിരി
ലോകത്തിന്റെ നെറുകയില്‍, അല്ല അതിനപ്പുറത്തൊരു ലോകമുണ്ടെങ്കില്‍
അവിടേയും എത്താനായ് തുടരുന്ന തീര്‍ത്ഥാടനം.

എന്ത് കൊണ്ട് ഞാനും നീയും? കടലും പാറയും? വര്‍ഷവും വേനലും?
ഇരുട്ടും വെളിച്ചവും? വെള്ളച്ചാട്ടവും അഗ്നിപര്‍വ്വതവും?
അനിയന്ത്രിതമായ മായാജാലങ്ങള്‍ അതിജീവിക്കാന്‍
പൊരുള്‍ തേടിയൊരു തീര്‍ത്ഥയാത്ര.

ഒടുവില്‍ പഞ്ചഭൂതങ്ങളായ് പുറപ്പെട്ടിടത്ത് തന്നെ അലിഞ്ഞ് ചേരുമ്പോള്‍
ആ രണ്ട് തീര്‍ത്ഥാടനങ്ങളും അവസാനിച്ചുവോ?
പുതിയ തീര്‍ത്ഥാടനങ്ങള്‍ക്ക് വഴി തുറക്കാന്‍
കൂട്ടലും ഗുണനവും തുടരു‍ന്നുവോ?


കാശിയും ജെറുസലേമും മെക്കയും
ഗയയുമൊക്കെ താണ്ടി ഞാന്‍.
പക്ഷേ,
എന്താണ് ശാശ്വത സ്വര്‍ഗ്ഗം?
എന്താണ് പരമമായ സത്യം?
വൃഥാവിലായൊരെന്‍ തീര്‍ത്ഥാടനങ്ങള്‍!

8 comments:

ആ‍പ്പിള്‍ said...

എന്താണ് ശാശ്വത സ്വര്‍ഗ്ഗം?
എന്താണ് പരമമായ സത്യം?
വൃഥാവിലായൊരെന്‍ തീര്‍ത്ഥാടനങ്ങള്‍!

Unknown said...

ചെയ്യുന്ന പ്രവര്‍ത്തികളും നല്ല ചിന്തകളുമാണെന്നാണ് എനിക്ക് തോന്നുന്നുത്

Vinitha Vasanth said...

"കാശിയും ജെറുസലേമും മെക്കയും
ഗയയുമൊക്കെ താണ്ടി ഞാന്‍.
പക്ഷേ,
എന്താണ് ശാശ്വത സ്വര്‍ഗ്ഗം?
എന്താണ് പരമമായ സത്യം? "

Excellent poem ... these are thoughts that have crossed my mind too.. you have expressed your inner feelings very well ,in words .

ആ‍പ്പിള്‍ said...

എങ്കിലും പ്രവൃത്തികളും ചിന്തകളും ആ ചോദ്യങ്ങള്‍ തന്നെ അവശേഷിപ്പിക്കുന്നില്ലേ അനൂപ്? ഈ വഴി വന്നതിനും അഭിപ്രായത്തിനും നന്ദി.

thanks vinitha.

Hari said...

Reminds me of that song from "അഹം":
"നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടൂ?..."

വളരെ അര്‍ത്ഥവത്തായ കവിത. ജീവിതത്തില്‍ ഇന്നേവരെ ഒരു വരി കവിത എഴുതിയിട്ടില്ലാത്ത എനിക്ക് കൂടുതല്‍ ’ക്മന്‍റാന്‍’ അവകാശമില്ല! എങ്കിലും മനസ്സില്‍ തോന്നിയ ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ...
"
എന്താണ് ശാശ്വത സ്വര്‍ഗ്ഗം?
എന്താണ് പരമമായ സത്യം?"

ഈ ചോദ്യം ഞാനും എന്നോടു തന്നെ ഈയിടെ ചോദിക്കാനിടയായി... ഉത്തരം ഒന്നും കിട്ടിയതുമില്ല, ഒരാഴ്ചത്തേയ്ക്ക് വളരെയധികം വിഷണ്ണനായതും മിച്ചം! അതോടെ ഒരു കാര്യം പഠിച്ചു. കൂടുതല്‍ കാടുകേറി ചിന്തിക്കരുത്! :-)

Nice blog, Ma'am!

ആ‍പ്പിള്‍ said...

thanks hari.
അപ്പോള്‍ കാടുകയറിയൊന്നും ചിന്തിക്കേണ്ട, മനസിലേക്ക് കടന്നു വരുന്ന ചെറിയ ചിന്തകളൊക്കെ അപ്പപ്പോള്‍ തന്നെ ‘ഒരാള്‍ മാത്രത്തില്‍‘ എഴുതിയിടുക, ഹരീടെ വിഷമോം തീരും, മറ്റുള്ളവര്‍ക്ക് വായിക്കേം ചെയ്യാം, ok.

ദാസ്‌ said...

ഏകം സത്‌ ബഹുനാവദന്തി - സത്യമായത്‌ ഒന്നുമാത്രം അതിനെ പലതായി വിവരിക്കുന്നു. ഫിലോസഫിയുടെ മാര്‍ഗ്ഗത്തിലെ ആദ്യ ചോദ്യമായാണ്‌ എനിക്കു തോന്നുന്നത്‌. ചോദ്യങ്ങള്‍ ഇനിയുമുയിര്‍ക്കട്ടെയുള്ളില്‍. ആശംസകള്‍.

ആ‍പ്പിള്‍ said...

ആശംസകള്‍ക്ക് നന്ദി ദാസ്.
ഫിലോസഫിയാണോന്നറിയില്ല, ഉള്ളിലുയര്‍ന്ന ചില ചിന്തകള്‍, അത്രേയുള്ളൂ.