Monday, 30 June 2008

തീര്‍ത്ഥാടനങ്ങള്‍

പത്ത് മാസം നീണ്ട കൂട്ടിച്ചേര്‍ക്കലുകള്‍,
ഗുണനങ്ങള്‍, രാസമാറ്റങ്ങള്‍, അങ്ങിനെ പലതും
ഒടുവിലാ തീര്‍ത്ഥാടനത്തിനായ്, ബന്ധം മുറിച്ച്, ഭാണ്ഡവും പേറി,
ഏകനല്ലെങ്കിലും ഏകനായെത്തി ഞാന്‍.

സംവത്സരങ്ങളെ പിന്നിലാക്കി
വിശ്രമമില്ലാത്ത തീര്‍ത്ഥാടനം
പരമമാം സത്യം തേടി
ഉള്‍‍പ്പൂവിനുള്ളിലൂടെ ഒരു തീര്‍ത്ഥയാത്ര.

ബാല്യ കൌമാര യൌവ്വന വീഥികള്‍ താണ്ടുമ്പൊഴും
എവിടേക്കെന്നറിയാത്ത, എന്തിനെന്നറിയാത്ത തീര്‍ത്ഥാടനം,
എങ്കിലും എല്ലാം നേടുകയെന്ന ലക്ഷ്യവുമായി
ശാശ്വത സ്വര്‍ഗ്ഗം തേടി....

മനസെന്ന മാന്ത്രികനെ വരുതിയിലാക്കുവാന്‍
ആരാണ് ഞാനെന്ന ചോദ്യവുമായി
എന്താണ് പ്രകൃതിയെന്ന മറുചോദ്യവുമായി
സംവാദ കോലാഹലത്തിനിടയിലും തുടരുന്ന തീര്‍ത്ഥയാത്ര.

വാര്‍ദ്ധക്യം പിടിമുറുക്കുമ്പോഴും
തളരില്ലെന്ന വാശിയില്‍ അമരത്വം നേടിയ മാതിരി
ലോകത്തിന്റെ നെറുകയില്‍, അല്ല അതിനപ്പുറത്തൊരു ലോകമുണ്ടെങ്കില്‍
അവിടേയും എത്താനായ് തുടരുന്ന തീര്‍ത്ഥാടനം.

എന്ത് കൊണ്ട് ഞാനും നീയും? കടലും പാറയും? വര്‍ഷവും വേനലും?
ഇരുട്ടും വെളിച്ചവും? വെള്ളച്ചാട്ടവും അഗ്നിപര്‍വ്വതവും?
അനിയന്ത്രിതമായ മായാജാലങ്ങള്‍ അതിജീവിക്കാന്‍
പൊരുള്‍ തേടിയൊരു തീര്‍ത്ഥയാത്ര.

ഒടുവില്‍ പഞ്ചഭൂതങ്ങളായ് പുറപ്പെട്ടിടത്ത് തന്നെ അലിഞ്ഞ് ചേരുമ്പോള്‍
ആ രണ്ട് തീര്‍ത്ഥാടനങ്ങളും അവസാനിച്ചുവോ?
പുതിയ തീര്‍ത്ഥാടനങ്ങള്‍ക്ക് വഴി തുറക്കാന്‍
കൂട്ടലും ഗുണനവും തുടരു‍ന്നുവോ?


കാശിയും ജെറുസലേമും മെക്കയും
ഗയയുമൊക്കെ താണ്ടി ഞാന്‍.
പക്ഷേ,
എന്താണ് ശാശ്വത സ്വര്‍ഗ്ഗം?
എന്താണ് പരമമായ സത്യം?
വൃഥാവിലായൊരെന്‍ തീര്‍ത്ഥാടനങ്ങള്‍!

Sunday, 1 June 2008

ഞാവല്‍ പഴത്തിന്റെ ചേലാണ്‌........

എന്റെ കാമ്പസില്‍ രണ്ട്‌ വലിയ ഞാവല്‍ മരങ്ങളുണ്ട്‌. കോണ്‍ക്രീറ്റ്‌ മന്ദിരങ്ങള്‍ എല്ലായിടത്തും തല ഉയര്‍ത്തിയപ്പോള്‍ നാട്ടിലെങ്ങും കാണാനില്ലാത്ത ഈ മരത്തിന്റെ ചില ചിത്രങ്ങള്‍ ഇവിടെയിടാം എന്നു തോന്നി. നിര്‍മ്മാണ കുതുകികളായ എന്‍ജിനീയര്‍മാരുടെ ഈ കലാലയത്തില്‍ മരങ്ങള്‍ അന്ത്യശ്വാസം വലിച്ച്‌ കൊണ്ടിരിക്കുന്നതിനാല്‍ ഇനിയൊരിക്കല്‍ ഫോട്ടോ പോലും ചിലപ്പോള്‍ കിട്ടിയെന്നു വരില്ല.

(ബൂലോഗ ഫോട്ടോഗ്രാഫര്‍മ്മാരോട്‌:: ഫോട്ടോഗ്രഫിയുടെ സാങ്കേതിക വശങ്ങളൊന്നും എനിക്കറിയില്ല, കയ്യിലൊരു കാമറ ഉള്ളത്‌ കൊണ്ട്‌ എന്തെങ്കിലുമൊക്കെ ക്ലിക്കുന്നു. ദയവായി എന്നെ ക്രൂശിക്കരുത്‌)

പറഞ്ഞ്‌ വന്ന കഥാപാത്രം ഞാന്‍ തന്നെ




ഇവരാണെന്റെ അടുക്കളക്കാരികള്‍




എന്റെ മക്കളാ, സുന്ദരികളല്ലേ?



ആ പഴയ പാട്ട് ഓര്‍മ്മയില്ലേ? ഞാവല്‍ പഴത്തിന്റെ ചേലാണ്‌!



എള്ളിന്‍ കറുപ്പ്‌ പുറത്താണ്‌, ഉള്ളിന്റെയുള്ള്‌ തുടുത്താണ്‌!





കൊതിയാവുന്നുണ്ടോ?

പക്ഷേ ഇവിടത്തെ ടെക്നോക്രാറ്റുകള്‍ക്കറിയില്ല, ഇത്‌ ഭക്ഷ്യ യോഗ്യമാണെന്ന്, പെപ്സിയും കോളയും കഴിക്കുന്ന അവര്‍ ഇതൊക്കെ ചവിട്ടിക്കടന്നു പോകുന്നു.


ശുഭം

Tuesday, 22 April 2008

ഭരണി

ദാ, ഇവിടെയൊരു മൂശാരി,
മണ്ണ് ചവിട്ടിക്കുഴച്ച് തീയില്‍ ചുട്ടെടുത്ത്
ഭരണികള്‍ തീര്‍ക്കുന്ന മൂശാരി.

ഒരേ അച്ചില്‍ വാര്‍ത്തിട്ടും ഒക്കെയും വ്യത്യസ്തം,
കാഴ്ചയ്ക്കും അളവിലും!
പക്ഷേ എല്ലാത്തിനും ഒരേ ലക്ഷ്യമായിരുന്നു,
കിട്ടാവുന്നത്ര സംഭരിക്കുക!

എത്ര ഉള്ളിലാക്കിയിട്ടും മതി വരുന്നില്ല,
കഴിയാവുന്നത്ര നേടിയെന്ന്
അഹന്തയുടെ കൊടുമുടി കയറുമ്പോഴും
അടുത്തിരിക്കുന്ന ഭരണിയില്‍
കൂടുതലുണ്ടെന്നറിയുമ്പോള്‍
വീണ്ടും വാരിക്കൂട്ടാനുള്ള വ്യഗ്രത, മത്സരം!

കുത്തി നോവിച്ചും ഊറ്റിക്കുടിച്ചും
വീര്‍ത്ത വയറുകള്‍ പിന്നെയും
വീര്‍പ്പിക്കാന്‍ വെമ്പുന്ന ഭരണികള്‍.

ഈ കാഴ്ചകള്‍ കണ്ടു മടുത്ത മൂശാരി
കയ്യൊന്നനക്കി!
ആ ഉലച്ചിലില്‍ താഴെ വീണ്
പൊട്ടിച്ചിതറി ‘ഭരണികള്‍’!