Saturday, 28 July 2007

മധുരമൂറുന്ന കൈക്കൂലി - ജീവിതത്തില്‍ നിന്ന് #2

ഞാന്‍ വീട്ടിലെ കടിഞ്ഞൂല്‍ പിറവി, എനിക്ക് ഒരു അനിയത്തിയും അനിയനും.

ഞാന്‍ നാലാം ക്ലാസ്സിലും, അനിയത്തി മൂന്നിലും, അനിയന്‍ ഒന്നിലും പഠിക്കുന്നു. അനിയന്‍സ് അക്ഷരമാല‍ പഠിക്കുന്നതേയുള്ളൂ, ഞാനും അനിയത്തിയും വലിയ വായനക്കാരാണേയ്, അക്ഷരങ്ങള്‍ കൂട്ടി വാക്കുകളും വാക്കുകള്‍ ചേര്‍ത്ത് വാക്യങ്ങളും എഴുതുകയും വായിക്കുകയും വായിച്ചതിന്റെ അര്‍ത്ഥം മനസിലാക്കുകയുമൊക്കെ ചെയ്യുന്ന ബുദ്ധിജീവികള്‍! ബാലഭൂമി, പൂമ്പാറ്റ, ബാലരമ ഇത്യാദികള്‍ മുടങ്ങാതെ വീട്ടിലെത്തുന്നുണ്ട് (ഷാനവാസ് ഇലിപ്പക്കുളം ദയവായി ക്ഷമിക്കുക, അന്ന് കളിക്കുടുക്ക ജനിച്ചിട്ടില്ല, അല്ലെങ്കില്‍ ഞങ്ങള്‍ സുനിതയോ കല്പനയോ മറ്റോ ആയേനെ!). ഇവയുടെ വരവും കാത്തിരിക്കും ഞാനും അനിയത്തിയും, ആദ്യം വായിക്കാന്‍ പലപ്പോഴും സ്റ്റണ്ട് തന്നെ നടത്തീട്ടുണ്ട് ഞങ്ങള്‍. ഏതായലും കയ്യില്‍ കിട്ടിയാല്‍ പിന്നെ മുഴുവനും വായിച്ചു തീരുന്നത് വരെ ഒരാളുടെ ശല്യം കുറയും വീട്ടുകാര്‍ക്ക്.

എത്ര കഥ കേട്ടാലും മതി വരാത്ത അനിയന്‍, അമ്മയുടെ കൈവശമുള്ള കഥകളുടെ സ്റ്റോക്കൊക്കെ എന്നേ കഴിഞിരിക്കുന്നു, ഒരിക്കല്‍ പറഞ്ഞ കഥ വീണ്ടും പറഞ്ഞാല്‍ അപ്പൊ പിടികിട്ടും പുള്ളിക്കാരന്, സന്ദര്‍ഭവും കഥാപാത്രങ്ങളുമൊക്കെ തരം പോലെ മാറ്റി ഒരു വിധം അഡ്ജസ്റ്റ് ചെയ്യുകയാണമ്മ. പാവം അനിയന്‍, അവനൊന്നും വായിച്ച് മനസിലാക്കാറായിട്ടില്ലല്ലോ, കഥാപുസ്തകങ്ങളിലെ ഓരോ പേജിലേയും ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരായിരം ചോദ്യങ്ങളുമായി ഞങ്ങളുടെ പിന്നാലെ നടക്കും, ഞങ്ങള്‍ക്കാണെങ്കില്‍ ഒടുക്കത്തെ അഹങ്കാരവും. അങ്ങിനെ എളുപ്പത്തില്‍ കാര്യം നടക്കില്ലെന്ന് മനസിലായി അനിയന്.

ഒരു ദിവസം അവന്‍ ഒരു മിഠായിയും ഒരു പുസ്തകവും കയ്യില്‍ പിടിച്ച് എന്റെയടുത്തെത്തി, സംഗതി ഇത്രേയുള്ളൂ, അവനൊരു കഥ വായിച്ച് പറഞ്ഞ് കൊടുത്താല്‍ മിഠായി ഫ്രീയായി എനിക്ക് തരും, ഞാന്‍ നോക്കിയപ്പോള്‍ വലിയ തരക്കേടില്ലാത്ത ബിസിനസ് തന്നെ, ഒരു കഥ വായിച്ചു കൊടുത്താല്‍ നഷ്ടപ്പെടാനൊന്നുമില്ല, മിഠായി കിട്ടുകേം ചെയ്യും. ഉപാധികളൊന്നുമില്ലാതെ കരാര്‍ അംഗീകരിക്കപ്പെട്ടു.

പിന്നീട് അതൊരു പതിവായി. അവന് കിട്ടുന്ന മിഠായി, ഉണ്ണിയപ്പം, തുടങ്ങിയവയൊക്കെ ആരും കാണാതെ സൂക്ഷിച്ച് വയ്ക്കും, കഥാപുസ്തകമെത്തിയാല്‍ ഞങ്ങള്‍ രണ്ട് പേരേയും കൂട്ടി ഒരു മുറിയില്‍ വട്ടമേശ സമ്മേളനം ആരംഭിക്കും, ഓരോ കഥ കഴിയുമ്പോഴും വായിച്ച് കൊടുത്തയാള്‍ക്ക് അവന്‍ സൂക്ഷിച്ച് വച്ചിരുന്ന മധുര പലഹാരം തരും. അമ്മ ഒരു ദിവസം കണ്ടു പിടിക്കുന്നത് വരെ കൈക്കൂലി വാങ്ങി ഞാനും അനിയത്തിയും നടത്തിയിരുന്ന ഈ കഥാപാരായണം തുടര്‍ന്നു. പൊതുവേ ഭക്ഷണം കഴിക്കാന്‍ വിമുഖത കാണിച്ചിരുന്ന അവന് കൊടുത്തിരുന്ന പലഹാരങ്ങള്‍ പോലും ഞങ്ങളാണകത്താക്കിയിരുന്നത് എന്ന് മനസിലാക്കിയ അമ്മ എതായാലും ഈ കഥാപാരായണാസ്വാദന പ്രസ്ഥാനത്തെ നിര്‍ത്തലാക്കിയില്ല. കഥാപുസ്തകം എത്തുന്ന ദിവസം അമ്മ സ്പെഷ്യല്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വയ്ക്കും. ഞാനും അനിയത്തിയും കഥ വായിക്കും, ഓരോ കഥ കഴിയുമ്പോഴും ഞങ്ങള്‍ മൂന്ന് പേര്‍ക്കും പലഹാരവും കിട്ടും. അവന്‍ ഞങ്ങളെപ്പോലെ ‘ബുദ്ധിജീവി’ ആകുന്നത് വരെ ഈ പ്രസ്ഥാനം ഉത്സാഹപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നു.

വര്‍ഷങ്ങള്‍ കുറെ കഴിഞ്ഞു, ഇന്നിപ്പോള്‍ വിശ്വസാഹിത്യത്തിലെ ക്ലാസ്സിക്കുകള്‍ ഒന്നൊഴിയാതെ വായിക്കുന്ന, ഞങ്ങള്‍ക്ക് വായിക്കാന്‍ പബ്ലിക് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ കൊണ്ട് തരുന്ന, മിടുക്കനായി പഠിച്ച് എന്‍ജിനീയറായി രാജ്യസേവനം ചെയ്യുന്ന അവനെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ കഥ കേള്‍ക്കാന്‍ കൊതിച്ച് നടന്നിരുന്ന ഒരു കൊച്ചനുജന്റെ ചിത്രം മനസിലും അവന്‍ തന്നിരുന്ന കുഞ്ഞു കൈക്കൂലിയുടെ മധുരം നാവിലും നിറയുന്നു.

Monday, 9 July 2007

മായാത്ത മുറിപ്പാട് - ജീവിതത്തില്‍ നിന്ന് #1

(തലച്ചോറില്‍ ഭൂതകാലം ശേഖരിച്ച് വച്ചിരിക്കുന്നിടം മുഴുവന്‍ പല തവണ റെയ്ഡ് നടത്തിയിട്ടും ഈ സംഗതിയുടെ നേരിയൊരു തുമ്പ് പോലും എനിക്ക് കണ്ടെത്താനായിട്ടില്ല. പക്ഷേ അമ്മയും അമ്മച്ചിയും കുഞ്ഞമ്മമാരും ഇന്നും ഇതിന് നല്ല പുബ്ലിസിറ്റി കൊടുക്കുന്നുണ്ട്. തെളിവായി ആ മുറിപ്പാട് മാത്രം ഭൂതകാലത്തിലേക്ക് കൈ ചൂണ്ടി നില്‍ക്കുന്നു, ഞാനങ്ങിനെയൊന്നും ചെയ്തിട്ടില്ലെന്ന് വിളിച്ച് പറയാന്‍ എനിക്കൊരു വിലങ്ങുതടിയായി.)

ഇതിലെ കഥാപാത്രങ്ങള്‍: അമ്മ, അമ്മച്ചി (അമ്മമ്മ), ശുശിക്കുഞ്ഞ & വയന്തക്കുഞ്ഞ (അമ്മയുടെ അനിയത്തിമാര്‍, സുശീലയും വസന്തയും, സംസാരിക്കാന്‍ തുടങ്ങിയ കാലത്ത് ഞാനവരെ വിളിച്ച ഈ പേരുകള്‍ തന്നെ ഞാനിന്നും വിളിക്കുന്നു), അനിയത്തി, പിന്നെ ഞാനും.

അമ്മയുടെ തറവാടാണ് സംഭവസ്ഥലം. അന്നെനിക്ക് ഒന്നര വയസ് പ്രായം, അമ്മയുടേയും അമ്മച്ചിയുടെയും കുഞ്ഞമ്മമാരുടെയും ഇടയില്‍ ഞാനൊരു താരമായി വിലസുകയാണ്. അങ്ങനെയിരിക്കെ ദാ വരുന്നൂ എന്റെ അനിയത്തിക്കുട്ടി. അമ്മയുടെ വയറിനുള്ളില്‍ ഉറങ്ങിക്കിടക്കുകയാണെന്ന് കുഞ്ഞമ്മമാര്‍ പറഞ്ഞ് തന്നിരുന്ന എന്റെ കുഞ്ഞാവ ഉറക്കമുണര്‍ന്ന് പ്രകൃതിയിലെ വര്‍ണ്ണക്കാഴ്ചകള്‍ കാണാനെത്തിയിരിക്കയാണ്, എനിക്കാകെ സന്തോഷമായത്രേ. അവള്‍ വന്ന വിവരം വഴിയേ പോയ സകലരേയും ഉത്സാഹപൂര്‍വം അറിയിച്ചത് ഞാനായിരുന്നു പോലും.

പക്ഷേ ചില ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കുഞ്ഞു സാമ്രാജ്യത്തില്‍ അതിക്രമിച്ച് കടന്ന ഒരു ശത്രുവായി അവള്‍ മാറി. താഴത്തോ തലയിലോ വയ്ക്കാതെ എന്നെ താലോലിച്ചിരുന്ന കുഞ്ഞമ്മമാര്‍ പോലും അവളുടെ കൂടെയാണ് സദാനേരവും. എന്നോടൊപ്പം കളിക്കാനോ എനിക്ക് കഥ പറഞ്ഞ് തരാനോ അവര്‍ക്കൊരു താല്പര്യവുമില്ല. അവള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പരിഗണന എന്നെ അസൂയക്ക് കയ്യും കാലും വച്ചൊരാളാക്കിയത്രേ. അമ്മയുടെ മുലപ്പാല്‍ കുടിച്ചവള്‍ വളരുന്നത് എനിക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു പോലും.

അവള്‍ പിച്ചവച്ച് നടക്കാന്‍ തുടങ്ങിയയിടക്ക് ഒരു ദിവസം. തറവാടിന്റെ മുറ്റത്ത് നിന്ന് നാലഞ്ച് സ്റ്റെപ്പ് കയറണം വരാന്തയിലെത്താന്‍. സാമാന്യം വീതിയുള്ള വരാന്തയില്‍ കുഞ്ഞമ്മമാരും അവളും ഞാനും. അമ്മ പതിവ് പോലെ കാച്ചിയ പാല്‍ കുപ്പിയിലാക്കി എന്റെ കയ്യില്‍ തന്നു. എന്നോടുള്ള അവഗണനയുടെ പ്രതിഷേധസൂചകമായി ആ പാല്‍ക്കുപ്പി ഞാന്‍ നിലത്ത് വലിച്ചെറിഞ്ഞു. കുപ്പി പൊട്ടി പാല്‍ അപ്പടി നിലത്തൊലിച്ചു. ദേഷ്യം വന്ന അമ്മ എനിക്കിട്ട് രണ്ട് പൊട്ടിച്ചു. ആ അപമാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുഞ്ഞമ്മമാരുടെ കണ്ണ് വെട്ടിച്ച് ഞാന്‍ അനിയത്തിയെ ഒന്നു തള്ളി. അവള്‍ വരാന്തയില്‍ നിന്നും മുറ്റത്തേക്ക് വീണു, നെറ്റി പൊട്ടി ചോരയൊലിച്ചു. നേരത്തെ പൊട്ടിച്ചതിന് ഫലമില്ലെന്ന് മനസിലാക്കിയ അമ്മ പിന്നൊരു മാലപ്പടക്കം തന്നെ പൊട്ടിച്ചൂന്നും പിന്നെ കുറെ ദിവസത്തേക്ക് അമ്മയെ കാണുന്നത് പോലും എനിക്ക് പേടിയായിരുന്നൂന്നും പാല്‍ക്കുപ്പി കാണേണ്ട താമസം ഓടിച്ചെന്ന് ഒരു തുള്ളീ പോലും കളയാതെ ഞാന്‍ അകത്താക്കീയിരുന്നൂന്നുമൊക്കെ അമ്മച്ചിയും കുഞ്ഞമ്മമാരും നാട്ടുകാരെ ഇന്നും ഉത്സാഹപൂര്‍വം അറിയിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം വിവരം വച്ച് തുടങ്ങിയപ്പോള്‍ അറിവില്ലാ പ്രായത്തില്‍ ഞാന്‍ ചെയ്തെന്ന് പറയപ്പെടുന്ന ഈ കുറ്റം എനിക്കൊരു വേദനയായി മാറി. ഓരോ തവണ ഈ കഥ കേള്‍ക്കുമ്പോഴും ഞാനങ്ങിനെ ചെയ്തിട്ടില്ലെന്ന് സ്ഥാപിക്കണമെന്ന് തോന്നും, പക്ഷേ അവര്‍ക്ക് തെളിവിനായി അവളുടെ നെറ്റിയില്‍ ആ മുറിപ്പാട് ഇന്നും മായാതെ മങ്ങാതെ വിലസുന്നു. സകല ദൈവങ്ങളേയും വിളിച്ച് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും നീ ചെയ്ത തെറ്റില്‍ നിന്ന് നിനക്ക് രക്ഷപ്പെടാനാവില്ലെന്ന് പറഞ്ഞ് അവരാരും അതിനെ മായ്ച്ച് കളയാന്‍ ഒരു ശ്രമം പോലും നടത്തിയില്ല. എന്റെയുള്ളില്‍ ആഴത്തിലുള്ള ഒരു മുറിവായി ഈ സംഭവം അവശേഷിക്കുന്നു, ഇന്നും ഈ കഥ കേള്‍ക്കുമ്പോള്‍ എന്നെ വേദനപ്പെടുത്തുന്ന ഒരു മുറിവായി.