Wednesday, 21 November 2007

യാത്ര.........

അച്ഛന്‍ പറഞ്ഞു, ഇതാണു നിന്റെ വഴി,
മടുപ്പിക്കുന്ന കാഴ്ചകളാണെങ്കിലും
വളരെ കുറച്ച്‌ ദൂരം മാത്രം,
നിനക്കവിടെ നടന്നെത്താം.....

നിമിഷങ്ങള്‍ക്കുള്ളില്‍ പറന്നെത്താവുന്ന
മറ്റേ വഴിയായിരുന്നു അമ്മയ്ക്കതിലുമിഷ്ടം
നല്ലതാവട്ടെ ചീത്തയാവട്ടെ,
ഈ കാഴ്ചകളൊന്നും കാണാന്‍
നിനക്ക്‌ സമയം നഷ്ടമാക്കേണ്ടി വരില്ല.....

അങ്ങേപ്പുറത്ത്‌ നിന്ന് സഹോദരങ്ങളുടെ
സ്നേഹം നിറഞ്ഞ ഉപദേശം
സുഹൃത്തുക്കളുടെ താക്കീത്‌
ആരെയെങ്കിലും പറഞ്ഞയച്ച്‌
ഈ യാത്ര ഒഴിവാക്കരുതോ?
അവിടേയ്ക്കൊരു യാത്ര നിനക്കസാധ്യം.....

ഒടുവില്‍ ഗുരു സന്നിധിയിലെത്തി
അദ്ദേഹം പറഞ്ഞതിങ്ങനെ
ആ നീണ്ട വഴിയാണുചിതം
പക്ഷേ മനോഹരമായ ആ പാതയോരത്തെ
കാഴ്ചകള്‍ കാണാന്‍ നില്‍ക്കരുത്‌.....

പൊതുവേ അഹങ്കാരിയായ
അന്തരാത്മാവ്‌ കല്‍പ്പിച്ചു,
മടുപ്പിക്കുന്ന കഴ്ചകള്‍ മാത്രമുള്ള
നീണ്ടു കിടക്കുന്ന ആ പാതയിലൂടെ പോകൂ.....

യാത്ര തുടങ്ങി..........

എന്തൊരാവേശമായിരുന്നൂ ആദ്യമാദ്യം!
പക്ഷേ, സ്വയം പഴിച്ചു കൊണ്ട്‌
തപ്പിത്തടഞ്ഞ്‌ അലയാനായിരുന്നു വിധി
എങ്കിലും തോല്‍ക്കില്ലെന്ന വാശിയില്‍
വഴിയുടെ അവസാനം വരെയെത്തുക തന്നെ ചെയ്തു,
പക്ഷേ...........

അവിടെ ശൂന്യമായിരുന്നു,
ഞാനന്വേഷിച്ചു പോയതവിടില്ലായിരുന്നു,
ആ തിരിച്ചറിവില്‍ ഭ്രാന്തമായ മനസുമായി
തിരികെ നടക്കാന്‍ ശ്രമിക്കുമ്പോള്‍
ആ വഴി പോലും കാണാനില്ല,
തുടങ്ങിയേടത്തെപ്പോഴെങ്കിലും
തിരിച്ചെത്താമെന്ന വ്യാമോഹവുമായി
ഞാനിന്നും മടക്കയാത്ര തുടരുന്നു.........
എനിക്കജ്ഞാതമായ ഏതോ വീഥിയിലൂടെ.