Saturday, 30 June 2007

ആരാണ് കുറ്റവാളി? ആരാണ് ജയിച്ചത്?

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ ദൃശ്യ, ശ്രാവ്യ, പത്ര മാധ്യമങ്ങളില്‍ ഇടം പിടിച്ച ഒരു വാര്‍ത്തയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്... ‘എന്‍‌ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി വിഷം കഴിച്ച് മരിച്ചു’, ‘വിദ്യാര്‍ഥിനിയുടെ മരണം; ലാബുകള്‍ തകര്‍ത്തു’.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ എന്‍‌ജിനീയറിംഗ് കോളേജിലാണ് സംഭവം. മാധ്യമങ്ങള്‍ പറയുന്നതിങ്ങനെ: പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന് പറഞ്ഞ് അധ്യാപകര്‍ ചോദ്യം ചെയ്തതിലുള്ള വിഷമമാണ് നയന എന്ന പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. പരീക്ഷയ്ക്ക് ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചത് കോപ്പിയടിച്ചത് കൊണ്ടാണെന്ന് പറഞ്ഞാണ് അധ്യാപകര്‍ ശകാരിച്ചത്. എന്നാല്‍ താന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് നയന. അധ്യാപകരോട് തനിക്ക് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ലെന്നറിയിച്ച നയന ഇനിയൊരിക്കലും താന്‍ കോളേജിലേക്കില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. സഹപാഠിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കൂട്ടുകാര്‍ വീട്ടിലെത്തിയപ്പൊഴേക്കും അവള്‍ അമ്മക്കൊരു കത്തെഴുതി വെച്ചിട്ട് വിഷം കഴിച്ചിരുന്നു. ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നയന മരിച്ചു. അധ്യാപകരുടെ പീഡനം മൂലമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നരോപിച്ച് വിദ്യാര്‍ഥികള്‍ കാമ്പസിലെ ലാബുകളും ജനല്‍ചില്ലുകളും തകര്‍ത്തു. മനേജ്മെന്റ് മൂന്ന് അധ്യാപികമാരെ സസ്പെന്‍‌ഡ് ചെയ്തു. ഇതേ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണ വിഭാഗം ഓഫീസ് എ. ഐ. എസ്. എഫ്. പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.

ആരാണിവിടെ കുറ്റവാളീ?

എല്ലാ കുട്ടികള്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഏതധ്യാപകനും സ്വാഭാവികമായി തോന്നാവുന്ന ഒരു സംശയമാണ് കോപ്പിയടി നടന്നിട്ടുണ്ടാവാം എന്നത്. അതിന് അവര്‍ കുട്ടികളെ ശകാരിക്കുന്നതും സ്വാഭാവികം. താന്‍ കോപ്പിയടിച്ചിട്ടില്ല എന്ന് ഉറപ്പുള്ള ഒരു വിദ്യാര്‍ഥി ചെയ്യാത്ത തെറ്റിനായിരിക്കാം ഈ ശകാരം കേള്‍ക്കെണ്ടി വന്നത്, അത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചിട്ടുമുണ്ടാവും. എങ്കിലും അതിനോട് ഇങ്ങിനെയാണോ പ്രതികരിക്കേണ്ടത്?

ചെറിയൊരു ബുദ്ധിമുട്ടു പോലും ബാധിക്കാതെ മക്കളെ വളര്‍ത്താന്‍ പാട് പെടുന്നവരാണീന്നത്തെ മാതാപിതാക്കള്‍. എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അവരെ അറിയിക്കാതെ, ഒന്നും നേരിടാനുള്ള അവസരം അവര്‍ക്ക് നല്‍കാതെ, പരാജയങ്ങളിലും പഴിചാരലുകളിലും തളരാതെ മുന്നേറുവാനുള്ള മാനസിക കരുത്തില്ലാത്ത ‘pampered children’ ആയി മക്കളെ വളര്‍ത്തിയെടുക്കുന്നവരല്ലേ നമ്മള്‍?

കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ കുട്ടികളെ ശകാരിക്കുന്നത് ശരിയാണോ? ഭൂരിഭാഗം പേരും കോപ്പിയടിച്ചാലും അത് ചെയ്യാത്ത ചിലരെങ്കിലും ഉണ്ടാവില്ലേ? കോപ്പിയടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഒരു കുട്ടിയെ വീണ്ടും അധിക്ഷേപിച്ചത് അധ്യാപകര്‍ക്ക് ഉചിതമോ?

അപ്പോള്‍ കുറ്റവാളി അധ്യാപകരോ മാതാപിതാക്കളോ അതോ കുട്ടി തന്നെയോ?

(മറ്റൊരു സ്വകാര്യ എന്‍‌ജിനീയറിംഗ് കോളേജില്‍ നടന്ന, പുറം ലോകം അറിയാത്ത ഒരു സംഭവം കൂടി ഇവിടെ സൂചിപ്പിക്കട്ടെ.

പന്ത്രണ്ടാം ക്ലാസ് വരെ ഗള്‍ഫില്‍ പഠിച്ച മിടുക്കിയായ ഒരു പെണ്‍കുട്ടി, അതു വരെ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു അവള്‍. എന്‍‌ജിനീയറിംഗിന് അവള്‍ക്കിഷ്ടപ്പെട്ട ബ്രാഞ്ചില്‍ ഓപ്പണ്‍ മെരിറ്റില്‍ അഡ്മിഷനും ലഭിച്ചു. മകളെ ഹോസ്റ്റെലിലാക്കി മാതാപിതാക്കള്‍ ഗള്‍ഫിലേക്ക് മടങ്ങി. ഒന്നാം വര്‍ഷ പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ച ഈ പെണ്‍കുട്ടിക്ക് മൂന്നാം സെമസ്റ്ററില്‍ അത് തുടരാനായില്ല. രണ്ട് വിഷയങ്ങള്‍ക്ക് തോറ്റു പോയ അവളെ മാതാപിതാക്കള്‍ ഫോണിലൂടെ ശകാരിച്ചു. ഹോസ്റ്റല്‍ മുറിയില്‍ തന്റെ കൂട്ടുകാരുടെ മുന്നില്‍ വച്ച് കത്തിയെടുത്ത് അവള്‍ കൈത്തണ്ട മുറിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അവളെ കോളേജധികൃതര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി. എല്ലാ പ്രതീക്ഷകളും മകളില്‍ അര്‍പ്പിച്ച്, അവള്‍ക്ക് വേണ്ടി വിദേശമണ്ണീല്‍ ജോലി ചെയ്യുകയും അവിടിരുന്ന് അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയും അവളുടെ പഠനം മോശമായതിന് വഴക്ക് പറഞ്ഞാല്‍ ഉടനെ കൈ മുറിക്കുകയാണോ വേണ്ടത്? നമ്മുടെ മക്കളെന്തേ ഇങ്ങനെ?)

ജയിച്ചതാര്?

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തോരാക്കണ്ണീര്‍ സമ്മാനിച്ച് മടങ്ങിയ നയന ജയിച്ചുവോ?
കാര്യമറിയാതെ നയനയെ ശകാരിച്ചു/അധിക്ഷേപിച്ചു എന്ന് പറയപ്പെടുന്ന അധ്യാപികമാര്‍ക്കെന്ത് ജയം?
മൂന്ന് യുവ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവരേ, നിങ്ങളാണോ ജയിച്ചത്?
[ഒരു പക്ഷേ മാനേജ്മെന്റ് ഇവരെ ടെര്‍മിനേറ്റ് ചെയ്തേക്കാം, ഇവര്‍ അധ്യാപകവൃത്തിയില്‍ തുടരാം, തുടരാതിരിക്കാം, എന്ത് തന്നെ ആയാലും തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു സംഭവത്തിന് ഉതരവാദികളായ/ഉത്തരവാദികളാക്കപ്പെട്ട ഈ ചെറു അധ്യാ‍പകരെ ഇത് എന്നും വേട്ടയാടിക്കൊണ്ടിരിക്കില്ലേ? അതാണോ നയനയുടെ ജയം? (നയനക്കാണ് ജയമെങ്കില്‍)].
മാനേജ്മെന്റ് ലക്ഷങ്ങള്‍ ചെലവഴിച്ചുണ്ടാക്കിയ ലാബുകള്‍ തകര്‍ത്ത സഹവിദ്യാര്‍ഥികള്‍ക്ക് ജയം അവകാശപ്പെടാമോ?
മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണ വിഭാഗം ഓഫീസ് അടിച്ച് തകര്‍ത്ത് വാര്‍ത്താപ്രാധാന്യം നേടിയ വിദ്യാര്‍ഥി സംഘടനക്കാണോ ജയം?

9 comments:

ആ‍പ്പിള്‍ said...

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേരളതിലെ ദൃശ്യ, ശ്രാവ്യ, പത്ര മാധ്യമങ്ങളില്‍ ഇടം പിടിച്ച ഒരു വാര്‍ത്തയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്... ആരാണ് കുറ്റവാളി? ആരാണ് ജയിച്ചത്?

ഷാനവാസ്‌ ഇലിപ്പക്കുളം said...

ഇന്നത്തെ വര്‍ദ്ധിച്ചു വരുന്ന അക്കാദമിക് മത്സരങ്ങളിലൂടേ കുട്ടികളിലുണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം വളരെ വലുതാണ്. പോക്കറ്റ് മണിയുടേയും ആഢംബരത്തിന്റേയും ലോകത്ത് പണമുണ്ടാക്കാനുള്ള പ്രയാസം അവരൊരിക്കലുമറിയുന്നില്ല. അഥവാമാതാപിതാക്കള്‍ ഒരിക്കലുമറിയിക്കുന്നില്ല. ഇന്നത്തെ കുട്ടികള്‍ക്ക് പഠിക്കുക എന്ന്തൊഴികെ മറ്റൊരുജോലിയുമില്ലെന്ന് അല്ലെങ്കില്‍  പാടില്ലെന്ന് വന്നിരിക്കുന്നു. അതിനാല്‍ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം മാര്‍ക്ക് കുറയല്‍ ന്യായീകരിക്കാന്‍ പറ്റാത്തതാകുന്നു. കുട്ടികളെ സംബന്ധിച്ചും ജീവിതത്തിന്റെ കടുത്ത വശങ്ങള്‍ ഒരിക്കലും ശീലിച്ചിട്ടില്ലാത്തതിനാല്‍ താങ്കള്‍ പറഞ്ഞതുപോളെ നിസ്സാരപ്പെട്ട കാര്യങ്ങളില്‍ പോലും പതറാതെ പിടിച്ചുനില്ക്കാനുള്ള മാനസിക ധൈര്യമില്ലാത്തെ അവിവേകങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

rajesh said...

TV വച്ചാലുടന്‍ നമ്മള്‍ കാണുന്നതെന്താണ്‌- കുറേ അളിഞ്ഞ സീരിയലുകള്‍.- നിസ്സാര കാര്യത്തിനുപോലും ആത്മഹത്യ ചെയ്യുന്ന സീരിയല്‍ റാണികള്‍ ,ഒരു ചെറിയ പ്രശ്നം പോലും "ഇനി രാധ എന്തു ചെയ്യും" എന്ന സ്റ്റെയിലില്‍ അവതരിപ്പിക്കുന്ന കഥകള്‍. ഇതെല്ലാം ഒരു controlഉം ഇല്ലാതെ പ്രായഭേദമന്യേ കാണാന്‍ അനുവദിക്കുന്ന മാതാപിതാക്കള്‍.

പിള്ളേരെക്കൊണ്ട്‌ ഒരു ജോലിയും ചെയ്യിക്കാത്ത വീടുകള്‍, ഒരുadverse situation വന്നാല്‍ പകച്ചു നില്‍ക്കേണ്ടി വരുന്ന കുട്ടികള്‍.

മാവേലി കേരളം said...

ആപ്പിളിന്റ് പൊസ്റ്റ് വളരെ ശ്രദ്ധിയ്ക്കേണ്ടിയിരിയ്ക്കുന്നു.

"ചെറിയൊരു ബുദ്ധിമുട്ടു പോലും ബാധിക്കാതെ മക്കളെ വളര്‍ത്താന്‍ പാട് പെടുന്നവരാണീന്നത്തെ മാതാപിതാക്കള്‍. എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അവരെ അറിയിക്കാതെ, ഒന്നും നേരിടാനുള്ള അവസരം അവര്‍ക്ക് നല്‍കാതെ, പരാജയങ്ങളിലും പഴിചാരലുകളിലും തളരാതെ മുന്നേറുവാനുള്ള മാനസിക കരുത്തില്ലാത്ത ‘pampered children’ ആയി മക്കളെ വളര്‍ത്തിയെടുക്കുന്നവരല്ലേ നമ്മള്‍?"

സമൂഹത്തിലും മാദ്ധ്യമങ്ങളിലും വളരുന്ന തലമുറയോട് ചുമതലയില്ലാത്ത ധാരാളം പ്രവൃത്തികള്‍ നടക്കും. പ്രത്യേകിച്ച് ഇന്നത്തെ മാര്‍ക്കറ്റ് യുഗത്തില്‍.

അതു കൊണ്ടു തന്നെ മാതാപിതാക്കളുടെ സ്വന്തം മക്കളോടുള്ള ചുമതല വളരെ കൂടുന്നു.

മാതാപിതാക്കല്‍കഷ്ടപ്പെട്ടു കാശുണ്ടാകുന്നു, മക്കള്‍ ഏറ്റവും ഉന്നത ബിരുദങ്ങളും സ്ഥാനമാനങ്ങളും കൈക്കലാക്കണം എന്നു പ്രതീക്ഷിയ്ക്കുന്നു പ്രാര്‍ത്ഥിയ്ക്കുന്നു. മക്കട പേരില്‍ കുറെ വഴിപാടുകള്‍ നടത്തഉന്നു.

എന്നാല്‍ മക്കളെ എങ്ങനെയാണു വളര്‍ത്തുന്നത്.അവര്‍ക്കു ചോറും കറിയും കാശും മാത്രം പോരാ.

മക്കളെ ഒരു ജീവിതത്തിനു തയ്യാറാക്കാന്‍ കെരളത്തിലെ മതാപിതാക്കള്‍ക്കു പൊതുവെ അറിഞ്ഞുകൂടാ. എന്നിട്ട് ഞങ്ങള്‍ ജീവിച്ചതു പോലെ നല്ലവരായി(?) നിങ്ങളും ജീവിയ്ക്കണം എന്നൊരു ഡിമാന്‍ഡങ്ങു വയ്ക്കും.

പക്ഷെ കാലവും അനുഭവങ്ങളും മാറുകയാണ്.

മാതാപിതാക്കളോട് മക്കാള്‍ക്കു വേണ്ടതു വിശ്വാസമാണ്(?)എന്തും തുറന്നു പറയാനുള്ള വിശ്വാസം, അടുപ്പം. ഒരു പ്രശ്നം മക്കള്‍ പറഞ്ഞാല്‍ എങ്ങനെ അതു നിവര്‍ത്തിയ്ക്കാം എന്നു പരസ്പരം, സഹാനുഭൂതിയോടെയും, സ്നേഹത്തോടെയും ഒത്തൊരുമിച്ചു നിന്നും പരിഹാരം കണ്ടെത്തുയാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്കു കൊടുക്കുന്ന വലിയ സമ്പദ്യം.

ഇതു മാതാപിതാക്കള്‍ മനസിലാക്കേണ്ടിയിരിയ്ക്കുന്നു.

കോപ്പി അടിച്ചു എന്ന് എല്ലാവര്‍ക്കും ഒരു പോലെ മാര്‍ക്കു കിട്ടി എന്നുള്ളതില്‍ നിന്നു പറയാന്‍ കഴിയില്ല. അല്ലെങ്കില്‍ എല്ലാവര്‍ക്കും ഒരുപോലെ മാര്‍ക്കു കിട്ടിയെങ്കില്‍ അതില്‍ ഒരാള്‍ മാത്രം കുറ്റക്കാരിയെന്ന് എങ്ങനെ സമര്‍ധിയ്ക്കും എന്ന് ആ അദ്ധ്യാപകരോട് ഒരു ചോദ്യം ചോദിച്ചാല്‍ അവര്‍ അതിനെന്തുത്തരം പറയുമായിരുന്നു.അവരോടതു തെളിവു സഹിതം സമര്‍ദ്ധിയ്ക്കൂ എന്നു പരയുകയായിരുന്നു ചെയ്യേണ്ടത്.

അതിനു പകരം ചെയ്യേണ്ടതൊന്നും ചെയ്യാതെ അതില്‍ ഇടപെട്ട സകലരും തെറ്റുകാരാണ്.

വീട്ടിലോ, സ്മൂഹത്തിലോ സ്ഥാപനങ്ങളിലോ, യുക്തിക്ഷമമായി മര്യാദയനുസരിച്ച് ഒന്നും നടക്കുന്നില്ല. അവിടെയാണു കുഴപ്പം.

ആ‍പ്പിള്‍ said...

അഭിപ്രായമറിയിച്ച ഷാനവാസിനും രാജേഷിനും മാവേലികേരളത്തിനും നന്ദി. ഇന്നത്തെ കുട്ടികള്‍ വളരുന്ന, അവരെ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് നിങ്ങളുടെയെല്ലാം അഭിപ്രായങ്ങള്‍ വെളിപ്പെടുത്തുന്നു.
മാവേലികേരളം പറഞ്ഞത് വളരെ ശരി. ഒരു പ്രശ്നം മക്കള്‍ പറഞ്ഞാല്‍ സഹാനുഭൂതിയോടെയും, സ്നേഹത്തോടെയും ഒത്തൊരുമിച്ചു നിന്നും പരിഹാരം കണ്ടെത്തുന്ന ഒരു രീതി ഉണ്ടാക്കിയെടുക്കുന്നതാണ് മാതാപിതാക്കള്‍ കുട്ടികള്‍ക്കു കൊടുക്കുന്ന വലിയ സമ്പാദ്യം, അല്ലാതെ കോടികള്‍ വില വരുന്ന ഫ്ലാറ്റും കാറുകളും ബാങ്ക് ഡെപ്പോസിറ്റുകളുമല്ല, അതൊന്നും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ പ്രാപ്തരാക്കില്ല.

Sanal Kumar Sasidharan said...

അഭിപ്രായം പറയാന്‍ ഞാനാളല്ല.ഒരുപക്ഷേ ആരും ജയിക്കുന്നില്ലായിരിക്കാം.അല്ലെങ്കില്‍ എല്ലവരും തോറ്റുപോയി എന്ന അര്‍ഥത്തില്‍ നയന ജയിക്കുന്നുണ്ടാവാം.എന്തായാലും ചെയ്യാത്ത തെറ്റിന് ശിക്ഷ എന്നത് ആഴത്തിലുള്ള മുറിവുതന്നെയാണ്.പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്കുമുണ്ടായി ഇതുപോലൊരനുഭവം.എന്നെ വളരെ സ്നേഹവാത്സല്യങ്ങള്‍ കൊണ്ട് വല്ലാത്തൊരടുപ്പം എന്നില്‍ തോന്നിച്ച ഒരു ടീച്ചറായിരുന്നു പരീക്ഷാഹാളില്‍.വിഷയം ഹിന്ദി.എന്റെ ഇടത്തും വലത്തും ഉള്ള കൂട്ടുകാര്‍ എന്നെക്കാള്‍ മുതിര്‍ന്നവരാണ് (സഹപാഠികള്‍ തന്നെ)അവരുടെ കയ്യില്‍ പുസ്തകത്തിന്റെ തുണ്ടു കട്ടിങ്സ് ഉള്ളത് എനിക്കറിയാം.ഇടക്ക് അവര്‍ എന്നോട് ചില ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ ചോദിക്കുയും ചെയ്തിരുന്നു.ഒരിക്കല്‍ ടീച്ചര്‍ അതു കണ്ടു.എന്താണെന്നു ചോദിച്ചു.ഒന്നുമില്ലെന്നു ഞാന്‍ പറഞ്ഞു.പക്ഷേ റ്റീച്ചര്‍ വിശ്വസിച്ചില്ല.നിരീക്ഷണം തുടര്‍ന്നു.ഒടുവില്‍ എന്റെ കാല്‍ക്കീഴില്‍ വീണ കടലാസു കഷണം അവര്‍ പിടിച്ചെടുത്തു.പരസ്പരം കൈമാറുന്നതിനിടയില്‍ എന്റെ സമീപസ്ഥരുടെ കൈയ്യില്‍ നിന്നു വീണതാണെന്ന് ഞാന്‍ പറഞ്ഞില്ല.ടീച്ചര്‍ എന്നെ നന്നയി തല്ലി.എന്നെ വളരെ സ്ന്‍ഏഹിച്ചിരുന്ന ടീച്ചര്‍ എന്നെ വിശ്വസിക്കുന്നില്ലല്ലോ എന്ന തോന്നല്‍ എന്നെ വല്ലാതെ നോവിച്ചു.ആത്മഹത്യ എന്നൊരു വഴിയെക്കുറിച്ചൊന്നും ചിന്തിച്ചില്ലെങ്കിലും ഇനി ജീവിക്കണ്ട എന്നു തോന്നി അന്ന്. എന്തായാലും പില്‍ക്കാലത്ത് എന്റെ പ്രതീക്ഷകളെ തട്ടിക്കമിഴ്ത്തിക്കൊണ്ട് എന്നെ നന്നായി അറിയാമെന്ന് കരുതിയിരുന്ന ഞാന്‍ സ്നേഹിച്ചിരുന്ന പലരും അവിശ്വാസത്തിന്റെ മുനയുള്ള ജീവിതം നീക്കി വയ്ക്കുമ്പോള്‍ കയ്പ്പുണ്ടെങ്കിലും കുടിച്ചു തീര്‍ക്കാന്‍ ആ സംഭവം ബലമേകി.

Anuraj said...

Dear friend i started a new cartoon blog ...
pls visit..www.cartoonmal.blogspot.com
Anuraj.k.r
Thejas daily

Unknown said...

nicely written AppleBoy! I guess, the parents should teach the kids that there are many things you cant control by yourself. you might be crucified for no reason. come out from this sort of crucifixion gives the many happy moments later. read a blog recently where he was badly beaten by his teached when he was studying in second statndard for no reason or a fault done by some else, that was a touching one.

mistakes can be done by anybody. may be those teachers may wont do it again. they have a chance to correct it. your life is so precious and it shouldn't be taken out like this way! there is no rewind/redo for this action.

lets pray for her soul.

Anonymous said...

ടീസ്പൂണ്‍ feeding-ഉം മൂന്നാം ക്ലാസ്സ് മുതലുള്ള tution-നും ഇതിന് ഒരു കാരണം ആയിക്കൂടെ ??..ബാല്യകാലത്ത്‌ മാനസികവളര്‍ച്ചക്ക്‌ വേണ്ടത് നല്‍കാത്ത മാതാപിതാക്കളുടെ ഭാഗത്തായിരിക്കണം തെറ്റ് പറ്റിയത്..