Monday, 9 July 2007

മായാത്ത മുറിപ്പാട് - ജീവിതത്തില്‍ നിന്ന് #1

(തലച്ചോറില്‍ ഭൂതകാലം ശേഖരിച്ച് വച്ചിരിക്കുന്നിടം മുഴുവന്‍ പല തവണ റെയ്ഡ് നടത്തിയിട്ടും ഈ സംഗതിയുടെ നേരിയൊരു തുമ്പ് പോലും എനിക്ക് കണ്ടെത്താനായിട്ടില്ല. പക്ഷേ അമ്മയും അമ്മച്ചിയും കുഞ്ഞമ്മമാരും ഇന്നും ഇതിന് നല്ല പുബ്ലിസിറ്റി കൊടുക്കുന്നുണ്ട്. തെളിവായി ആ മുറിപ്പാട് മാത്രം ഭൂതകാലത്തിലേക്ക് കൈ ചൂണ്ടി നില്‍ക്കുന്നു, ഞാനങ്ങിനെയൊന്നും ചെയ്തിട്ടില്ലെന്ന് വിളിച്ച് പറയാന്‍ എനിക്കൊരു വിലങ്ങുതടിയായി.)

ഇതിലെ കഥാപാത്രങ്ങള്‍: അമ്മ, അമ്മച്ചി (അമ്മമ്മ), ശുശിക്കുഞ്ഞ & വയന്തക്കുഞ്ഞ (അമ്മയുടെ അനിയത്തിമാര്‍, സുശീലയും വസന്തയും, സംസാരിക്കാന്‍ തുടങ്ങിയ കാലത്ത് ഞാനവരെ വിളിച്ച ഈ പേരുകള്‍ തന്നെ ഞാനിന്നും വിളിക്കുന്നു), അനിയത്തി, പിന്നെ ഞാനും.

അമ്മയുടെ തറവാടാണ് സംഭവസ്ഥലം. അന്നെനിക്ക് ഒന്നര വയസ് പ്രായം, അമ്മയുടേയും അമ്മച്ചിയുടെയും കുഞ്ഞമ്മമാരുടെയും ഇടയില്‍ ഞാനൊരു താരമായി വിലസുകയാണ്. അങ്ങനെയിരിക്കെ ദാ വരുന്നൂ എന്റെ അനിയത്തിക്കുട്ടി. അമ്മയുടെ വയറിനുള്ളില്‍ ഉറങ്ങിക്കിടക്കുകയാണെന്ന് കുഞ്ഞമ്മമാര്‍ പറഞ്ഞ് തന്നിരുന്ന എന്റെ കുഞ്ഞാവ ഉറക്കമുണര്‍ന്ന് പ്രകൃതിയിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണാനെത്തിയിരിക്കയാണ്, എനിക്കാകെ സന്തോഷമായത്രേ. അവള്‍ വന്ന വിവരം വഴിയേ പോയ സകലരേയും ഉത്സാഹപൂര്‍വം അറിയിച്ചത് ഞാനായിരുന്നു പോലും.

പക്ഷേ ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കുഞ്ഞു സാമ്രാജ്യത്തില്‍ അതിക്രമിച്ച് കടന്ന ഒരു ശത്രുവായി അവള്‍ മാറി. താഴത്തോ തലയിലോ വയ്ക്കാതെ എന്നെ താലോലിച്ചിരുന്ന കുഞ്ഞമ്മമാര്‍ പോലും അവളുടെ കൂടെയാണ് സദാനേരവും. എന്നോടൊപ്പം കളിക്കാനോ എനിക്ക് കഥ പറഞ്ഞ് തരാനോ അവര്‍ക്കൊരു താല്പര്യവുമില്ല. അവള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പരിഗണന എന്നെ അസൂയക്ക് കയ്യും കാലും വച്ചൊരാളാക്കിയത്രേ. അമ്മയുടെ മുലപ്പാല്‍ കുടിച്ചവള്‍ വളരുന്നത് എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു പോലും.

അവള്‍ പിച്ചവച്ച് നടക്കാന്‍ തുടങ്ങിയയിടക്ക് ഒരു ദിവസം. തറവാടിന്റെ മുറ്റത്ത് നിന്ന് നാലഞ്ച് സ്റ്റെപ്പ് കയറണം വരാന്തയിലെത്താന്‍. സാമാന്യം വീതിയുള്ള വരാന്തയില്‍ കുഞ്ഞമ്മമാരും അവളും ഞാനും. അമ്മ പതിവ് പോലെ കാച്ചിയ പാല്‍ കുപ്പിയിലാക്കി എന്റെ കയ്യില്‍ തന്നു. എന്നോടുള്ള അവഗണനയുടെ പ്രതിഷേധസൂചകമായി ആ പാല്‍ക്കുപ്പി ഞാന്‍ നിലത്ത് വലിച്ചെറിഞ്ഞു. കുപ്പി പൊട്ടി പാല്‍ അപ്പടി നിലത്തൊലിച്ചു. ദേഷ്യം വന്ന അമ്മ എനിക്കിട്ട് രണ്ട് പൊട്ടിച്ചു. ആ അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞമ്മമാരുടെ കണ്ണ് വെട്ടിച്ച് ഞാന്‍ അനിയത്തിയെ ഒന്നു തള്ളി. അവള്‍ വരാന്തയില്‍ നിന്നും മുറ്റത്തേക്ക് വീണു, നെറ്റി പൊട്ടി ചോരയൊലിച്ചു. നേരത്തെ പൊട്ടിച്ചതിന് ഫലമില്ലെന്ന് മനസിലാക്കിയ അമ്മ പിന്നൊരു മാലപ്പടക്കം തന്നെ പൊട്ടിച്ചൂന്നും പിന്നെ കുറെ ദിവസത്തേക്ക് അമ്മയെ കാണുന്നത് പോലും എനിക്ക് പേടിയായിരുന്നൂന്നും പാല്‍ക്കുപ്പി കാണേണ്ട താമസം ഓടിച്ചെന്ന് ഒരു തുള്ളീ പോലും കളയാതെ ഞാന്‍ അകത്താക്കീയിരുന്നൂന്നുമൊക്കെ അമ്മച്ചിയും കുഞ്ഞമ്മമാരും നാട്ടുകാരെ ഇന്നും ഉത്സാഹപൂര്‍വം അറിയിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിവരം വച്ച് തുടങ്ങിയപ്പോള്‍ അറിവില്ലാ പ്രായത്തില്‍ ഞാന്‍ ചെയ്തെന്ന് പറയപ്പെടുന്ന ഈ കുറ്റം എനിക്കൊരു വേദനയായി മാറി. ഓരോ തവണ ഈ കഥ കേള്‍ക്കുമ്പോഴും ഞാനങ്ങിനെ ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കണമെന്ന് തോന്നും, പക്ഷേ അവര്‍ക്ക് തെളിവിനായി അവളുടെ നെറ്റിയില്‍ ആ മുറിപ്പാട് ഇന്നും മായാതെ മങ്ങാതെ വിലസുന്നു. സകല ദൈവങ്ങളേയും വിളിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും നീ ചെയ്ത തെറ്റില്‍ നിന്ന് നിനക്ക് രക്ഷപ്പെടാനാവില്ലെന്ന് പറഞ്ഞ് അവരാരും അതിനെ മായ്ച്ച് കളയാന്‍ ഒരു ശ്രമം പോലും നടത്തിയില്ല. എന്റെയുള്ളില്‍ ആഴത്തിലുള്ള ഒരു മുറിവായി ഈ സംഭവം അവശേഷിക്കുന്നു, ഇന്നും ഈ കഥ കേള്‍ക്കുമ്പോള്‍ എന്നെ വേദനപ്പെടുത്തുന്ന ഒരു മുറിവായി.

10 comments:

ആ‍പ്പിള്‍ said...

ഓരോ തവണ ഈ കഥ കേള്‍ക്കുമ്പോഴും ഞാനങ്ങിനെ ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കണമെന്ന് തോന്നും, പക്ഷേ അവര്‍ക്ക് തെളിവിനായി അവളുടെ നെറ്റിയില്‍ ആ മുറിപ്പാട് ഇന്നും മായാതെ മങ്ങാതെ വിലസുന്നു.

ജാസൂട്ടി said...

കൊള്ളാം... കുറ്റം ചെയ്തതും പോര എന്നിട്ടു ഞാനങ്ങിനെ ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കണമെന്ന് തോന്നും പോലും..ഇതെവിടുത്തെ ന്യായം ആപ്പിള്‍കുട്ടാ...???
നന്നായിട്ടുണ്ട് ബാല്യകാല തല്ലിപ്പൊളി..:)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:
ആപ്പിള്‍ ചേട്ടോ ഇതൊക്കെ സ്വാഭാവികം മാത്രം. 12 വയസ്സുവരെ ചെയ്യുന്ന തെറ്റുകള്‍ക്ക് പാപമില്ലാന്ന് കേട്ടിട്ടില്ലേ?

Kaithamullu said...

തുടക്കം കൊള്ളാം, രക്തവും മുറിപ്പാടും.
-ശുഭാശംസകള്‍!

Areekkodan | അരീക്കോടന്‍ said...

നന്നായിട്ടുണ്ട് ആപ്പിള്‍കുട്ടാ.....

ആ‍പ്പിള്‍ said...

അഭിപ്രായമറിയിച്ച ജാസുവിനും (കുട്ടി!)ചാത്തനും കൈതമുള്ളിനും അരീക്കോടനും നന്ദി.
പ്രിയ കൈതമുള്ള് ചേട്ടോ, രക്തവും മുറിപ്പാടുമൊക്കെ തുടക്കത്തിന് നല്ലതാണെന്ന് പറഞ്ഞ് എന്നെ പറ്റിക്കുമെന്നറിയാരുന്നോണ്ട് ഞാന്‍ ഒരു മാസം മുന്‍പേ തുടങ്ങീട്ടോ, ആശംസകള്‍ക്ക് നന്ദി.

Kiranz..!! said...

നിഷ്ക്കളങ്കമായ എഴുത്ത് ആപ്പിളേ..എല്ലാവരും സാഹിത്യകുലോത്തമന്മാരാവുമ്പോള്‍ ഇങ്ങനെയുള്ളത് ചിലത് കാണുന്നതും ആശ്വാസം..!

ആ‍പ്പിള്‍ said...

നന്ദി Kiranz..!!

Sanal Kumar Sasidharan said...

മധുരമനോഹരം

Anonymous said...

അത്തരം പല ദ്രോഹങ്ങളും എന്റെ ചേച്ചി എന്നോടും ചെയ്തിട്ടുണ്ട്..പക്ഷെ അവള്‍ക്കിപ്പോലും അതില്‍ ഒരു തുള്ളി പോലും പശ്ചാത്താപം ഇല്ല!!