Monday, 4 June 2007

സാങ്കേതിക രംഗത്തെ ഗവേഷണം - കേരളത്തില്‍

വളരെ പ്രഗത്ഭനായ ഒരു വിദേശ ഗവേഷകന്‍ വര്‍ഷങ്ങള്‍ പ്രയത്നിച്ച് ഒരു പുതിയ തിയറി രൂപപ്പെടുത്തി. അത് നിരവധി സാങ്കേതിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു ഒരു മലയാളി സാങ്കേതിക വിദഗ്ദ്ധന്‍. അദ്ദേഹത്തിനും ഗവേഷണം ചെയ്യണം, ഏത് യൂണിവേഴ്സിറ്റിയിലും ഏത് വിഷയത്തിലും ഗവേഷണം ചെയ്യാന്‍ തയ്യാര്‍, സ്വന്തം പേരിനു മുന്‍പില്‍ ചേര്‍ക്കാന്‍ ഒരു ഡോ. കിട്ടണം എന്നു മാത്രം.

നിയമാവലികള്‍ ഏറ്റവും ചുരുങ്ങിയ ഒരു യൂണിവേഴ്സിറ്റി (മുറിമൂക്കന്‍ രാജ്യത്തെ മൂക്കില്ലാ രാജാവ്!)കണ്ടുപിടിച്ച് അവിടെ അദ്ദേഹം ഗവേഷണം ആരംഭിച്ചു. കുറ്റം പറയരുതല്ലോ, ഏറ്റവും മികച്ച ചില സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ തപ്പി നോക്കി. ഭാഗ്യം എന്നു തന്നെ പറയാം, ആദ്യം പറഞ്ഞ വിദേശ ഗവേഷകന്റെ തിയറി കണ്ണില്‍പെട്ടു. സംഗതി കൊള്ളാം, ഒന്നു ശ്രമിച്ചാലോ? തലച്ചോറിലേക്ക് എസ്കോട്ടെല്ലിന്റെ പരസ്യം പാഞ്ഞു കയറി, ആന്‍ ഐഡിയ കാന്‍ ചെയ്ഞ്‌ജ് യുവര്‍ ലൈഫ്!

പ്രസിദ്ധീകരിക്കപ്പെട്ട ആ മഹത്തായ തിയറിയെ നമുക്ക് a + b = c എന്ന് വിളിക്കാം.
നമ്മുടെ മലയാളി ഗവേഷകന്‍ ‘അത്യദ്ധ്വാനം’ ചെയ്ത് അതിനെ ഇപ്രകാരം രൂപാന്തരപ്പെടുത്തി.

a + b = c

therefore, b + a = c

this implies k(b + a) =k c

which gives b + a = c

so, a + b = c !!!!!


അദ്ദേഹം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു. യൂണിവേഴ്സിറ്റിയിലെ മഹാന്മാരായ പരിശോധകര്‍ പ്രബന്ധം വിലയിരുത്തി, വലിയ കുഴപ്പങ്ങളൊന്നും ചൂണ്ടിക്കാണിക്കപ്പെട്ടില്ല. ആകെ ഒരു ‘പോരായ്മ’യായി കണ്ടുപിടിച്ചത് ‘സൂചനകള്‍’ ieee ഫോര്‍മാറ്റിലല്ല എന്നതായിരുന്നു. ഗവേഷകന്‍ വളരെ വേഗം അത് ശരിയാക്കി.

അവസാന കടമ്പ - പ്രബന്ധാവതരണം - സാങ്കേതിക രംഗത്തെ വിദഗ്ദ്ധരുടെ മുന്നില്‍
അവതരണത്തിനു ശേഷം - തുറന്ന ചര്‍ച്ച
ഒരു വിദഗ്ദ്ധന്‍ - ഈ തിയറിക്ക് നിങ്ങളുടെ സംഭാവന എന്ത്?
ഉത്തരം - 'k' എന്ന multiplication factor ഉള്‍പ്പെടുത്തി - വിദഗ്ദ്ധന് തൃപ്തി
അടുത്ത വിദഗ്ദ്ധന്‍ - ഈ ഗവേഷണ ഫലത്തിന്റെ ഉപയോഗങ്ങള്‍?
ഉത്തരം - k ക്ക് ഏത് വിലയും കൊടുക്കാം, അത് കൊണ്ട് എത് മേഖലയിലും ഈ തിയറി ഉപയോഗിക്കാം - വളരെ നന്നായി, വിദഗ്ദ്ധന്റെ കോമ്പ്ലിമെന്റ്

ഈ ചടങ്ങിന് ശേഷം ഗവേഷകന്‍ മേല്‍പ്പറഞ്ഞ പരിശോധകരേയും വിദഗ്ദ്ധരേയും നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ പതിവ് ‘കലാപരിപാടികള്‍’, പോക്കറ്റ് മണി, ...
ഗവേഷകന് ഡോ. നല്‍കാ‍ന്‍ യൂണിവേഴ്സിറ്റിക്ക് ശുപാര്‍ശ ചെയ്ത്, സ്വരാജ്യത്തിന് ഒരു കഴിവുറ്റ ഡോ. യെക്കൂടി സംഭാവന ചെയ്തതിന്റെ സംതൃപ്തിയില്‍ അവര്‍ മടങ്ങി.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പത്രസമ്മേളനം നടത്തി യൂണിവേഴ്സിറ്റി ഈ മഹത്ക്കാര്യം നാട്ടുകാരെ അറിയിച്ചു.

സുഹൃത്തുക്കളേ,
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സാങ്കേതിക മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെ ദുഃഖകരമായ അവസ്ഥയാണ് മുകളില്‍ സൂചിപ്പിച്ചത്. മറ്റാരുടെയെങ്കിലും ഗവേഷണ ഫലങ്ങളില്‍ അല്പം വ്യത്യാസം വരുത്തി ഡിഗ്രി സമ്പാദിക്കുന്ന ഗവേഷണ സംസ്ക്കാരം നല്ലതോ? സാമൂഹിക പ്രതിബദ്ധത നമ്മുടെ ഗവേഷകര്‍ക്ക് അന്യമാകുന്നോ? ലോക പുരോഗതിക്കുതകുന്ന തരത്തില്‍ തനിമയുള്ള ഗവേഷണം ചെയ്യാന്‍ നമുക്കാവില്ലേ?
നിങ്ങള്‍ക്കെന്ത് തോന്നുന്നു?

(സാങ്കേതിക രംഗത്ത് നടക്കുന്ന ഗവേഷണമാണ് ഇവിടെ പ്രതിപാദ്യം, ശാസ്ത്ര സാഹിത്യാദി മേഖലകളില്‍ കഴമ്പുള്ള ഗവേഷണം കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും നടക്കുന്നുണ്ട്.)

3 comments:

പ്രിയംവദ-priyamvada said...

സ്വാഗതം.

വിപിന്‍ said...

ആപ്പിള്‍കുട്ടാ..
നമ്മുടെ മികച്ച വിദ്യാര്‍ത്ഥികളെല്ലാം ഐ.ടി, സോഫ്റ്റ്വെയര്‍ മേഖലകളിലേക്ക് ചേക്കേറുമ്പോള്‍ രണ്ടാംകിടക്കാരാണ് പലപ്പോഴും സാങ്കേതിക ഗവേഷണ രംഗത്ത് എത്തിച്ചേരുന്നത്. അതുകൊണ്ടുതന്നെ അവരില്‍നിന്ന് അധികം പ്രതീക്ഷിക്കാന്‍ കഴിയില്ല.
തികച്ചും ശ്രദ്ധേയമായ നിരീക്ഷണമാണിത്. നമ്മുടെ സാങ്കേതിക ഗവേഷണരംഗത്തിന്റെ ഗുണനിലവാരം അനുദിനം കുറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Anonymous said...

വായിക്കാന്‍ കുറച്ചു വൈകിപ്പോയി എങ്കിലും വ്യവസ്ഥിതി ഒന്നും തന്നെ മാറിയിട്ടില്ലാതതിനാല്‍ എഴുതുന്നു....കേരളത്തില്‍ സാങ്കേതിക രംഗത്ത് റിസര്‍ച്ച് ടൈപ്പ് പ്രവര്‍ത്തികള്‍ ഒക്കെ നടക്കുന്നു എന്ന് പൊതുജനം തെറ്റിദ്ധരിക്കുന്ന ഒരു കലാലയത്തിലെ വിദ്യാര്‍ഥി എന്ന നിലയ്ക്കുള്ള, എന്റെ നിരീക്ഷണം അനുസരിച്ച് കുറ്റം നമ്മുടെ നാടിലെ അധ്യാപക സമൂഹതിന്റെത് ആണ് .ഒരു PG thesis പോലും ഗൈഡ് ചെയ്യാന്‍ അറിയാത്തവര്‍ക്ക് ഇവിടെ Phd students ഉണ്ട് !!..Presentation സമയത്തു ഫോണ്ടിനു വലുപ്പം കൂടി, അല്ലെങ്കില്‍ slide ന്റെ നിറം ശരിയായില്ല എന്നൊക്കെ മാത്രം പറയാനറിയുന്ന ധാരാളം Professors-um ഇവിടെയുണ്ട്..ഇത്തരം അധ്യാപകര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചു നടത്തുന്ന Phd പാനലുകളില്‍ നിന്നും നമുക്കു ഇത്രയൊക്കെയേ പ്രതീക്ഷിക്കാന്‍ കഴിയൂ....വിപിന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..IT boom ഒരു കാരണമാണ്...ഒരുപക്ഷെ, സാങ്കേതിക രംഗത്ത് core ഏരിയകളില്‍ റിസര്‍ച്ച് ജോലികള്‍ക്ക് ശരിയായ രീതിയില്‍ ഫണ്ട് സര്‍ക്കാര്‍ കൊടുക്കാന്‍ തയ്യാറായാല്‍ കൂടുതല്‍ ഒന്നാം കിടക്കാരെ തന്നെ ആകര്‍ഷിക്കാനും അത് വഴി നിലവാരം ഉയര്‍ത്താനും സാധിച്ചേക്കും..