Saturday, 28 July 2007

മധുരമൂറുന്ന കൈക്കൂലി - ജീവിതത്തില്‍ നിന്ന് #2

ഞാന്‍ വീട്ടിലെ കടിഞ്ഞൂല്‍ പിറവി, എനിക്ക് ഒരു അനിയത്തിയും അനിയനും.

ഞാന്‍ നാലാം ക്ലാസ്സിലും, അനിയത്തി മൂന്നിലും, അനിയന്‍ ഒന്നിലും പഠിക്കുന്നു. അനിയന്‍സ് അക്ഷരമാല‍ പഠിക്കുന്നതേയുള്ളൂ, ഞാനും അനിയത്തിയും വലിയ വായനക്കാരാണേയ്, അക്ഷരങ്ങള്‍ കൂട്ടി വാക്കുകളും വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങളും എഴുതുകയും വായിക്കുകയും വായിച്ചതിന്റെ അര്‍ത്ഥം മനസിലാക്കുകയുമൊക്കെ ചെയ്യുന്ന ബുദ്ധിജീവികള്‍! ബാലഭൂമി, പൂമ്പാറ്റ, ബാലരമ ഇത്യാദികള്‍ മുടങ്ങാതെ വീട്ടിലെത്തുന്നുണ്ട് (ഷാനവാസ് ഇലിപ്പക്കുളം ദയവായി ക്ഷമിക്കുക, അന്ന് കളിക്കുടുക്ക ജനിച്ചിട്ടില്ല, അല്ലെങ്കില്‍ ഞങ്ങള്‍ സുനിതയോ കല്പനയോ മറ്റോ ആയേനെ!). ഇവയുടെ വരവും കാത്തിരിക്കും ഞാനും അനിയത്തിയും, ആദ്യം വായിക്കാന്‍ പലപ്പോഴും സ്റ്റണ്ട് തന്നെ നടത്തീട്ടുണ്ട് ഞങ്ങള്‍. ഏതായലും കയ്യില്‍ കിട്ടിയാല്‍ പിന്നെ മുഴുവനും വായിച്ചു തീരുന്നത് വരെ ഒരാളുടെ ശല്യം കുറയും വീട്ടുകാര്‍ക്ക്.

എത്ര കഥ കേട്ടാലും മതി വരാത്ത അനിയന്‍, അമ്മയുടെ കൈവശമുള്ള കഥകളുടെ സ്റ്റോക്കൊക്കെ എന്നേ കഴിഞിരിക്കുന്നു, ഒരിക്കല്‍ പറഞ്ഞ കഥ വീണ്ടും പറഞ്ഞാല്‍ അപ്പൊ പിടികിട്ടും പുള്ളിക്കാരന്, സന്ദര്‍ഭവും കഥാപാത്രങ്ങളുമൊക്കെ തരം പോലെ മാറ്റി ഒരു വിധം അഡ്ജസ്റ്റ് ചെയ്യുകയാണമ്മ. പാവം അനിയന്‍, അവനൊന്നും വായിച്ച് മനസിലാക്കാറായിട്ടില്ലല്ലോ, കഥാപുസ്തകങ്ങളിലെ ഓരോ പേജിലേയും ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരായിരം ചോദ്യങ്ങളുമായി ഞങ്ങളുടെ പിന്നാലെ നടക്കും, ഞങ്ങള്‍ക്കാണെങ്കില്‍ ഒടുക്കത്തെ അഹങ്കാരവും. അങ്ങിനെ എളുപ്പത്തില്‍ കാര്യം നടക്കില്ലെന്ന് മനസിലായി അനിയന്.

ഒരു ദിവസം അവന്‍ ഒരു മിഠായിയും ഒരു പുസ്തകവും കയ്യില്‍ പിടിച്ച് എന്റെയടുത്തെത്തി, സംഗതി ഇത്രേയുള്ളൂ, അവനൊരു കഥ വായിച്ച് പറഞ്ഞ് കൊടുത്താല്‍ മിഠായി ഫ്രീയായി എനിക്ക് തരും, ഞാന്‍ നോക്കിയപ്പോള്‍ വലിയ തരക്കേടില്ലാത്ത ബിസിനസ് തന്നെ, ഒരു കഥ വായിച്ചു കൊടുത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, മിഠായി കിട്ടുകേം ചെയ്യും. ഉപാധികളൊന്നുമില്ലാതെ കരാര്‍ അംഗീകരിക്കപ്പെട്ടു.

പിന്നീട് അതൊരു പതിവായി. അവന് കിട്ടുന്ന മിഠായി, ഉണ്ണിയപ്പം, തുടങ്ങിയവയൊക്കെ ആരും കാണാതെ സൂക്ഷിച്ച് വയ്ക്കും, കഥാപുസ്തകമെത്തിയാല്‍ ഞങ്ങള്‍ രണ്ട് പേരേയും കൂട്ടി ഒരു മുറിയില്‍ വട്ടമേശ സമ്മേളനം ആരംഭിക്കും, ഓരോ കഥ കഴിയുമ്പോഴും വായിച്ച് കൊടുത്തയാള്‍ക്ക് അവന്‍ സൂക്ഷിച്ച് വച്ചിരുന്ന മധുര പലഹാരം തരും. അമ്മ ഒരു ദിവസം കണ്ടു പിടിക്കുന്നത് വരെ കൈക്കൂലി വാങ്ങി ഞാനും അനിയത്തിയും നടത്തിയിരുന്ന ഈ കഥാപാരായണം തുടര്‍ന്നു. പൊതുവേ ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിച്ചിരുന്ന അവന് കൊടുത്തിരുന്ന പലഹാരങ്ങള്‍ പോലും ഞങ്ങളാണകത്താക്കിയിരുന്നത് എന്ന് മനസിലാക്കിയ അമ്മ എതായാലും ഈ കഥാപാരായണാസ്വാദന പ്രസ്ഥാനത്തെ നിര്‍ത്തലാക്കിയില്ല. കഥാപുസ്തകം എത്തുന്ന ദിവസം അമ്മ സ്പെഷ്യല്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വയ്ക്കും. ഞാനും അനിയത്തിയും കഥ വായിക്കും, ഓരോ കഥ കഴിയുമ്പോഴും ഞങ്ങള്‍ മൂന്ന് പേര്‍ക്കും പലഹാരവും കിട്ടും. അവന്‍ ഞങ്ങളെപ്പോലെ ‘ബുദ്ധിജീവി’ ആകുന്നത് വരെ ഈ പ്രസ്ഥാനം ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു, ഇന്നിപ്പോള്‍ വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ ഒന്നൊഴിയാതെ വായിക്കുന്ന, ഞങ്ങള്‍ക്ക് വായിക്കാന്‍ പബ്ലിക് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട് തരുന്ന, മിടുക്കനായി പഠിച്ച് എന്‍ജിനീയറായി രാജ്യസേവനം ചെയ്യുന്ന അവനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ കഥ കേള്‍ക്കാന്‍ കൊതിച്ച് നടന്നിരുന്ന ഒരു കൊച്ചനുജന്റെ ചിത്രം മനസിലും അവന്‍ തന്നിരുന്ന കുഞ്ഞു കൈക്കൂലിയുടെ മധുരം നാവിലും നിറയുന്നു.

4 comments:

ആ‍പ്പിള്‍ said...

കഥാപുസ്തകം എത്തുന്ന ദിവസം അമ്മ സ്പെഷ്യല്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വയ്ക്കും. ഞാനും അനിയത്തിയും കഥ വായിക്കും, ഓരോ കഥ കഴിയുമ്പോഴും ഞങ്ങള്‍ മൂന്ന് പേര്‍ക്കും പലഹാരവും കിട്ടും. അവന്‍ ഞങ്ങളെപ്പോലെ ‘ബുദ്ധിജീവി’ ആകുന്നത് വരെ ഈ പ്രസ്ഥാനം ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നു.

മുക്കുവന്‍ said...

മിഠായി തിന്ന് ഇപ്പോള്‍ വല്ല കൊളസ്ട്രോളും വന്നു കാണും.. ഒന്ന് ടെസ്റ്റ് ചെയ്യായിരുന്നില്ലേ?

നന്നായിരിക്കുന്നു.. ആപ്പിള്‍ബോയ്!

ആ‍പ്പിള്‍ said...

വായിച്ച് അഭിപ്രായമറിയിച്ചതിന് നന്ദി മുക്കുവന്‍.
ഷുഗര്‍ ടെസ്റ്റ് ചെയ്തിട്ട് കൊളസ്ട്രോള്‍ ടെസ്റ്റ് ചെയ്യാം.

Sanal Kumar Sasidharan said...

ഓര്‍മകളിലേക്ക് വലിച്ചുകൊണ്ട് പോകാന്‍ ഓര്‍മക്കുറിപ്പുകള്‍ക്ക് വലിയ കഴിവാണ്.മറവിയിലാണ്ട് കിടക്കുന്ന ചിത്രങ്ങളെല്ലാം മിഴിവോടെ തെളിഞ്ഞുവരും.ഇപ്പോഴും ബാലരമയും പൂമ്പാറ്റയുമൊക്കെ കിട്ടിയാല്‍ ആര്‍ത്തിയോടെ ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കും ഞാന്‍.പക്ഷേ ഇന്ന് അവയില്‍ എന്തോ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു.ചിലപ്പോള്‍ നഷ്ടം സംഭവിച്ചത്‌ നമുക്കായിരിക്കാം.വളരെ സന്തോഷം ഓര്‍മപ്പെടുത്തലുകള്‍ക്ക്.