Wednesday, 27 June 2007

രണ്ടമ്മമാര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ ഒരു ട്രെയിന്‍ യാത്ര. മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല, അത് കൊണ്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍‌ വൈകി, ഒടുവില്‍ റിസര്‍വേഷന്‍ ലഭിച്ചില്ല, still on waiting list. നല്ല തിരക്കുള്ള സമയം, മദ്ധ്യവേനലവധി കഴിയാറായി, പോരാത്തതിന് വാരാന്ത്യവും. റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയപ്പൊ തന്നെ യാത്രയുടെ സുഖമെന്തായിരുക്കുമെന്ന് ഏകദേശം മനസിലായി.

ട്രെയിന്‍ എത്തി. waiting list-ല്‍ പെട്ടവര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കയറുന്നത് ശിക്ഷാര്‍ഹം എന്ന കുറിപ്പും പിടിച്ച് ടിക്കറ്റ് പരിശോധകര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പേടിപ്പിച്ചത് കൊണും വലിയ നോട്ട് കൊടുക്കുന്നവന് waiting list-ല്‍ ഏറ്റവും താഴെയാണെങ്കിലും സീറ്റ് ലഭിക്കുമെന്നറിയാവുന്നത് കൊണ്ടും ആ പരിപാടിയോട് താല്‍‌പര്യം തീരെ ഇല്ലാത്തത് കൊണ്ടും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറാം എന്ന് തീരുമാനിച്ചു. അവിടെയെത്തിയപ്പോഴത്തെ കാഴ്ച, അകത്തേക്ക് കയറാന്‍ പറ്റാത്തവിധം വാതില്‍പ്പടി വരെ ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നു. ഒരുതരത്തില്‍ അകത്തെത്തി. രണ്ട് കാലും ഒന്നിച്ച് തറയില്‍ കുത്താന്‍ പറ്റാത്തവിധം വഴി നിറയെ ആളുകള്‍ തലങ്ങും വിലങ്ങും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. ആരുടെയൊക്കെയോ കയ്യും കാലും തലയുമൊക്കെ ചവിട്ടി വേദനിപ്പിച്ച് കുറേ മുന്‍‌പിലേക്ക് നടന്നു. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന സീറ്റിലിരിക്കുന്ന ഒരാളെ നോക്കി ഒന്നു ചിരിച്ചു. ചിരിയിലെ ദൈന്യത സഹിക്കാന്‍ പറ്റാഞ്ഞിട്ടാവും, അയാള്‍ അല്‍‌പം അഡ്ജസ്റ്റ് ചെയ്തു, എങ്ങിനെയൊക്കെയോ ഇരുന്നൂന്ന് വരുത്തി, ഇത്രേം തിരക്കിനിടയില്‍ ഇതെങ്കിലും കിട്ടിയല്ലോന്ന് വിചാരിച്ച്, അയാള്‍ക്ക് മനസ്സാ നന്ദി പറഞ്ഞു. താഴെ കാലിന് ചുറ്റും ഒത്തിരിപ്പേര്‍ കിടപ്പുണ്ട്. തൊട്ട് പിന്നിലെ സീറ്റിന് താഴെ ചില സ്ത്രീകള്‍ ഇരിക്കുന്നു, 25 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ അവിടെ തറയില്‍ കിടപ്പുണ്ട്, അടുത്തായി ഒരു കൊച്ചു പെണ്‍‌കുഞ്ഞും, രണ്ട് വയസായിട്ടുണ്ടാവും. പല തരത്തിലുള്ള ആളുകളുടെ സംഭാഷണങ്ങള്‍ കേട്ടും അവിടമാകെ വീക്ഷിച്ചുമിരുന്ന് ഒടുവില്‍ എപ്പോഴോ കയ്യിലുണ്ടായിരുന്ന ബാഗ് മടിയില്‍ വച്ച് അതില്‍ തല ചായ്ച്ച് ഉറങ്ങി.

ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണുണര്‍ന്നത്. നേരത്തെ പറഞ്ഞ കുട്ടിയാകുമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ ഒരു പൊടിക്കൊച്ച് ആ സ്ത്രീയുടെ കയ്യിലിരുന്ന് അലറിക്കരയുന്നു. ഒരു കുപ്പിയില്‍ പച്ചവെള്ളം നിറച്ച് കുഞ്ഞിന്റെ വായില്‍ അവര്‍ വച്ച്‌ കൊടുത്തെങ്കിലും അതിന്റെ കരച്ചിലിന്റെ ഒച്ച കൂടിയതേയുള്ളൂ. അല്പ സമയമെടുത്തു കാര്യം മനസിലാകാന്‍. ആ സ്ത്രീ പിന്നിലെ സീറ്റിനടിയില്‍ വെറും നിലത്ത് ശരീരത്തില്‍ ഒരു തുണിക്കഷണം പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു കഷ്ടിച്ച് ആറ് മാസം പ്രായം വരുന്ന ആ ആണ്‍‌ കുട്ടിയെ. മാസങ്ങളോളം പട്ടിണി കിടന്നൂന്ന് തോന്നും വിധം ആകെ മെലിഞ്ഞ് എല്ലും തോലും മാത്രമായിരിക്കുന്നു അവര്‍. കുഞ്ഞ് കരയുന്നത് വിശന്നിട്ടാണെന്നും പാലോ വേറെന്തെങ്കിലും ലഘു പാനീയമോ കൊടുക്കണമെന്നും അടുത്തിരുന്ന സ്ത്രീകള്‍ പറഞ്ഞു. ഇത്‌ കേട്ടയുടനെ അവര്‍ ഉറങ്ങിക്കിടന്ന ആ പെണ്‍കുട്ടിയെ ഉറക്കെയൊരടി, ഞെട്ടിയെണീറ്റിരുന്ന് വളരെ പതിഞ്ഞ ശബ്ദത്തില്‍ തേങ്ങുകയാണ്‌ അസ്ഥിപഞ്ജരമെന്ന് തോന്നിക്കുന്ന ആ കൊച്ച്‌ കുട്ടി. നായിന്റെ മോള്‌, ആകെയുണ്ടായിരുന്ന പാലും കുടിച്ച്‌ തീര്‍ത്തിട്ട്‌ കെടക്കണു എന്നിങ്ങനെ പലതും പറഞ്ഞ്‌ ആ പിഞ്ച്‌ കുഞ്ഞിനെ ഉറക്കെയുറക്കെ ശകാരിക്കുകയാണാ സ്ത്രീ. ഇത്തരം ശകാരങ്ങള്‍ എത്രയോ തവണ അനുഭവിച്ചിട്ടുണ്ടെന്ന് ആ കുഞ്ഞുതേങ്ങല്‍ വിളിച്ച്‌ പറയുന്നുണ്ടെന്ന് തോന്നി.

അവരുടെ കയ്യിലിരിക്കുന്ന പൊടിക്കൊച്ച്‌ പൂര്‍വ്വാധികം ശക്തിയോടെ കരയുകയാണ്‌. കുഞ്ഞിന്‌ കമ്പാര്‍ട്ട്‌മെന്റിനുള്ളിലെ ചൂട്‌ താങ്ങാന്‍ കഴിയുന്നുണ്ടാവില്ല എന്ന് ആരോ പറഞ്ഞു. ഇത്‌ കേട്ടിട്ടാവും അവര്‍ കുഞ്ഞിനെയെടുത്ത്‌ ആ തിക്കും തിരക്കിനുമിടയിലൂടെ വാതില്‍ വരെ നടന്നു. കുഞ്ഞ്‌ കരച്ചില്‍ നിര്‍ത്തിയില്ല, ഒടുവില്‍ അവര്‍ തിരിച്ച്‌ പഴയ സ്ഥലത്തെത്തി. വഴിയില്‍ തലയും കുനിച്ചിരുന്ന് തേങ്ങുന്ന ആ പെണ്‍കുഞ്ഞിനെ കണ്ടതും ശകാരം തുടര്‍ന്ന് കൊണ്ട് അവര്‍ അതിന്റെ മുതുകില്‍ കാലുയര്‍ത്തി ഒരു ചവിട്ട്! മുഖമുയര്‍ത്തി ആ സ്ത്രീയെ ഒന്നു നോക്കിയിട്ട് അവള്‍ തേങ്ങലടക്കി കുനിഞ്ഞിരുന്നു. എന്ത്‌ പറയണം, എന്ത്‌ ചെയ്യണം എന്നറിയാതെ ചുറ്റുമുള്ള സ്ത്രീകള്‍ അവരെത്തന്നെ നോക്കിയിരിക്കയാണ്‌.

അമ്മയുടെ സ്നേഹപൂര്‍ണ്ണമായ ലാളനയില്‍ അല്ലലൊന്നുമറിയാതെ വളര്‍ന്ന കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുകയായിരുന്നു ഞാന്‍. മനസാകെ അസ്വസ്ഥമായി. അവരെന്തേ ആ കൊച്ചു കുഞിനോടിങ്ങനെ ചെയ്യാന്‍? വിശന്ന് കരയുന്ന കുഞ്ഞിനെ നോക്കി നിസ്സഹയായി നില്‍ക്കേണ്ടി വന്ന അമ്മയുടെ മനോവിഷമമാണോ അങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്? മകന് കരുതിവച്ചിരുന്ന പാല്‍ കുടിച്ചു എന്ന തെറ്റിന് ഒരു പിഞ്ച് കുഞ്ഞിനോട് ഒരമ്മ ഇത്ര ക്രൂരമായി പെരുമാറുമോ? അതോ പെണ്ണായി പിറന്നതിനുള്ള ശിക്ഷയാണോ ഈ അവഗണന? ആ കുട്ടികളുടെ അച്ഛനെവിടെപ്പോയി? കുട്ടികളെ സമ്മാനിച്ച് അയാള് കടന്നു കളഞ്ഞോ? അവരുടെ ജീവിതം ഇരുട്ടിലാക്കി ഈ ലൊകത്ത് നിന്നു തന്നെ അയാള്‍ യാത്രയായോ? ദാരിദ്യത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി ദിവസങ്ങള്‍ തള്ളി നീക്കുന്ന നിരാലംബയായ, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഒരു സ്ത്രീയുടെ ആകുലതകളുടെ ബഹിര്‍സ്ഫുരണമായിരിക്കും ഇതിനു പിന്നില്‍ എന്നൊക്കെ മനസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്മുന്നില്‍ കണ്ട ആ കാഴ്ച പിന്നെയും ഏതൊക്കെയോ വഴീകളിലൂടെ മനസിനെ ഓടിച്ചു കൊണ്ടേയിരുന്നു. ഒടുവിലല്‍ തോന്നി ചിലപ്പൊള്‍ അവര്‍ക്ക് എന്തെങ്കിലും മാനസിക തകരാര്‍ ഉണ്ടായിരിക്കുമെന്ന്.

കരഞ്ഞ് തളര്‍ന്ന് ഒടുവില്‍ ആ കുഞ്ഞ് ഉറക്കമായി, അമ്മയും. ആ പെണ്‍കുട്ടിയും അമ്മയുടെ അരികില്‍ കിടപ്പായി. ഇരുന്നിടങ്ങളില്‍ തന്നെ മറ്റ് യാത്രക്കാരും ഉറങ്ങുകയാണ്. ഒടുവിലെപ്പോഴോ ഉറങ്ങിപ്പോയ ഞാന്‍ ഉണര്‍ന്നപ്പോള്‍ വണ്ടി തിരുവനന്തപുരം എത്താറായിരുന്നു. ആ സ്ത്രീ മകനെയെടുത്ത് ഇറങ്ങാന്‍ തയ്യറായിരിക്കുന്നു, പെണ്‍കുട്ടി അരികില്‍ തന്നെയുണ്ട്.

സ്റ്റേഷനിലിറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ മകനെ ഒക്കത്തെടുത്ത് അവര്‍ വളരെ വേഗം നടക്കുന്നത് കണ്ടു. കുറെ പുറകിലായി ആ പെണ്‍കുഞ്ഞ്, അവരുടെ ഒപ്പമെത്താന്‍ അത് ഓടുകയാണ്. അവര്‍ ആ കുട്ടിയെ ഒന്ന് തിരിഞ്ഞ് നോക്കുന്നു പോലുമില്ല. നിര്‍വികാരതയോടെ ആ കുഞ്ഞിനെ നോക്കി നിന്നു പോയി, കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ. നടത്തം തുടര്‍ന്നപ്പോള്‍ തൊട്ടു മുന്നില്‍ അച്ഛന്റേയും അമ്മയുടെയും കൈ പിടിച്ച് കുസൃതിച്ചിരിയുമായി മറ്റൊരു പെണ്‍കുഞ്ഞ്, എന്തൊരു സന്തോഷമാണാ കുട്ടിയുടെ മുഖത്ത്.

രണ്ടമ്മമാര്‍, രണ്ടു പെണ്‍കുട്ടികളും! ഒരമ്മ മകളെ വാത്സല്യപൂര്‍വ്വം അണച്ചു പിടിക്കുന്നു. അമ്മയുടെ ഒപ്പമെത്താന്‍ ഓടിത്തളരുന്നു മറ്റൊരു മകള്‍.

നേരില്‍ക്കണ്ട, മനസില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സംഭവമാണിവിടെ എഴുതിയത്.

10 comments:

ആ‍പ്പിള്‍ said...

രണ്ടമ്മമാര്‍, രണ്ടു പേണ്‍കുട്ടികളും! ഒരമ്മ മകളെ വാത്സല്യപൂര്‍വ്വം അണച്ചു പിടിക്കുന്നു. അമ്മയുടെ ഒപ്പമെത്താന്‍ ഓടിത്തളരുന്നു മറ്റൊരു മകള്‍.
നേരില്‍ക്കണ്ട, മനസില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സംഭവമാണിവിടെ എഴുതിയത്.

വിഷ്ണു പ്രസാദ് said...

ഇത് അപൂര്‍വമായ ഒരു കാഴ്ചയായിരുന്നെങ്കില്‍ സങ്കടം തോന്നുമായിരുന്നില്ല.തീവണ്ടിയാത്രയില്‍ ഞാനും കണ്ടിരിക്കുന്നു ഇത്തരം കാഴ്ച്ചകള്‍.

Sanal Kumar Sasidharan said...

ക്രൂരമാ‍യ ജീവിതത്തിന്റെ ഒരുപാട് ദ്രുശ്യങ്ങള്‍ ഒളിഞിരിക്കുന്ന ഒരു നാടകശാലയാണ് ട്രയിനിലെ ലോക്കല്‍ കമ്പാര്‍ട്ട്മെന്റുകളെന്ന് ഇതുപോലെ ഒരായിരം കാഴ്ചകള്‍ തോന്നിച്ചിട്ടുണ്ട്. ഇതിനു മുന്‍പും.ഒരുപാടു ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല.

വിപിന്‍ said...

ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങളിലൊന്ന്.
ഇത്തരം കാഴ്ച്ചകള്‍ നമ്മുടെ കണ്ണുതുറപ്പിക്കുവാന്‍ വേണ്ടിയുള്ളതാണ്. നമ്മുടെ കണ്ണുകള്‍ തുറക്കുന്നുണ്ടോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം. എത്രയൊക്കെ സൌഭാഗ്യങ്ങള്‍ക്കു നടുവിലാണെങ്കിലും നമ്മളെല്ലാം പലപ്പോഴും ഈശ്വരനോട് പിറുപിറുക്കുന്നവരാണ്.
കണ്ണുകള്‍ തുറന്നെങ്കില്‍...

വല്യമ്മായി said...

:(

ആ‍പ്പിള്‍ said...

വിഷ്ണൂ, സനാതനന്‍, അരുവിക്കരക്കാരന്‍, അഭിപ്രായമറിയിച്ചതിന്‍് നന്ദി. ഇതുപോലൊത്തിരി സംഭവങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അരുവിക്കരക്കാരന്‍ പറഞ്ഞത് പോലെ നമ്മുടെ കണ്ണുകള്‍ തുറന്നെങ്കില്‍! ഇവയൊക്കെ തുടച്ച് മറ്റാന്‍ നമുക്കാവില്ലയിരിക്കും, പക്ഷേ നമ്മുടെ സൌഭാഗ്യങ്ങളില്‍ തൃപ്തരാകാനുള്ള വീണ്ടു വിചാരമെങ്കിലും ഇവയൊക്കെ കാണുമ്പോള്‍ നമുക്കുണ്ടായെങ്കില്‍, കിട്ടിയതൊന്നും മതിയാകാതെ വീണ്ടും വീണ്ടും വെട്ടിപ്പിടിക്കാന്‍ പരക്കം പായുമ്പോള്‍ ഈ കാഴ്ചകള്‍ നമ്മളെ ഉപദേശിച്ചെങ്കില്‍ എന്നൊക്കെ ആശിച്ചു പോകുന്നു.

നന്ദി വല്യമ്മായി.

ഗുപ്തന്‍ said...

നോവിക്കുന്ന ഒരു അനുഭവം. വികാരങ്ങള്‍ ചോര്‍ന്നുപോകാത്ത വരികള്‍... എഴുത്ത് നന്നായി.

ആ അമ്മയെക്കുറിച്ച് മനസ്സില്‍ ‍തോന്നിയതിനെക്കുറിച്ച് വീണ്ടും ചിന്തിക്കണം എന്ന് മാത്രം അഭിപ്രായമുണ്ട്. ദാരിദ്ര്യം മനുഷ്യരെ പലവേഷങ്ങളും കെട്ടിക്കാറുണ്ട്. സ്വന്തം സ്ത്രീജന്മത്തോടുള്ള പ്രതിഷേധം പെണ്‍കുഞ്ഞുകളോട് കാണിക്കുന്ന ഒരുപാട് അമ്മമാരില്‍ ഒരാളാവാം അത്. അങ്ങനെ പലതുമാവാം....

പ്രവൃത്തികളുടെ ഉടയവന്‍ അവനവന്‍ തന്നെയല്ലാത്ത അവസ്ഥകള്‍ പലതില്ലേ ...???

ആ‍പ്പിള്‍ said...

കമന്റിന് നന്ദി മനൂ,
പ്രവൃത്തികളുടെ ഉടയവന്‍ അവനവന്‍ തന്നെയല്ലാത്ത അവസ്ഥ, ശരിയാണ്, ആ അമ്മ ചെയ്തതൊക്കെ മറ്റു പലരുടേയും പ്രവൃത്തികളുടെ അനന്തര ഫലം ആയിരിക്കാം. മറ്റ് പലതും ചിന്തിച്ചെങ്കിലും ഈ ഒരാശയം മനുവിന്റെ അഭിപ്രായം വായ്ച്ചപ്പോഴാണ് തോന്നിയത്, നന്ദി.

മൂര്‍ത്തി said...

:( കഷ്ടം..

Anonymous said...

സ്കൂളില്‍ പഠിച്ച ഒരു ഹിന്ദി കവിത ഓര്‍മ വരുന്നു.. .ഇത്തരം കാര്യങ്ങള്‍ ലോകത്ത് നടക്കുംപോഴും ദൈവം എന്ന ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ ?? ഇതൊന്നും കണ്ടു നില്ക്കാന്‍ വയ്യാതെ അങ്ങേര് എന്നോ മരിച്ചു പോയിക്കാണും(!) എന്ന് കവി വാദിക്കുന്നതായിരുന്നു സാരാംശം....