Saturday, 9 June 2007

നൊമ്പരം

നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പ്രഗത്ഭയായ അധ്യാപിക ശാരദ ടീച്ചറുടെ മൂത്ത മകള്‍ - സീത, എട്ടാം ക്ലാസ്സ്‌ ബി ഡിവിഷനിലെ ശ്രദ്ധാകേന്ദ്രം, മിടുക്കിയായത്‌ കൊണ്ടല്ല, ശാരദ ടീച്ചറുടെ മകളായത്‌ കൊണ്ട്‌. അതേ ക്ലാസ്സില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രം കൂടി - പ്രമോദ്‌ - മിടുക്കനായത്‌ കൊണ്ടല്ല, വികൃതിയില്‍ മുന്‍പനായത്‌ കൊണ്ട്‌. ക്ലാസ്സില്‍ ഏറ്റവും മുന്‍പിലെ ബെഞ്ചില്‍ സീതയും കൂട്ടുകാരും, ഏറ്റവും പുറകിലെ ബെഞ്ചില്‍ പ്രമോദ്‌.

അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ അടിച്ചു നിരപ്പാക്കി ചാണകം മെഴുകിയിടുന്ന ക്ലാസ്സ്‌ റൂമിന്റെ നിലം. ഒന്നുരണ്ടു മാസം കഴിയുമ്പോഴേക്കും ചാണകപ്പാളിയൊക്കെ ഇളകി വെറും മണ്ണ്‌ മാത്രം അവശേഷിക്കും. അക്ഷരപ്പിച്ച നടക്കാനെത്തുന്ന മക്കള്‍ പൂഴി മണ്ണില്‍ കാലിന്റെ മുട്ടുവരെ ഇറക്കി വെച്ച്‌ അക്ഷരാന്നം ആര്‍ത്തിയോടെ വിഴുങ്ങും. (ഇതൊരു പതിനഞ്ച്‌ കൊല്ലം മുമ്പത്തെ കാര്യം. ഇന്ന് ഗ്രാമങ്ങളിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റിനും നിലം മൊസൈക്കിനും മാര്‍ബിളിനും വഴിമാറിക്കൊടുത്തു കൊണ്ടിരിക്കുന്നു)

വീണ്ടും എട്ട്‌ ബി-യിലേക്ക്‌.

ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന പ്രമോദിന്റെ പ്രധാന വിനോദം നിലത്ത്‌ നിന്ന് കുഞ്ഞ്‌ കല്ലുകള്‍ പെറുക്കി അധ്യാപകര്‍ കാണാതെ മുമ്പിലിരിക്കുന്ന സീതക്കുട്ടിയെ എറിയുക (സീതക്ക്‌ അല്‍പം പോലും വേദനിക്കാത്ത വിധം!) എന്നതാണ്‌. ആദ്യമൊക്കെ വളരെ വിഷമം തോന്നിയെങ്കിലും അവള്‍ പ്രമോദിനോട്‌ കയര്‍ക്കാനോ അധ്യാപകരോട്‌ പരാതിപ്പെടാനോ പോയില്ല. മക്കളെ അച്ചടക്കത്തോടെ വളര്‍ത്തുന്ന ശാരദ ടീച്ചറുടെ മകള്‍ ആണ്‍കുട്ടികളോട്‌ സംസാരിച്ചാല്‍ അതൊരു വാര്‍ത്തയാകും, അമ്മയുടെ അഭിമാനത്തിന്‌ ക്ഷതമേല്‍ക്കും. അത്‌ കൊണ്ട്‌ സീത ഒക്കെ സഹിച്ചു. പിന്നെ പിന്നെ അതവള്‍ക്കൊരു രസമായി തോന്നി. എപ്പോഴൊക്കെയോ അവനോട്‌ സംസാരിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ ശകാരം പേടിച്ച്‌ മിണ്ടിയില്ല. ഒരു ദിവസം പ്രമോദ്‌ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ അവള്‍ക്കെന്തോ ഒരു കുറവ്‌ അനുഭവപ്പെട്ട്‌ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം, ശാരദ ടീച്ചര്‍ ആദിമദ്ധ്യാന്ത്യ വര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍.......... എന്നിങ്ങനെ വൃത്തശാസ്ത്രം എഴുതി ബോര്‍ഡ്‌ നിറക്കുന്നു. ക്ലാസ്സ്‌ തീര്‍ത്തും നിശ്ശബ്ദം. എറിയാന്‍ എടുത്ത കല്ലിന്‌ വലിപ്പം കൂടിയിട്ടോ, പ്രമോദിന്റെ കൈയുടെ സ്പിന്‍ മികവില്‍ ആക്കം കൂടിപ്പോയത്‌ കൊണ്ടോ എന്നറിയില്ല, പെട്ടെന്ന് സീതയുടെ കണ്ഠത്തില്‍ നിന്നും വേദന കലര്‍ന്ന ഒരു നിലവിളി! പൊതുവേ ശ്രദ്ധാകേന്ദ്രമായ അവളേയും ശാരദ ടീച്ചറെയും കുട്ടികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. കാര്യം അറിയാവുന്നവര്‍ പ്രമോദിന്‌ കിട്ടാവുന്ന ശിക്ഷയെപ്പറ്റിയും അറിയാത്തവര്‍ അമ്മ മകളെ ശിക്ഷിക്കുമോ എന്നതിനെപ്പറ്റിയും ആലോചിച്ചു.

എന്താ കുട്ടീ? ടീച്ചറുടെ പതിവ്‌ ചോദ്യം. നിറകണ്ണുകളുമായി എഴുന്നേറ്റ്‌ നിന്ന അവള്‍ക്ക്‌ എന്ത്‌ പറയണമെന്നറിയില്ലായിരുന്നു. പ്രമോദ്‌ ശിക്ഷിക്കപ്പെടണോ അതോ അമ്മയോട്‌ കള്ളം പറയണോ? അടുത്തിരുന്ന കൂട്ടുകാരി ഒടുവില്‍ കാര്യം ടീച്ചറെ അറിയിച്ചു. 'ടീച്ചറമ്മയുടെ' ചൂരല്‍ അവന്റെ കൈയിലും തുടയിലും അമരുമ്പോള്‍ തനിക്ക്‌ ചെറിയൊരു വേദന താങ്ങാനോ അമ്മയോടൊരു കള്ളം പറയാനോ പറ്റാത്തതില്‍ അവള്‍ വിങ്ങി. ടീച്ചര്‍ വൃത്തശാസ്ത്രം തുടരുമ്പോള്‍ അവളുടെ മനസ്സ്‌ നൊമ്പരങ്ങളുടെ തത്ത്വശാസ്ത്രം മെനയുകയായിരുന്നു. പിന്നീടൊരിക്കലും പ്രമോദ്‌ അവളെ എറിഞ്ഞില്ല.അവനോടൊരു വാക്കു പറയാനോ സാന്ത്വനിപ്പിക്കാനോ പോലും കഴിയാത്ത വിധം അവള്‍ക്ക്‌ ചുറ്റുമുണ്ടായിരുന്ന വേലിക്കെട്ടുകള്‍ വന്മതിലുകളായി വളര്‍ന്നിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ നഗരത്തിലെ പ്രശസ്ത കലായത്തില്‍ പഠനം തുടര്‍ന്നപ്പോഴും മറ്റൊരു കലാലയത്തില്‍ അധ്യാപികയായി നഗര ജീവിതത്തിലേക്ക്‌ ചേക്കേറിയപ്പോഴും അവന്‍ എവിടെയാണെന്നോ പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ എന്ത്‌ ചെയ്തുവെന്നോ അറിയില്ലായിരുന്നെങ്കിലും സീതയുടെ മനസ്സില്‍ അന്ന് നെയ്ത നൊമ്പരം ആരുമറിയാതെ ഒളിഞ്ഞു കിടന്നിരുന്നു.

ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ബസ്സില്‍ അവളുടെ സീറ്റിനരികില്‍ വന്ന് ഒരു യുവാവ്‌ ചോദിച്ചു: ശാരദ ടീച്ചറുടെ മകള്‍ സീതയല്ലേ? അതെ എന്നവള്‍ പറഞ്ഞപ്പോള്‍, എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ സ്കൂളില്‍ സീതയുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രമോദ്‌ ആണ്‌. അത്‌ കേട്ടപ്പോഴുണ്ടായ അമ്പരപ്പില്‍ പിന്നീടുള്ള അവന്റെ ചോദ്യങ്ങള്‍ക്ക്‌ അവള്‍ യാന്ത്രികമായി മറുപടി പറഞ്ഞു. താന്‍ യൂണിവേഴ്സിറ്റി കോളജില്‍ ബിരുദത്തിന്‌ പഠിക്കുകയാണെന്നവനും പറഞ്ഞു. അവനിത്ര കാലം എവിടെയായിരുന്നുവെന്നും ബിരുദപഠനം ഇത്ര വൈകിയതെന്തെന്നുമൊക്കെ ചോദിക്കണമെന്നും അന്ന് അമ്മ തല്ലിയതിന്‌ മാപ്പ്‌ പറയണമെന്നുമൊക്കെ അവള്‍ക്കുണ്ടായിരുന്നുവെങ്കിലും ബസ്സില്‍ തിരക്കേറിയത്‌ കാരണം സാധിച്ചില്ല.

ഒരു നാല്‍ക്കവലയിലിറങ്ങി ഒരു ബസ്സു കൂടി കയറണം സീതക്ക്‌ വീട്ടിലെത്താന്‍. അവനോട്‌ യാത്ര പറഞ്ഞ്‌ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ താനും അവിടെയിറങ്ങുകയാണെന്നും ഒരു ബന്ധു വീട്ടില്‍ പൊകുകയാണെന്നും പറഞ്ഞ്‌ പ്രമോദും കൂടെയിറങ്ങി. ബസ്സ്‌ സ്റ്റോപ്പിലെ പൂക്കടയില്‍ നിന്ന് അയാള്‍ കുറേ മുല്ലമൊട്ടും, അരളിപ്പൂവും, ദര്‍ഭപ്പുല്ലും, ഒരു താമരപ്പൂവും ഒന്നുരണ്ട്‌ റോസാപ്പൂക്കളും വാങ്ങി. അടുത്ത്‌ നിന്ന അവളോട്‌ സീതക്ക്‌ ചൂടാന്‍ പൂവ്‌ വേണോ എന്നവന്‍ ചോദിച്ചു. എന്ത്‌ പറയണം എന്നാലോചിച്ചു നിന്ന അവളുടെ ഉത്തരത്തിന്‌ കാത്തു നില്‍ക്കാതെ ബന്ധുവിന്റെ വീട്ടില്‍ ഒരു പൂജയുണ്ടെന്നും അതിനുടനെ എത്തണമെന്നും പറഞ്ഞ്‌ അവന്‍ നടന്നു. വീട്ടിലേക്കുള്ള ബസ്സില്‍ കയറി യാത്ര തുടരുമ്പോള്‍ സീതയുടെ മനസ്സിനെ അന്നത്തെ കല്ലേറിന്റെ കുഞ്ഞ്‌ വേദനയും തദ്വാര പ്രമോദിനുണ്ടായ തീവ്ര വേദനയും നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

അമ്മയോട്‌ പ്രമോദിനെ കണ്ട കാര്യം പറയണമെന്ന് കരുതിയതാണെങ്കിലും എന്തേ മോള്‍ക്കൊരു വല്ലായ്ക എന്ന് അമ്മ പലതവണ ചോദിച്ചിട്ടും എന്ത്‌ കൊണ്ടോ അവളത്‌ പറഞ്ഞില്ല.

പിറ്റേ ദിവസം പത്രത്തിന്റെ മുന്‍പേജില്‍ ഒരു വാര്‍ത്ത: യുവാവും കാമുകിയും വിഷം കഴിച്ചു മരിച്ചു, കാമുകിയുടെ വീടിന്റെ ടെറസ്സില്‍. ഫോട്ടോ കണ്ട്‌ സീത ഞെട്ടി, അതവനായിരുന്നു, പ്രമോദ്‌! പത്രവുമെടുത്തവള്‍ അമ്മയുടെ അടുത്തേക്കോടി. പഴയ വിദ്യാര്‍ത്ഥിയെ ശാരദ ടീച്ചര്‍ തിരിച്ചറിഞ്ഞു. തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ ദുരന്തത്തില്‍ മനം നൊന്തോ, അന്ന് തല്ലിയതില്‍ വിഷമം തോന്നീട്ടോ, അറിയില്ല, ആയമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു. ഇനിയൊരിക്കലും അവനോട്‌ മാപ്പ്‌ പറയാനാവില്ലെന്നും സാന്ത്വനത്തിന്റെ ഒരു കുഞ്ഞ്‌ തൂവല്‍ അവന്‌ സമ്മാനിക്കാനാവില്ലെന്നുമുള്ള തിരിച്ചറിവില്‍ അമ്മയുടെ അടുത്തിരിക്കുന്ന സീത ഒരു ചോദ്യത്തിനുത്തരം കണ്ടേത്താന്‍ ശ്രമിക്കുകയാണ്‌, അവന്‍ ഏത്‌ പൂജക്ക്‌ വേണ്ടിയാണ്‌ ആ പൂക്കള്‍ വാങ്ങിയത്‌? പ്രണയിനിക്ക്‌ സമ്മാനിക്കാനോ? വരണമാല്യമായ്‌ ചാര്‍ത്തുവാനോ? ചിതയില്‍ വച്ചെരിക്കാനോ? ബലിപൂജക്ക്‌ വേണ്ടിയോ?

പ്രീയപ്പെട്ട പ്രമോദ്‌, എന്റെ ഉള്ളിലെ അസ്വസ്ഥ പൂന്തോട്ടത്തില്‍ നിന്നും ഈ നൊമ്പരപ്പൂക്കള്‍ ഇറുത്തെടുത്തത്‌ നിനക്ക്‌ അര്‍പ്പിക്കാന്‍ വേണ്ടിയാണ്‌.
മാപ്പിനായ്‌ കേണുകൊണ്ട്‌ - സീതക്കുട്ടി.

11 comments:

ആ‍പ്പിള്‍ said...

ടീച്ചര്‍ വൃത്തശാസ്ത്രം തുടരുമ്പോള്‍ അവളുടെ മനസ്സ്‌ നൊമ്പരങ്ങളുടെ തത്ത്വശാസ്ത്രം മെനയുകയായിരുന്നു....

വിപിന്‍ said...

ആപ്പിള്‍കുട്ടാ...
നന്നായിട്ടുണ്ട്.. ഇത്രയൊക്കെ കയ്യിലുണ്ടെന്നു കരുതിയില്ല. ചില സാഹചര്യങ്ങളില്‍ നമ്മള്‍ തികച്ചും നിസ്സഹായരായിപ്പോകാറുണ്ട്. അത്തരം ചില നിമിഷങ്ങള്‍ അറിയാതെ ഓര്‍ത്തുപോയി.
ഇനിയുമെഴുതൂ... വായിക്കാനായി കാത്തിരിക്കുന്നു.
ചില്ലറ പ്രശ്നങ്ങള്‍ ഇല്ലാതില്ല.
കുറേക്കൂടി എഴുതിത്തെളിയാനുണ്ട്..

Mubarak Merchant said...

കൊള്ളാം. എഴുത്ത് നന്നായിട്ടുണ്ട്.

ആ‍പ്പിള്‍ said...

അരുവിക്കരക്കാരനും ഇക്കാസിനും നന്ദി.
ഇനിയും അഭിപ്രായങ്ങള്‍ അറിയിക്കണേ.
പോരയ്മകളും എഴുതുമല്ലോ?

Sanal Kumar Sasidharan said...

എന്‍‌റ്റെ കവിതയെക്കുറിച്ചുള്ള താങ്കളുടെ കമന്‍‌റ്റു കണ്‍ടു വളരെ സന്തോഷം. വ്വീണ്ടും എഴുതണമെന്ന് ആഗ്രഹിപ്പിക്കുന്നു അത്.

വല്യമ്മായി said...

വളരെ നല്ല കഥ.

തറവാടി said...

നല്ല കഥ

ആ‍പ്പിള്‍ said...

വല്യമ്മായി,തറവാടി,
പ്രോത്സാഹനത്തിന് നന്ദി.

ഏറനാടന്‍ said...

ആപ്പിള്‍ കുട്ടാ ഒരു കുട്ട ആപ്പിള്‍ ഇതാ പിടിച്ചോളൂ..

ആ‍പ്പിള്‍ said...

ആപ്പിള്‍ കിട്ടി, സാലഡില്‍ ചേര്‍ക്കാട്ടോ.
നന്ദി ഏറനാടന്‍ മാഷേ.

Anonymous said...

വായിച്ചു കഴിഞ്ഞപ്പോള്‍ എന്തോ, എവിടെയോ ഒരു ദുഃഖം !