Saturday, 30 June 2007

ആരാണ് കുറ്റവാളി? ആരാണ് ജയിച്ചത്?

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ ദൃശ്യ, ശ്രാവ്യ, പത്ര മാധ്യമങ്ങളില്‍ ഇടം പിടിച്ച ഒരു വാര്‍ത്തയാണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്... ‘എന്‍‌ജിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി വിഷം കഴിച്ച് മരിച്ചു’, ‘വിദ്യാര്‍ഥിനിയുടെ മരണം; ലാബുകള്‍ തകര്‍ത്തു’.

കോഴിക്കോട് ജില്ലയിലെ ഒരു സ്വകാര്യ എന്‍‌ജിനീയറിംഗ് കോളേജിലാണ് സംഭവം. മാധ്യമങ്ങള്‍ പറയുന്നതിങ്ങനെ: പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന് പറഞ്ഞ് അധ്യാപകര്‍ ചോദ്യം ചെയ്തതിലുള്ള വിഷമമാണ് നയന എന്ന പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. പരീക്ഷയ്ക്ക് ക്ലാസ്സിലെ എല്ലാ കുട്ടികള്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചത് കോപ്പിയടിച്ചത് കൊണ്ടാണെന്ന് പറഞ്ഞാണ് അധ്യാപകര്‍ ശകാരിച്ചത്. എന്നാല്‍ താന്‍ കോപ്പിയടിച്ചിട്ടില്ലെന്ന് നയന. അധ്യാപകരോട് തനിക്ക് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ലെന്നറിയിച്ച നയന ഇനിയൊരിക്കലും താന്‍ കോളേജിലേക്കില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു. സഹപാഠിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കൂട്ടുകാര്‍ വീട്ടിലെത്തിയപ്പൊഴേക്കും അവള്‍ അമ്മക്കൊരു കത്തെഴുതി വെച്ചിട്ട് വിഷം കഴിച്ചിരുന്നു. ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി നയന മരിച്ചു. അധ്യാപകരുടെ പീഡനം മൂലമാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നരോപിച്ച് വിദ്യാര്‍ഥികള്‍ കാമ്പസിലെ ലാബുകളും ജനല്‍ചില്ലുകളും തകര്‍ത്തു. മനേജ്മെന്റ് മൂന്ന് അധ്യാപികമാരെ സസ്പെന്‍‌ഡ് ചെയ്തു. ഇതേ മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണ വിഭാഗം ഓഫീസ് എ. ഐ. എസ്. എഫ്. പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു.

ആരാണിവിടെ കുറ്റവാളീ?

എല്ലാ കുട്ടികള്‍ക്കും ഒരേ മാര്‍ക്ക് ലഭിച്ചാല്‍ ഏതധ്യാപകനും സ്വാഭാവികമായി തോന്നാവുന്ന ഒരു സംശയമാണ് കോപ്പിയടി നടന്നിട്ടുണ്ടാവാം എന്നത്. അതിന് അവര്‍ കുട്ടികളെ ശകാരിക്കുന്നതും സ്വാഭാവികം. താന്‍ കോപ്പിയടിച്ചിട്ടില്ല എന്ന് ഉറപ്പുള്ള ഒരു വിദ്യാര്‍ഥി ചെയ്യാത്ത തെറ്റിനായിരിക്കാം ഈ ശകാരം കേള്‍ക്കെണ്ടി വന്നത്, അത് കുട്ടിയെ മാനസികമായി വിഷമിപ്പിച്ചിട്ടുമുണ്ടാവും. എങ്കിലും അതിനോട് ഇങ്ങിനെയാണോ പ്രതികരിക്കേണ്ടത്?

ചെറിയൊരു ബുദ്ധിമുട്ടു പോലും ബാധിക്കാതെ മക്കളെ വളര്‍ത്താന്‍ പാട് പെടുന്നവരാണീന്നത്തെ മാതാപിതാക്കള്‍. എന്തൊക്കെ പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അതൊന്നും അവരെ അറിയിക്കാതെ, ഒന്നും നേരിടാനുള്ള അവസരം അവര്‍ക്ക് നല്‍കാതെ, പരാജയങ്ങളിലും പഴിചാരലുകളിലും തളരാതെ മുന്നേറുവാനുള്ള മാനസിക കരുത്തില്ലാത്ത ‘pampered children’ ആയി മക്കളെ വളര്‍ത്തിയെടുക്കുന്നവരല്ലേ നമ്മള്‍?

കാര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാതെ കുട്ടികളെ ശകാരിക്കുന്നത് ശരിയാണോ? ഭൂരിഭാഗം പേരും കോപ്പിയടിച്ചാലും അത് ചെയ്യാത്ത ചിലരെങ്കിലും ഉണ്ടാവില്ലേ? കോപ്പിയടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഒരു കുട്ടിയെ വീണ്ടും അധിക്ഷേപിച്ചത് അധ്യാപകര്‍ക്ക് ഉചിതമോ?

അപ്പോള്‍ കുറ്റവാളി അധ്യാപകരോ മാതാപിതാക്കളോ അതോ കുട്ടി തന്നെയോ?

(മറ്റൊരു സ്വകാര്യ എന്‍‌ജിനീയറിംഗ് കോളേജില്‍ നടന്ന, പുറം ലോകം അറിയാത്ത ഒരു സംഭവം കൂടി ഇവിടെ സൂചിപ്പിക്കട്ടെ.

പന്ത്രണ്ടാം ക്ലാസ് വരെ ഗള്‍ഫില്‍ പഠിച്ച മിടുക്കിയായ ഒരു പെണ്‍കുട്ടി, അതു വരെ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു അവള്‍. എന്‍‌ജിനീയറിംഗിന് അവള്‍ക്കിഷ്ടപ്പെട്ട ബ്രാഞ്ചില്‍ ഓപ്പണ്‍ മെരിറ്റില്‍ അഡ്മിഷനും ലഭിച്ചു. മകളെ ഹോസ്റ്റെലിലാക്കി മാതാപിതാക്കള്‍ ഗള്‍ഫിലേക്ക് മടങ്ങി. ഒന്നാം വര്‍ഷ പരീക്ഷയില്‍ പ്രതീക്ഷിച്ച വിജയം ലഭിച്ച ഈ പെണ്‍കുട്ടിക്ക് മൂന്നാം സെമസ്റ്ററില്‍ അത് തുടരാനായില്ല. രണ്ട് വിഷയങ്ങള്‍ക്ക് തോറ്റു പോയ അവളെ മാതാപിതാക്കള്‍ ഫോണിലൂടെ ശകാരിച്ചു. ഹോസ്റ്റല്‍ മുറിയില്‍ തന്റെ കൂട്ടുകാരുടെ മുന്നില്‍ വച്ച് കത്തിയെടുത്ത് അവള്‍ കൈത്തണ്ട മുറിച്ചു. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ അവളെ കോളേജധികൃതര്‍ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചത് കൊണ്ട് ജീവന്‍ രക്ഷിക്കാനായി. എല്ലാ പ്രതീക്ഷകളും മകളില്‍ അര്‍പ്പിച്ച്, അവള്‍ക്ക് വേണ്ടി വിദേശമണ്ണീല്‍ ജോലി ചെയ്യുകയും അവിടിരുന്ന് അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അച്ഛനും അമ്മയും അവളുടെ പഠനം മോശമായതിന് വഴക്ക് പറഞ്ഞാല്‍ ഉടനെ കൈ മുറിക്കുകയാണോ വേണ്ടത്? നമ്മുടെ മക്കളെന്തേ ഇങ്ങനെ?)

ജയിച്ചതാര്?

മാതാപിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും തോരാക്കണ്ണീര്‍ സമ്മാനിച്ച് മടങ്ങിയ നയന ജയിച്ചുവോ?
കാര്യമറിയാതെ നയനയെ ശകാരിച്ചു/അധിക്ഷേപിച്ചു എന്ന് പറയപ്പെടുന്ന അധ്യാപികമാര്‍ക്കെന്ത് ജയം?
മൂന്ന് യുവ അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് മുറവിളി കൂട്ടിയവരേ, നിങ്ങളാണോ ജയിച്ചത്?
[ഒരു പക്ഷേ മാനേജ്മെന്റ് ഇവരെ ടെര്‍മിനേറ്റ് ചെയ്തേക്കാം, ഇവര്‍ അധ്യാപകവൃത്തിയില്‍ തുടരാം, തുടരാതിരിക്കാം, എന്ത് തന്നെ ആയാലും തങ്ങളുടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരം ഒരു സംഭവത്തിന് ഉതരവാദികളായ/ഉത്തരവാദികളാക്കപ്പെട്ട ഈ ചെറു അധ്യാ‍പകരെ ഇത് എന്നും വേട്ടയാടിക്കൊണ്ടിരിക്കില്ലേ? അതാണോ നയനയുടെ ജയം? (നയനക്കാണ് ജയമെങ്കില്‍)].
മാനേജ്മെന്റ് ലക്ഷങ്ങള്‍ ചെലവഴിച്ചുണ്ടാക്കിയ ലാബുകള്‍ തകര്‍ത്ത സഹവിദ്യാര്‍ഥികള്‍ക്ക് ജയം അവകാശപ്പെടാമോ?
മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ഭരണ വിഭാഗം ഓഫീസ് അടിച്ച് തകര്‍ത്ത് വാര്‍ത്താപ്രാധാന്യം നേടിയ വിദ്യാര്‍ഥി സംഘടനക്കാണോ ജയം?

Wednesday, 27 June 2007

രണ്ടമ്മമാര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ്, കോഴിക്കോട് നിന്നും തിരുവനന്തപുരം വരെ ഒരു ട്രെയിന്‍ യാത്ര. മുന്‍‌കൂട്ടി പ്ലാന്‍ ചെയ്തതായിരുന്നില്ല, അത് കൊണ്ട് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍‌ വൈകി, ഒടുവില്‍ റിസര്‍വേഷന്‍ ലഭിച്ചില്ല, still on waiting list. നല്ല തിരക്കുള്ള സമയം, മദ്ധ്യവേനലവധി കഴിയാറായി, പോരാത്തതിന് വാരാന്ത്യവും. റെയില്‍‌വേ സ്റ്റേഷനില്‍ എത്തിയപ്പൊ തന്നെ യാത്രയുടെ സുഖമെന്തായിരുക്കുമെന്ന് ഏകദേശം മനസിലായി.

ട്രെയിന്‍ എത്തി. waiting list-ല്‍ പെട്ടവര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റില്‍ കയറുന്നത് ശിക്ഷാര്‍ഹം എന്ന കുറിപ്പും പിടിച്ച് ടിക്കറ്റ് പരിശോധകര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് പേടിപ്പിച്ചത് കൊണും വലിയ നോട്ട് കൊടുക്കുന്നവന് waiting list-ല്‍ ഏറ്റവും താഴെയാണെങ്കിലും സീറ്റ് ലഭിക്കുമെന്നറിയാവുന്നത് കൊണ്ടും ആ പരിപാടിയോട് താല്‍‌പര്യം തീരെ ഇല്ലാത്തത് കൊണ്ടും ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ തന്നെ കയറാം എന്ന് തീരുമാനിച്ചു. അവിടെയെത്തിയപ്പോഴത്തെ കാഴ്ച, അകത്തേക്ക് കയറാന്‍ പറ്റാത്തവിധം വാതില്‍പ്പടി വരെ ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നു. ഒരുതരത്തില്‍ അകത്തെത്തി. രണ്ട് കാലും ഒന്നിച്ച് തറയില്‍ കുത്താന്‍ പറ്റാത്തവിധം വഴി നിറയെ ആളുകള്‍ തലങ്ങും വിലങ്ങും ഇരിക്കുകയും കിടക്കുകയും ചെയ്യുന്നുണ്ട്. ആരുടെയൊക്കെയോ കയ്യും കാലും തലയുമൊക്കെ ചവിട്ടി വേദനിപ്പിച്ച് കുറേ മുന്‍‌പിലേക്ക് നടന്നു. ഒരാള്‍ക്ക് മാത്രമിരിക്കാവുന്ന സീറ്റിലിരിക്കുന്ന ഒരാളെ നോക്കി ഒന്നു ചിരിച്ചു. ചിരിയിലെ ദൈന്യത സഹിക്കാന്‍ പറ്റാഞ്ഞിട്ടാവും, അയാള്‍ അല്‍‌പം അഡ്ജസ്റ്റ് ചെയ്തു, എങ്ങിനെയൊക്കെയോ ഇരുന്നൂന്ന് വരുത്തി, ഇത്രേം തിരക്കിനിടയില്‍ ഇതെങ്കിലും കിട്ടിയല്ലോന്ന് വിചാരിച്ച്, അയാള്‍ക്ക് മനസ്സാ നന്ദി പറഞ്ഞു. താഴെ കാലിന് ചുറ്റും ഒത്തിരിപ്പേര്‍ കിടപ്പുണ്ട്. തൊട്ട് പിന്നിലെ സീറ്റിന് താഴെ ചില സ്ത്രീകള്‍ ഇരിക്കുന്നു, 25 വയസ് തോന്നിക്കുന്ന ഒരു സ്ത്രീ അവിടെ തറയില്‍ കിടപ്പുണ്ട്, അടുത്തായി ഒരു കൊച്ചു പെണ്‍‌കുഞ്ഞും, രണ്ട് വയസായിട്ടുണ്ടാവും. പല തരത്തിലുള്ള ആളുകളുടെ സംഭാഷണങ്ങള്‍ കേട്ടും അവിടമാകെ വീക്ഷിച്ചുമിരുന്ന് ഒടുവില്‍ എപ്പോഴോ കയ്യിലുണ്ടായിരുന്ന ബാഗ് മടിയില്‍ വച്ച് അതില്‍ തല ചായ്ച്ച് ഉറങ്ങി.

ഒരു കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണുണര്‍ന്നത്. നേരത്തെ പറഞ്ഞ കുട്ടിയാകുമെന്ന് വിചാരിച്ച് നോക്കിയപ്പോള്‍ ഒരു പൊടിക്കൊച്ച് ആ സ്ത്രീയുടെ കയ്യിലിരുന്ന് അലറിക്കരയുന്നു. ഒരു കുപ്പിയില്‍ പച്ചവെള്ളം നിറച്ച് കുഞ്ഞിന്റെ വായില്‍ അവര്‍ വച്ച്‌ കൊടുത്തെങ്കിലും അതിന്റെ കരച്ചിലിന്റെ ഒച്ച കൂടിയതേയുള്ളൂ. അല്പ സമയമെടുത്തു കാര്യം മനസിലാകാന്‍. ആ സ്ത്രീ പിന്നിലെ സീറ്റിനടിയില്‍ വെറും നിലത്ത് ശരീരത്തില്‍ ഒരു തുണിക്കഷണം പോലുമില്ലാതെ കിടത്തിയിരിക്കുകയായിരുന്നു കഷ്ടിച്ച് ആറ് മാസം പ്രായം വരുന്ന ആ ആണ്‍‌ കുട്ടിയെ. മാസങ്ങളോളം പട്ടിണി കിടന്നൂന്ന് തോന്നും വിധം ആകെ മെലിഞ്ഞ് എല്ലും തോലും മാത്രമായിരിക്കുന്നു അവര്‍. കുഞ്ഞ് കരയുന്നത് വിശന്നിട്ടാണെന്നും പാലോ വേറെന്തെങ്കിലും ലഘു പാനീയമോ കൊടുക്കണമെന്നും അടുത്തിരുന്ന സ്ത്രീകള്‍ പറഞ്ഞു. ഇത്‌ കേട്ടയുടനെ അവര്‍ ഉറങ്ങിക്കിടന്ന ആ പെണ്‍കുട്ടിയെ ഉറക്കെയൊരടി, ഞെട്ടിയെണീറ്റിരുന്ന് വളരെ പതിഞ്ഞ ശബ്ദത്തില്‍ തേങ്ങുകയാണ്‌ അസ്ഥിപഞ്ജരമെന്ന് തോന്നിക്കുന്ന ആ കൊച്ച്‌ കുട്ടി. നായിന്റെ മോള്‌, ആകെയുണ്ടായിരുന്ന പാലും കുടിച്ച്‌ തീര്‍ത്തിട്ട്‌ കെടക്കണു എന്നിങ്ങനെ പലതും പറഞ്ഞ്‌ ആ പിഞ്ച്‌ കുഞ്ഞിനെ ഉറക്കെയുറക്കെ ശകാരിക്കുകയാണാ സ്ത്രീ. ഇത്തരം ശകാരങ്ങള്‍ എത്രയോ തവണ അനുഭവിച്ചിട്ടുണ്ടെന്ന് ആ കുഞ്ഞുതേങ്ങല്‍ വിളിച്ച്‌ പറയുന്നുണ്ടെന്ന് തോന്നി.

അവരുടെ കയ്യിലിരിക്കുന്ന പൊടിക്കൊച്ച്‌ പൂര്‍വ്വാധികം ശക്തിയോടെ കരയുകയാണ്‌. കുഞ്ഞിന്‌ കമ്പാര്‍ട്ട്‌മെന്റിനുള്ളിലെ ചൂട്‌ താങ്ങാന്‍ കഴിയുന്നുണ്ടാവില്ല എന്ന് ആരോ പറഞ്ഞു. ഇത്‌ കേട്ടിട്ടാവും അവര്‍ കുഞ്ഞിനെയെടുത്ത്‌ ആ തിക്കും തിരക്കിനുമിടയിലൂടെ വാതില്‍ വരെ നടന്നു. കുഞ്ഞ്‌ കരച്ചില്‍ നിര്‍ത്തിയില്ല, ഒടുവില്‍ അവര്‍ തിരിച്ച്‌ പഴയ സ്ഥലത്തെത്തി. വഴിയില്‍ തലയും കുനിച്ചിരുന്ന് തേങ്ങുന്ന ആ പെണ്‍കുഞ്ഞിനെ കണ്ടതും ശകാരം തുടര്‍ന്ന് കൊണ്ട് അവര്‍ അതിന്റെ മുതുകില്‍ കാലുയര്‍ത്തി ഒരു ചവിട്ട്! മുഖമുയര്‍ത്തി ആ സ്ത്രീയെ ഒന്നു നോക്കിയിട്ട് അവള്‍ തേങ്ങലടക്കി കുനിഞ്ഞിരുന്നു. എന്ത്‌ പറയണം, എന്ത്‌ ചെയ്യണം എന്നറിയാതെ ചുറ്റുമുള്ള സ്ത്രീകള്‍ അവരെത്തന്നെ നോക്കിയിരിക്കയാണ്‌.

അമ്മയുടെ സ്നേഹപൂര്‍ണ്ണമായ ലാളനയില്‍ അല്ലലൊന്നുമറിയാതെ വളര്‍ന്ന കുട്ടിക്കാലത്തെപ്പറ്റി ഓര്‍ക്കുകയായിരുന്നു ഞാന്‍. മനസാകെ അസ്വസ്ഥമായി. അവരെന്തേ ആ കൊച്ചു കുഞിനോടിങ്ങനെ ചെയ്യാന്‍? വിശന്ന് കരയുന്ന കുഞ്ഞിനെ നോക്കി നിസ്സഹയായി നില്‍ക്കേണ്ടി വന്ന അമ്മയുടെ മനോവിഷമമാണോ അങ്ങനെ ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്? മകന് കരുതിവച്ചിരുന്ന പാല്‍ കുടിച്ചു എന്ന തെറ്റിന് ഒരു പിഞ്ച് കുഞ്ഞിനോട് ഒരമ്മ ഇത്ര ക്രൂരമായി പെരുമാറുമോ? അതോ പെണ്ണായി പിറന്നതിനുള്ള ശിക്ഷയാണോ ഈ അവഗണന? ആ കുട്ടികളുടെ അച്ഛനെവിടെപ്പോയി? കുട്ടികളെ സമ്മാനിച്ച് അയാള് കടന്നു കളഞ്ഞോ? അവരുടെ ജീവിതം ഇരുട്ടിലാക്കി ഈ ലൊകത്ത് നിന്നു തന്നെ അയാള്‍ യാത്രയായോ? ദാരിദ്യത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി ദിവസങ്ങള്‍ തള്ളി നീക്കുന്ന നിരാലംബയായ, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ഒരു സ്ത്രീയുടെ ആകുലതകളുടെ ബഹിര്‍സ്ഫുരണമായിരിക്കും ഇതിനു പിന്നില്‍ എന്നൊക്കെ മനസിനെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്മുന്നില്‍ കണ്ട ആ കാഴ്ച പിന്നെയും ഏതൊക്കെയോ വഴീകളിലൂടെ മനസിനെ ഓടിച്ചു കൊണ്ടേയിരുന്നു. ഒടുവിലല്‍ തോന്നി ചിലപ്പൊള്‍ അവര്‍ക്ക് എന്തെങ്കിലും മാനസിക തകരാര്‍ ഉണ്ടായിരിക്കുമെന്ന്.

കരഞ്ഞ് തളര്‍ന്ന് ഒടുവില്‍ ആ കുഞ്ഞ് ഉറക്കമായി, അമ്മയും. ആ പെണ്‍കുട്ടിയും അമ്മയുടെ അരികില്‍ കിടപ്പായി. ഇരുന്നിടങ്ങളില്‍ തന്നെ മറ്റ് യാത്രക്കാരും ഉറങ്ങുകയാണ്. ഒടുവിലെപ്പോഴോ ഉറങ്ങിപ്പോയ ഞാന്‍ ഉണര്‍ന്നപ്പോള്‍ വണ്ടി തിരുവനന്തപുരം എത്താറായിരുന്നു. ആ സ്ത്രീ മകനെയെടുത്ത് ഇറങ്ങാന്‍ തയ്യറായിരിക്കുന്നു, പെണ്‍കുട്ടി അരികില്‍ തന്നെയുണ്ട്.

സ്റ്റേഷനിലിറങ്ങി നടക്കാന്‍ തുടങ്ങുമ്പോള്‍ മകനെ ഒക്കത്തെടുത്ത് അവര്‍ വളരെ വേഗം നടക്കുന്നത് കണ്ടു. കുറെ പുറകിലായി ആ പെണ്‍കുഞ്ഞ്, അവരുടെ ഒപ്പമെത്താന്‍ അത് ഓടുകയാണ്. അവര്‍ ആ കുട്ടിയെ ഒന്ന് തിരിഞ്ഞ് നോക്കുന്നു പോലുമില്ല. നിര്‍വികാരതയോടെ ആ കുഞ്ഞിനെ നോക്കി നിന്നു പോയി, കാഴ്ചയില്‍ നിന്ന് മറയുന്നത് വരെ. നടത്തം തുടര്‍ന്നപ്പോള്‍ തൊട്ടു മുന്നില്‍ അച്ഛന്റേയും അമ്മയുടെയും കൈ പിടിച്ച് കുസൃതിച്ചിരിയുമായി മറ്റൊരു പെണ്‍കുഞ്ഞ്, എന്തൊരു സന്തോഷമാണാ കുട്ടിയുടെ മുഖത്ത്.

രണ്ടമ്മമാര്‍, രണ്ടു പെണ്‍കുട്ടികളും! ഒരമ്മ മകളെ വാത്സല്യപൂര്‍വ്വം അണച്ചു പിടിക്കുന്നു. അമ്മയുടെ ഒപ്പമെത്താന്‍ ഓടിത്തളരുന്നു മറ്റൊരു മകള്‍.

നേരില്‍ക്കണ്ട, മനസില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തിയ ഒരു സംഭവമാണിവിടെ എഴുതിയത്.

Wednesday, 13 June 2007

ഔട്ട് ഓഫ് സിലബസ്

ആദ്യമായി ഒരു പരീക്ഷയെ നേരിടാന്‍ പോകുകയണ് മകള്‍ നന്ദ. ഓഫീസിലെ തിരക്കുകള്‍‍ക്കിടയിലും അയാളുടെ ചിന്ത മുഴുവന്‍ എല്‍ കെ ജി യില്‍ പഠിക്കുന്ന മകളുടെ പരീക്ഷയെപ്പറ്റിയായിരുന്നു. പെയിന്‍‌റ്റിംഗ് പരീക്ഷയാണ്. തലേ ദിവസം താനും ഭാര്യയും കൂടി പാഠപുസ്തകത്തില്‍ പറഞിട്ടുള്ള എല്ലാ വസ്തുക്കളുടേയും നിറങ്ങള്‍ മകളെ പഠിപ്പിച്ചതാണ്, അവളതൊക്കെ ഓര്‍ക്കുന്നുണ്ടാവുമോ? ഏത് സാധനത്തിന് നിറം കൊടുക്കാനാവും അവളോടാവശ്യപ്പെടുക? മഹാനഗരത്തിലെ തിരക്ക് പിടിച്ച ഈ ജീവിത സാഹചര്യത്തില്‍ നാലാള്‍ക്കൊപ്പം തല ഉയര്‍ത്തി നടക്കണമെങ്കില്‍ തനിക്കോ ഭാര്യക്കോ ജോലി ഉപേക്ഷിക്കാനവില്ല, വളരെയധികം അഡ്ജസ്റ്റ്മെന്റ്കള്‍ക്ക് ശേഷമാണ് ഇന്നലെ അല്പം നേരത്തെ വീട്ടിലെത്താന്‍ സാധിച്ചത്. വിസിബിള്‍ സ്പെക്ട്രത്തിലെ എല്ലാ നിറങ്ങളും ഇന്നലെ അവളുടെ തലയില്‍ കുത്തിനിറക്കുമ്പോള്‍ അനുഭവിച്ച മനസ്സാക്ഷിക്കുത്ത് വീണ്ടും അയാളുടെ മനസ്സില്‍ ഓടിയെത്തി.

മകള്‍ എത്തേണ്ട സമയമായപ്പോള്‍ അയാള്‍ വീട്ടിലേക്ക് വിളിച്ചു, ഫോണെടുത്തപാടേ മകളുടെ ശബ്ദം: അച്ഛാ, നന്ദമോള്‍ തോറ്റൂട്ടോ, ചോദ്യം ‘ഔട്ട് ഓഫ് സിലബസ്‘ ആയിരുന്നൂന്നേ. അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ തനിയേ താഴെ വീണു. എന്തൊക്കെയോ കാരണങ്ങള്‍ പറഞ്ഞ് ഹാ‍ഫ്‌ ഡേ ലീവെടുത്ത് അയാള്‍ എങ്ങിനെയോ വീട്ടിലെത്തി. മുറിക്കുള്ളില്‍ പ്ലാസ്റ്റിക് പൂമ്പാറ്റകളോട് കുശലം പറയുന്ന മകളോട് എന്താ പറയുക?


ഒടുവില്‍ അയാള്‍ ചോദിച്ചു: ഏത് സാധനത്തിന് നിറം കൊടുക്കാനാ മോളൊടവരു പറഞ്ഞേ?
അതേയ് അച്ഛാ ഈ ബ്രിഞ്ജാള്‍ എന്നുവച്ചാലെന്താ? നന്ദമോള്‍ക്കറീല്ല.
നന്ദൂസിന്റെ ടീച്ചറ് ഒന്നും പറഞ്ഞില്ലേ?
പേടിക്കനൊന്നൂല്ലച്ഛാ, സപ്ലിമെന്ററി പരീക്ഷ്യുണ്ടെന്നേ........ മൂന്നു വയസ്സുകാരിയുടെ മറുപടി. പിന്നീടൊന്നും അയാള്‍ ചോദിച്ചില്ല.

പ്രീ ഡിഗ്രീ പരീക്ഷയെഴുതുമ്പോഴാണ് താനാദ്യമാ‍യ് ‘ഔട്ട് ഓഫ് സിലബസ്‘ എന്ന് കേട്ടത്. യൂണ്വേഴ്സീറ്റി പരീക്ഷകളില്‍ അതൊരു സ്ഥിരം പരിപാടിയാണെന്ന് അന്നാണ് മനസിലായതും. സപ്ലി, ക്രിട്ടി, മേഴ്സി എന്നൊക്കെ കേട്ടതും അനുഭവിച്ചതും എന്‍‌ജിനീയറിംഗിന് പഠിച്ചപ്പോള്‍. വെറും മൂന്നു വയസ്സ് പ്രായമുള്ള ഈ കുട്ടി എത്ര നിസ്സാരമായിട്ടാണതൊക്കെ പറഞ്ഞത്? കുട്ടികളുടെ ഐ.ക്യൂ. വളരെ ഉയര്‍ന്നതു കൊണ്ടായിരിക്കും സ്കൂളുകളും ഔട്ട് ഓഫ് സിലബസ് രീതിയില്‍ അവരെ ടെസ്റ്റു ചെയ്യുന്നതെന്നും, മാനസിക പിരിമുറുക്കം കുറക്കാനായിരിക്കും സപ്ലി ഓഫര്‍ ചെയ്യുന്നതെന്നും, നാടോടുമ്പോള്‍ നടുവേ ഓടണമെന്നുമൊക്കെയുള്ള നിഗമനങ്ങളിലെത്തി തല്‍ക്കാലം അയാള്‍ തന്റെ ചിന്തകള്‍ക്ക് ഫുള്‍‌സ്റ്റോപ്പിട്ടു.

Saturday, 9 June 2007

നൊമ്പരം

നാട്ടിന്‍പുറത്തെ സര്‍ക്കാര്‍ പള്ളിക്കൂടത്തിലെ പ്രഗത്ഭയായ അധ്യാപിക ശാരദ ടീച്ചറുടെ മൂത്ത മകള്‍ - സീത, എട്ടാം ക്ലാസ്സ്‌ ബി ഡിവിഷനിലെ ശ്രദ്ധാകേന്ദ്രം, മിടുക്കിയായത്‌ കൊണ്ടല്ല, ശാരദ ടീച്ചറുടെ മകളായത്‌ കൊണ്ട്‌. അതേ ക്ലാസ്സില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രം കൂടി - പ്രമോദ്‌ - മിടുക്കനായത്‌ കൊണ്ടല്ല, വികൃതിയില്‍ മുന്‍പനായത്‌ കൊണ്ട്‌. ക്ലാസ്സില്‍ ഏറ്റവും മുന്‍പിലെ ബെഞ്ചില്‍ സീതയും കൂട്ടുകാരും, ഏറ്റവും പുറകിലെ ബെഞ്ചില്‍ പ്രമോദ്‌.

അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ അടിച്ചു നിരപ്പാക്കി ചാണകം മെഴുകിയിടുന്ന ക്ലാസ്സ്‌ റൂമിന്റെ നിലം. ഒന്നുരണ്ടു മാസം കഴിയുമ്പോഴേക്കും ചാണകപ്പാളിയൊക്കെ ഇളകി വെറും മണ്ണ്‌ മാത്രം അവശേഷിക്കും. അക്ഷരപ്പിച്ച നടക്കാനെത്തുന്ന മക്കള്‍ പൂഴി മണ്ണില്‍ കാലിന്റെ മുട്ടുവരെ ഇറക്കി വെച്ച്‌ അക്ഷരാന്നം ആര്‍ത്തിയോടെ വിഴുങ്ങും. (ഇതൊരു പതിനഞ്ച്‌ കൊല്ലം മുമ്പത്തെ കാര്യം. ഇന്ന് ഗ്രാമങ്ങളിലെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളുടെ മേല്‍ക്കൂര കോണ്‍ക്രീറ്റിനും നിലം മൊസൈക്കിനും മാര്‍ബിളിനും വഴിമാറിക്കൊടുത്തു കൊണ്ടിരിക്കുന്നു)

വീണ്ടും എട്ട്‌ ബി-യിലേക്ക്‌.

ഏറ്റവും പുറകിലെ ബെഞ്ചിലിരിക്കുന്ന പ്രമോദിന്റെ പ്രധാന വിനോദം നിലത്ത്‌ നിന്ന് കുഞ്ഞ്‌ കല്ലുകള്‍ പെറുക്കി അധ്യാപകര്‍ കാണാതെ മുമ്പിലിരിക്കുന്ന സീതക്കുട്ടിയെ എറിയുക (സീതക്ക്‌ അല്‍പം പോലും വേദനിക്കാത്ത വിധം!) എന്നതാണ്‌. ആദ്യമൊക്കെ വളരെ വിഷമം തോന്നിയെങ്കിലും അവള്‍ പ്രമോദിനോട്‌ കയര്‍ക്കാനോ അധ്യാപകരോട്‌ പരാതിപ്പെടാനോ പോയില്ല. മക്കളെ അച്ചടക്കത്തോടെ വളര്‍ത്തുന്ന ശാരദ ടീച്ചറുടെ മകള്‍ ആണ്‍കുട്ടികളോട്‌ സംസാരിച്ചാല്‍ അതൊരു വാര്‍ത്തയാകും, അമ്മയുടെ അഭിമാനത്തിന്‌ ക്ഷതമേല്‍ക്കും. അത്‌ കൊണ്ട്‌ സീത ഒക്കെ സഹിച്ചു. പിന്നെ പിന്നെ അതവള്‍ക്കൊരു രസമായി തോന്നി. എപ്പോഴൊക്കെയോ അവനോട്‌ സംസാരിക്കണമെന്ന് തോന്നിയെങ്കിലും അമ്മയുടെ ശകാരം പേടിച്ച്‌ മിണ്ടിയില്ല. ഒരു ദിവസം പ്രമോദ്‌ ക്ലാസ്സില്‍ വന്നില്ലെങ്കില്‍ അവള്‍ക്കെന്തോ ഒരു കുറവ്‌ അനുഭവപ്പെട്ട്‌ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം, ശാരദ ടീച്ചര്‍ ആദിമദ്ധ്യാന്ത്യ വര്‍ണ്ണങ്ങള്‍ ലഘുക്കള്‍ യരതങ്ങളില്‍.......... എന്നിങ്ങനെ വൃത്തശാസ്ത്രം എഴുതി ബോര്‍ഡ്‌ നിറക്കുന്നു. ക്ലാസ്സ്‌ തീര്‍ത്തും നിശ്ശബ്ദം. എറിയാന്‍ എടുത്ത കല്ലിന്‌ വലിപ്പം കൂടിയിട്ടോ, പ്രമോദിന്റെ കൈയുടെ സ്പിന്‍ മികവില്‍ ആക്കം കൂടിപ്പോയത്‌ കൊണ്ടോ എന്നറിയില്ല, പെട്ടെന്ന് സീതയുടെ കണ്ഠത്തില്‍ നിന്നും വേദന കലര്‍ന്ന ഒരു നിലവിളി! പൊതുവേ ശ്രദ്ധാകേന്ദ്രമായ അവളേയും ശാരദ ടീച്ചറെയും കുട്ടികള്‍ ആകാംക്ഷാപൂര്‍വ്വം വീക്ഷിച്ചു. കാര്യം അറിയാവുന്നവര്‍ പ്രമോദിന്‌ കിട്ടാവുന്ന ശിക്ഷയെപ്പറ്റിയും അറിയാത്തവര്‍ അമ്മ മകളെ ശിക്ഷിക്കുമോ എന്നതിനെപ്പറ്റിയും ആലോചിച്ചു.

എന്താ കുട്ടീ? ടീച്ചറുടെ പതിവ്‌ ചോദ്യം. നിറകണ്ണുകളുമായി എഴുന്നേറ്റ്‌ നിന്ന അവള്‍ക്ക്‌ എന്ത്‌ പറയണമെന്നറിയില്ലായിരുന്നു. പ്രമോദ്‌ ശിക്ഷിക്കപ്പെടണോ അതോ അമ്മയോട്‌ കള്ളം പറയണോ? അടുത്തിരുന്ന കൂട്ടുകാരി ഒടുവില്‍ കാര്യം ടീച്ചറെ അറിയിച്ചു. 'ടീച്ചറമ്മയുടെ' ചൂരല്‍ അവന്റെ കൈയിലും തുടയിലും അമരുമ്പോള്‍ തനിക്ക്‌ ചെറിയൊരു വേദന താങ്ങാനോ അമ്മയോടൊരു കള്ളം പറയാനോ പറ്റാത്തതില്‍ അവള്‍ വിങ്ങി. ടീച്ചര്‍ വൃത്തശാസ്ത്രം തുടരുമ്പോള്‍ അവളുടെ മനസ്സ്‌ നൊമ്പരങ്ങളുടെ തത്ത്വശാസ്ത്രം മെനയുകയായിരുന്നു. പിന്നീടൊരിക്കലും പ്രമോദ്‌ അവളെ എറിഞ്ഞില്ല.അവനോടൊരു വാക്കു പറയാനോ സാന്ത്വനിപ്പിക്കാനോ പോലും കഴിയാത്ത വിധം അവള്‍ക്ക്‌ ചുറ്റുമുണ്ടായിരുന്ന വേലിക്കെട്ടുകള്‍ വന്മതിലുകളായി വളര്‍ന്നിരുന്നു.

സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ്‌ നഗരത്തിലെ പ്രശസ്ത കലായത്തില്‍ പഠനം തുടര്‍ന്നപ്പോഴും മറ്റൊരു കലാലയത്തില്‍ അധ്യാപികയായി നഗര ജീവിതത്തിലേക്ക്‌ ചേക്കേറിയപ്പോഴും അവന്‍ എവിടെയാണെന്നോ പത്താം ക്ലാസ്സ്‌ കഴിഞ്ഞ്‌ എന്ത്‌ ചെയ്തുവെന്നോ അറിയില്ലായിരുന്നെങ്കിലും സീതയുടെ മനസ്സില്‍ അന്ന് നെയ്ത നൊമ്പരം ആരുമറിയാതെ ഒളിഞ്ഞു കിടന്നിരുന്നു.

ഒരു ദിവസം വൈകുന്നേരം വീട്ടിലേക്ക്‌ മടങ്ങുമ്പോള്‍ ബസ്സില്‍ അവളുടെ സീറ്റിനരികില്‍ വന്ന് ഒരു യുവാവ്‌ ചോദിച്ചു: ശാരദ ടീച്ചറുടെ മകള്‍ സീതയല്ലേ? അതെ എന്നവള്‍ പറഞ്ഞപ്പോള്‍, എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ സ്കൂളില്‍ സീതയുടെ ക്ലാസ്സില്‍ പഠിച്ചിരുന്ന പ്രമോദ്‌ ആണ്‌. അത്‌ കേട്ടപ്പോഴുണ്ടായ അമ്പരപ്പില്‍ പിന്നീടുള്ള അവന്റെ ചോദ്യങ്ങള്‍ക്ക്‌ അവള്‍ യാന്ത്രികമായി മറുപടി പറഞ്ഞു. താന്‍ യൂണിവേഴ്സിറ്റി കോളജില്‍ ബിരുദത്തിന്‌ പഠിക്കുകയാണെന്നവനും പറഞ്ഞു. അവനിത്ര കാലം എവിടെയായിരുന്നുവെന്നും ബിരുദപഠനം ഇത്ര വൈകിയതെന്തെന്നുമൊക്കെ ചോദിക്കണമെന്നും അന്ന് അമ്മ തല്ലിയതിന്‌ മാപ്പ്‌ പറയണമെന്നുമൊക്കെ അവള്‍ക്കുണ്ടായിരുന്നുവെങ്കിലും ബസ്സില്‍ തിരക്കേറിയത്‌ കാരണം സാധിച്ചില്ല.

ഒരു നാല്‍ക്കവലയിലിറങ്ങി ഒരു ബസ്സു കൂടി കയറണം സീതക്ക്‌ വീട്ടിലെത്താന്‍. അവനോട്‌ യാത്ര പറഞ്ഞ്‌ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ താനും അവിടെയിറങ്ങുകയാണെന്നും ഒരു ബന്ധു വീട്ടില്‍ പൊകുകയാണെന്നും പറഞ്ഞ്‌ പ്രമോദും കൂടെയിറങ്ങി. ബസ്സ്‌ സ്റ്റോപ്പിലെ പൂക്കടയില്‍ നിന്ന് അയാള്‍ കുറേ മുല്ലമൊട്ടും, അരളിപ്പൂവും, ദര്‍ഭപ്പുല്ലും, ഒരു താമരപ്പൂവും ഒന്നുരണ്ട്‌ റോസാപ്പൂക്കളും വാങ്ങി. അടുത്ത്‌ നിന്ന അവളോട്‌ സീതക്ക്‌ ചൂടാന്‍ പൂവ്‌ വേണോ എന്നവന്‍ ചോദിച്ചു. എന്ത്‌ പറയണം എന്നാലോചിച്ചു നിന്ന അവളുടെ ഉത്തരത്തിന്‌ കാത്തു നില്‍ക്കാതെ ബന്ധുവിന്റെ വീട്ടില്‍ ഒരു പൂജയുണ്ടെന്നും അതിനുടനെ എത്തണമെന്നും പറഞ്ഞ്‌ അവന്‍ നടന്നു. വീട്ടിലേക്കുള്ള ബസ്സില്‍ കയറി യാത്ര തുടരുമ്പോള്‍ സീതയുടെ മനസ്സിനെ അന്നത്തെ കല്ലേറിന്റെ കുഞ്ഞ്‌ വേദനയും തദ്വാര പ്രമോദിനുണ്ടായ തീവ്ര വേദനയും നൊമ്പരപ്പെടുത്തിക്കൊണ്ടിരുന്നു.

അമ്മയോട്‌ പ്രമോദിനെ കണ്ട കാര്യം പറയണമെന്ന് കരുതിയതാണെങ്കിലും എന്തേ മോള്‍ക്കൊരു വല്ലായ്ക എന്ന് അമ്മ പലതവണ ചോദിച്ചിട്ടും എന്ത്‌ കൊണ്ടോ അവളത്‌ പറഞ്ഞില്ല.

പിറ്റേ ദിവസം പത്രത്തിന്റെ മുന്‍പേജില്‍ ഒരു വാര്‍ത്ത: യുവാവും കാമുകിയും വിഷം കഴിച്ചു മരിച്ചു, കാമുകിയുടെ വീടിന്റെ ടെറസ്സില്‍. ഫോട്ടോ കണ്ട്‌ സീത ഞെട്ടി, അതവനായിരുന്നു, പ്രമോദ്‌! പത്രവുമെടുത്തവള്‍ അമ്മയുടെ അടുത്തേക്കോടി. പഴയ വിദ്യാര്‍ത്ഥിയെ ശാരദ ടീച്ചര്‍ തിരിച്ചറിഞ്ഞു. തന്റെ ഒരു വിദ്യാര്‍ത്ഥിയുടെ ദുരന്തത്തില്‍ മനം നൊന്തോ, അന്ന് തല്ലിയതില്‍ വിഷമം തോന്നീട്ടോ, അറിയില്ല, ആയമ്മയുടെ കണ്ണുകളും ഈറനണിഞ്ഞു. ഇനിയൊരിക്കലും അവനോട്‌ മാപ്പ്‌ പറയാനാവില്ലെന്നും സാന്ത്വനത്തിന്റെ ഒരു കുഞ്ഞ്‌ തൂവല്‍ അവന്‌ സമ്മാനിക്കാനാവില്ലെന്നുമുള്ള തിരിച്ചറിവില്‍ അമ്മയുടെ അടുത്തിരിക്കുന്ന സീത ഒരു ചോദ്യത്തിനുത്തരം കണ്ടേത്താന്‍ ശ്രമിക്കുകയാണ്‌, അവന്‍ ഏത്‌ പൂജക്ക്‌ വേണ്ടിയാണ്‌ ആ പൂക്കള്‍ വാങ്ങിയത്‌? പ്രണയിനിക്ക്‌ സമ്മാനിക്കാനോ? വരണമാല്യമായ്‌ ചാര്‍ത്തുവാനോ? ചിതയില്‍ വച്ചെരിക്കാനോ? ബലിപൂജക്ക്‌ വേണ്ടിയോ?

പ്രീയപ്പെട്ട പ്രമോദ്‌, എന്റെ ഉള്ളിലെ അസ്വസ്ഥ പൂന്തോട്ടത്തില്‍ നിന്നും ഈ നൊമ്പരപ്പൂക്കള്‍ ഇറുത്തെടുത്തത്‌ നിനക്ക്‌ അര്‍പ്പിക്കാന്‍ വേണ്ടിയാണ്‌.
മാപ്പിനായ്‌ കേണുകൊണ്ട്‌ - സീതക്കുട്ടി.

Monday, 4 June 2007

സാങ്കേതിക രംഗത്തെ ഗവേഷണം - കേരളത്തില്‍

വളരെ പ്രഗത്ഭനായ ഒരു വിദേശ ഗവേഷകന്‍ വര്‍ഷങ്ങള്‍ പ്രയത്നിച്ച് ഒരു പുതിയ തിയറി രൂപപ്പെടുത്തി. അത് നിരവധി സാങ്കേതിക പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വന്നു.

അങ്ങനെയിരിക്കുമ്പോള്‍ ദാ വരുന്നു ഒരു മലയാളി സാങ്കേതിക വിദഗ്ദ്ധന്‍. അദ്ദേഹത്തിനും ഗവേഷണം ചെയ്യണം, ഏത് യൂണിവേഴ്സിറ്റിയിലും ഏത് വിഷയത്തിലും ഗവേഷണം ചെയ്യാന്‍ തയ്യാര്‍, സ്വന്തം പേരിനു മുന്‍പില്‍ ചേര്‍ക്കാന്‍ ഒരു ഡോ. കിട്ടണം എന്നു മാത്രം.

നിയമാവലികള്‍ ഏറ്റവും ചുരുങ്ങിയ ഒരു യൂണിവേഴ്സിറ്റി (മുറിമൂക്കന്‍ രാജ്യത്തെ മൂക്കില്ലാ രാജാവ്!)കണ്ടുപിടിച്ച് അവിടെ അദ്ദേഹം ഗവേഷണം ആരംഭിച്ചു. കുറ്റം പറയരുതല്ലോ, ഏറ്റവും മികച്ച ചില സാങ്കേതിക പ്രസിദ്ധീകരണങ്ങള്‍ തപ്പി നോക്കി. ഭാഗ്യം എന്നു തന്നെ പറയാം, ആദ്യം പറഞ്ഞ വിദേശ ഗവേഷകന്റെ തിയറി കണ്ണില്‍പെട്ടു. സംഗതി കൊള്ളാം, ഒന്നു ശ്രമിച്ചാലോ? തലച്ചോറിലേക്ക് എസ്കോട്ടെല്ലിന്റെ പരസ്യം പാഞ്ഞു കയറി, ആന്‍ ഐഡിയ കാന്‍ ചെയ്ഞ്‌ജ് യുവര്‍ ലൈഫ്!

പ്രസിദ്ധീകരിക്കപ്പെട്ട ആ മഹത്തായ തിയറിയെ നമുക്ക് a + b = c എന്ന് വിളിക്കാം.
നമ്മുടെ മലയാളി ഗവേഷകന്‍ ‘അത്യദ്ധ്വാനം’ ചെയ്ത് അതിനെ ഇപ്രകാരം രൂപാന്തരപ്പെടുത്തി.

a + b = c

therefore, b + a = c

this implies k(b + a) =k c

which gives b + a = c

so, a + b = c !!!!!


അദ്ദേഹം ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു. യൂണിവേഴ്സിറ്റിയിലെ മഹാന്മാരായ പരിശോധകര്‍ പ്രബന്ധം വിലയിരുത്തി, വലിയ കുഴപ്പങ്ങളൊന്നും ചൂണ്ടിക്കാണിക്കപ്പെട്ടില്ല. ആകെ ഒരു ‘പോരായ്മ’യായി കണ്ടുപിടിച്ചത് ‘സൂചനകള്‍’ ieee ഫോര്‍മാറ്റിലല്ല എന്നതായിരുന്നു. ഗവേഷകന്‍ വളരെ വേഗം അത് ശരിയാക്കി.

അവസാന കടമ്പ - പ്രബന്ധാവതരണം - സാങ്കേതിക രംഗത്തെ വിദഗ്ദ്ധരുടെ മുന്നില്‍
അവതരണത്തിനു ശേഷം - തുറന്ന ചര്‍ച്ച
ഒരു വിദഗ്ദ്ധന്‍ - ഈ തിയറിക്ക് നിങ്ങളുടെ സംഭാവന എന്ത്?
ഉത്തരം - 'k' എന്ന multiplication factor ഉള്‍പ്പെടുത്തി - വിദഗ്ദ്ധന് തൃപ്തി
അടുത്ത വിദഗ്ദ്ധന്‍ - ഈ ഗവേഷണ ഫലത്തിന്റെ ഉപയോഗങ്ങള്‍?
ഉത്തരം - k ക്ക് ഏത് വിലയും കൊടുക്കാം, അത് കൊണ്ട് എത് മേഖലയിലും ഈ തിയറി ഉപയോഗിക്കാം - വളരെ നന്നായി, വിദഗ്ദ്ധന്റെ കോമ്പ്ലിമെന്റ്

ഈ ചടങ്ങിന് ശേഷം ഗവേഷകന്‍ മേല്‍പ്പറഞ്ഞ പരിശോധകരേയും വിദഗ്ദ്ധരേയും നഗരത്തിലെ സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചു. അവിടെ പതിവ് ‘കലാപരിപാടികള്‍’, പോക്കറ്റ് മണി, ...
ഗവേഷകന് ഡോ. നല്‍കാ‍ന്‍ യൂണിവേഴ്സിറ്റിക്ക് ശുപാര്‍ശ ചെയ്ത്, സ്വരാജ്യത്തിന് ഒരു കഴിവുറ്റ ഡോ. യെക്കൂടി സംഭാവന ചെയ്തതിന്റെ സംതൃപ്തിയില്‍ അവര്‍ മടങ്ങി.

ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പത്രസമ്മേളനം നടത്തി യൂണിവേഴ്സിറ്റി ഈ മഹത്ക്കാര്യം നാട്ടുകാരെ അറിയിച്ചു.

സുഹൃത്തുക്കളേ,
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ സാങ്കേതിക മേഖലയില്‍ നടക്കുന്ന ഗവേഷങ്ങളുടെ ദുഃഖകരമായ അവസ്ഥയാണ് മുകളില്‍ സൂചിപ്പിച്ചത്. മറ്റാരുടെയെങ്കിലും ഗവേഷണ ഫലങ്ങളില്‍ അല്പം വ്യത്യാസം വരുത്തി ഡിഗ്രി സമ്പാദിക്കുന്ന ഗവേഷണ സംസ്ക്കാരം നല്ലതോ? സാമൂഹിക പ്രതിബദ്ധത നമ്മുടെ ഗവേഷകര്‍ക്ക് അന്യമാകുന്നോ? ലോക പുരോഗതിക്കുതകുന്ന തരത്തില്‍ തനിമയുള്ള ഗവേഷണം ചെയ്യാന്‍ നമുക്കാവില്ലേ?
നിങ്ങള്‍ക്കെന്ത് തോന്നുന്നു?

(സാങ്കേതിക രംഗത്ത് നടക്കുന്ന ഗവേഷണമാണ് ഇവിടെ പ്രതിപാദ്യം, ശാസ്ത്ര സാഹിത്യാദി മേഖലകളില്‍ കഴമ്പുള്ള ഗവേഷണം കേരളത്തിലെ പല യൂണിവേഴ്സിറ്റികളിലും നടക്കുന്നുണ്ട്.)